Tuesday, January 26, 2010

ബോഡിഗാര്‍ഡ്‌കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: സിദ്ധിക്‌
നിര്‍മ്മാണം: ജോണി സാഗരിക
സംഗീതം: ഔസേപ്പച്ചന്‍
അഭിനേതാക്കള്‍: ദിലീപ്‌, നയന്‍ താര, ത്യാഗരാജന്‍, ഗിന്നസ്‌ പക്രു, ഹരിശ്രീ അശോകന്‍

വളരെ വിരസമായ രീതിയില്‍ തുടങ്ങിയ കഥ, അവസാനം വരെ കാര്യമായ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നു എന്നതാണ്‌ ഇ സിനിമയുടെ പ്രത്യേകത. അച്ഛനമ്മമാരുടെ ആഗ്രഹത്തിനനുസരിച്ച്‌ വളരാന്‍ കഴിയാതിരുന്ന കുട്ടി, മറ്റുള്ളവര്‍ക്ക്‌ ഭയം തോന്നുന്ന കാര്യങ്ങളില്‍ ആകൃഷ്ടനായി ആ വഴികളില്‍ സഞ്ചരിച്ച്‌ 'ഗുണ്ടയ്ക്ക്‌ പഠിച്ച്‌ ഒരു ബോഡിഗാര്‍ഡ്‌ (ജയകൃഷ്നന്‍ - ദിലീപ്‌) ആയിത്തീരുന്നു... പിന്നീട്‌ അശോകേട്ടണ്റ്റെ ബോഡിഗാര്‍ഡ്‌ ആവണമെന്ന മോഹവുമായി ചെന്ന്‌ അവിചാരിതമയി (പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നപോലെ) അശോകേട്ടണ്റ്റെയും വീട്ടുകാരുടെയും രക്ഷകനാകുകയും ബോഡിഗാര്‍ഡ്‌ ആവുകയും ചെയ്യുന്നു. പിന്നീട്‌ അശോകേട്ടണ്റ്റെ മകള്‍ അമ്മു (നയന്‍ താര) വിണ്റ്റെ ബോഡിഗാര്‍ഡ്‌ ആയി കോളേജില്‍ പോകുന്നു (ആ കോളേജില്‍ തന്നെ അതേ സബ്ജക്റ്റും ക്ളാസ്സിലും അഡ്മിഷന്‍ വാങ്ങി). [എന്തൊരു അവിചാരികതയും പ്രായോഗികകവുമായ കാര്യം എന്ന്‌ ഒട്ടും സംശയിക്കരുത്‌).

കുറേ വിഡ്ഢിവേഷവും കോമാളിത്തരങ്ങളുമെല്ലാം ആ പാവം ബോഡിഗാര്‍ഡിനെക്കൊണ്ട്‌ കാണിച്ച്‌ പ്രേക്ഷകരെ വെറുപ്പിക്കാവുന്നതിണ്റ്റെ പരമാവധി ചെയ്യാന്‍ സംവിധായകനായി. പിന്നീട്‌ ഈ ബോഡിഗാര്‍ഡിണ്റ്റെ ശല്ല്യം ഒഴിവാക്കാന്‍ അമ്മു ചെയ്യുന്ന കുസൃതികള്‍ (എന്ന് സംവിധായകന്‌ പറയാം... അതൊക്കെ സമ്മതിക്കുന്ന പ്രേക്ഷകണ്റ്റെ മനോബലം.. ഹോ....) ആണ്‌ കുറേ നേരം ഈ സിനിമയെ മുന്നോട്ട്‌ വലിച്ച്‌ ഇഴയ്ക്കുന്നത്‌. അതിലൊരു അവസാന നമ്പറായ കാമുകിയാണെന്ന വ്യാജേന ശബ്ദം മാറ്റി ഫോണ്‍ ചെയ്ത്‌ കബളിപ്പിച്ച്‌ കബളിപ്പിച്ച്‌ ആ പ്രേമത്തെ വെള്ളമൊഴിച്ച്‌ വളമിട്ട്‌ വളര്‍ത്തി മൊട്ടിട്ട്‌ വിരിയിപ്പിച്ചെടുത്ത്‌ അവസാനം മണ്ണും ചാരി നോക്കി നിന്ന ഒരുത്തി അടിച്ചുകൊണ്ട്‌ പോയിട്ട്‌ 'കുച്ച്‌ കുച്ച്‌ ഹോത്താ ഹേ...' യില്‍ കൊണ്ടെത്തിച്ച്‌ ഒരുകണക്കിന്‌ അവസാനിപ്പിച്ചെടുത്തപ്പോളാണ്‌ സംവിധായനെപ്പോലെത്തന്നെ പ്രേക്ഷകരും ശ്വാസം വിട്ടത്‌.

ലോജിക്കലായ ചിന്തകള്‍ സിനിമയ്ക്ക്‌ ആവശ്യമേയില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുക എന്നതും ഈ സിനിമയുടെ നിയോഗമാകാം. ആദ്യമൊക്കെ ശബ്ദം മാറ്റി സംസാരിച്ച്‌ ബോഡിഗാര്‍ഡിനെ കബളിപ്പിച്ച്‌ കുറേ കഴിഞ്ഞപ്പോള്‍ ഈ ശബ്ദം മാറ്റി സംസാരിക്കേണ്ട കാര്യമില്ലെന്ന് സംവിധായകന്‍ നായികയോട്‌ പറഞ്ഞിട്ടുണ്ടാകും... കാരണം, പ്രേക്ഷകര്‍ അവരുടെ ടെലഫോണ്‍ പ്രണയത്തിണ്റ്റെ ദിവ്യതയില്‍ സ്വയം മറന്ന് അലിഞ്ഞ്‌ ബോധം നശിച്ചിട്ടുണ്ടാകും എന്ന ധാരണയാകാം കാരണം.

തല തെറിച്ച പയ്യന്‍, ഇടയ്ക്ക്‌ വച്ച്‌ കോളേജ്‌ പഠിപ്പ്‌ നിര്‍ത്തുമ്പോഴും റാങ്ക്‌ കിട്ടാന്‍ സാദ്ധ്യതയുള്ള ലെവലില്‍ മാര്‍ക്കുണ്ടായിരുന്നു എന്നത്‌ വളരെ കേമമായി. ബോഡിഗാര്‍ഡിനെക്കൊണ്ട്‌ കോളേജിനെ ലഹരിവിരുദ്ധമാക്കിയ ഉടനെ ഇനി തണ്റ്റെ സംരക്ഷണയില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ പഠിപ്പിലും ശ്രദ്ധിക്കണമെന്ന അദ്ധ്യാപകരുടെ ഉപദേശം ശിരസ്സാ വഹിച്ച്‌ അവരെ പഠിപ്പിച്ച്‌ കേമിമാരാക്കാന്‍ പുസ്തകവും വടിയും കൊണ്ട്‌ നടക്കുന്നതും ആ മാടപ്രാവുകള്‍ അത്‌ അനുസരിക്കുന്നതും കണ്ട്‌ കൈത്തരിപ്പും അലര്‍ജിയും തോന്നുന്നത്‌ പ്രേക്ഷകണ്റ്റെ കുഴപ്പമാകാനും മതി.

അവസാനം, കുട്ടിക്ക്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം പുസ്തകം എത്തിച്ച്‌ കൊടുത്ത്‌ കുച്ച്‌ കുച്ച്‌ ഹോത്താ ഹേ ആവര്‍ത്തിക്കുമ്പോള്‍ സംവിധായകന്‌ ഒട്ടും ലജ്ജ തോന്നിയില്ല.. കാരണം, പെണ്‍കുട്ടിക്ക്‌ പകരം ആണ്‍കുട്ടിയെയല്ലേ ഈ സിനിമയില്‍ ഉപയോഗിച്ചത്‌...

ഗാനങ്ങള്‍ പൊതുവേ മോശം നിലവാരമായി തോന്നി.

ഗിന്നസ്‌ പക്രുവും ഹരിശ്രീ അശോകനും കുറച്ച്‌ (വളരെ കുറച്ച്‌) സമയം ചിരിപ്പിച്ചു എന്ന് പറയാം.

സിദ്ധിക്ക്‌-ലാല്‍ കോമ്പിനേഷനില്‍ പണ്ട്‌ നമ്മള്‍ ആസ്വദിച്ച നിലവാരത്തിലുള്ള ഡയലോഗുകള്‍ അധികമൊന്നും കൊണ്ടുവരാനോ അതേ നിലവാരം നിലനിര്‍ത്താനോ കഴിഞ്ഞിട്ടില്ല.

അവിടവിടെയായി ചില സന്ദര്‍ഭങ്ങളില്‍ വൈകാരികതയും പ്രേമത്തിണ്റ്റെ ചില സ്പന്ദനങ്ങളും സ്പര്‍ശങ്ങളും സൃഷ്ടിക്കാനായി എന്നതാണ്‌ ആകെ ഉള്ള ഒരു നല്ല ഘടകം. നയന്‍ താരയെ കണ്ടിരിക്കാന്‍ കൊള്ളാം.. ചില സീനുകളില്‍ അല്‍പം അസഹനീയത തോന്നുമെങ്കിലും അഡ്ജസ്റ്റ്‌ ചെയ്യാം...

ഒട്ടും പ്രതീക്ഷയോടെയല്ല പോയതെങ്കിലും നിരാശപ്പെടുത്തിയ സിനിമ എന്നേ ഇതിനെക്കുറിച്ച്‌ പൊതുവേ പറായാനുള്ളൂ..