Saturday, December 11, 2010

ബെസ്റ്റ്‌ ആക്ടര്‍കഥ, സംവിധാനം: മാര്‍ട്ടിന്‍ പ്രക്കാട്ട്‌
തിരക്കഥ, സംഭാഷണം: മാര്‍ട്ടിന്‍ പ്രക്കാട്ട്‌, ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: നൌഷാദ്‌

നിനിമാ അഭിനയ മോഹം തീവ്രമായി കൊണ്ടുനടക്കുന്നു ഒരു പ്രൈമറി സ്കൂള്‍ അദ്ധ്യാപകന്‍ മോഹനന്‍ (ശ്രീ മമ്മൂട്ടി). വിഷുവിനും ഓണത്തിനുമൊന്നും ഭാര്യയോടും മകനോടും സമയം ചെലവഴിക്കാതെ ഏതെങ്കിലും സംവിധായകരെ വീട്ടില്‍ ചെന്ന്‌ സന്ദര്‍ശിക്കുന്നതിലൂടെ ഇദ്ദേഹത്തിണ്റ്റെ അഭിനയ താല്‍പര്യം വളരെ പ്രാധാന്യമുള്ളതാണെന്ന്‌ ബോദ്ധ്യപ്പെടുന്നു.

കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ (സുകുമാരി) വളര്‍ത്തിയ കുട്ടിയാണ്‌ മോഹനണ്റ്റെ ഭാര്യ (ശ്രുതി കൃഷ്ണന്‍). ഈ സിസ്റ്റര്‍ ഉള്‍പ്പെടെ പലരും ഇദ്ദേഹത്തിണ്റ്റെ അഭിനയമോഹത്തിണ്റ്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, നാട്ടിലുള്ള പലരും ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഒരിക്കല്‍, തണ്റ്റെ സ്കൂളില്‍ നടക്കുന്ന ഒരു ഷൂട്ടിംഗ്‌ സെറ്റില്‍ വെച്ച്‌ ചാന്‍സ്‌ കിട്ടാതെ നാട്ടുകാരുടെ മുന്നില്‍ അപമാനിതനാകുന്ന ഇദ്ദേഹം, ഒന്നുകില്‍ അഭിനയം അല്ലെങ്കില്‍ ജീവിതം എന്ന്‌ തീര്‍ച്ചപ്പെടുത്തുന്നു. പട്ടണത്തിലെ ഫ്ളാറ്റില്‍ താമസിക്കുന്ന തണ്റ്റെ പഴയ പരിചയക്കാരനായ അസോസിയേറ്റ്‌ ഡയറക്റ്ററെ തേടി ചെല്ലുന്ന ഇദ്ദേഹം അവീടെയുള്ള മലയാളസിനിമയുടെ സൃഷ്ടികളുടെ പുതിയ തലമുറയെ അഭിമുഖീകരിക്കേണ്ടിവരികയും അവരുടെ അവഹേളനകള്‍ക്ക്‌ പാത്രമാകുകയും ചെയ്യുന്നു.

ഇദ്ദേഹത്തിണ്റ്റെ ഇപ്പോഴത്തെ പാവത്താന്‍ സ്വഭാവവും രൂപവും തങ്ങളുടെ പ്ളാന്‍ ചെയ്യുന്ന വയലന്‍സ്‌ ചിത്രത്തിന്‌ ഒട്ടും ചേരുന്നില്ല എന്ന കാരണത്താല്‍ ചാന്‍സ്‌ കൊടുക്കാതെ ഒഴിവാക്കപ്പെടുന്നു. ആ ചെറുപ്പക്കാര്‍ വിവേക്‌ ഒബ്രോയ്‌ എന്ന ബോളിവുഡ്‌ ആക്ടര്‍ എങ്ങനെ വളര്‍ന്നു എന്നതിണ്റ്റെ ഒരു വിവരണം കൊടുക്കുകയും നിരവധി പേര്‍ ഇതുപോലെ ജീവിതാനുഭവങ്ങള്‍ക്കായി ചെയ്ത ത്യാഗങ്ങള്‍ കൊണ്ടാണ്‌ ഇന്ന്‌ വലിയ അഭിനേതാക്കളായി തീര്‍ന്നതെന്ന്‌ സ്ഥാപിക്കുകയും ചെയ്യുന്നു.

തുടര്‍ന്ന്‌ നാട്‌ വിട്ട്‌ പോകുന്ന മോഹനന്‍ ജീവിതാനുഭവങ്ങള്‍ക്കായി പുതിയ ലോകത്തേക്ക്‌ പ്രവേശിക്കുകയും അവിടെ തണ്റ്റെ സ്ഥാനം നേടിയെടുക്കുകയും അഭിനയമോഹങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. ഇതിന്നിടയില്‍ ഉണ്ടാകുന്ന സംഭവപരമ്പരകളും അനുഭവങ്ങളുമാണ്‌ ബെസ്റ്റ്‌ ആക്റ്റര്‍ എന്ന ചിത്രത്തിലെ ഉള്ളടക്കം.

എത്ര ചെറിയ വേഷമായിരുന്നാലും ഓരോ ചെറിയ കഥാപാത്രങ്ങള്‍ക്കുപോലും ഒരു വ്യക്തിത്വവും മനസ്സില്‍ നിലനില്‍ക്കുന്ന സന്ദര്‍ഭങ്ങളും സൃഷ്ടിക്കുകയും അവരുടെ അഭിനയം മികച്ചതാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്‌ ഈ സിനിമയില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ മാര്‍ട്ടിണ്റ്റെ വിജയം.

നാട്ടിലെ മോഹനണ്റ്റെ സുഹൃത്തുക്കളായ ബിജുക്കുട്ടന്‍, ഫോട്ടോഗ്രാഫര്‍ എന്നിവരും പട്ടണത്തിലെ ഫ്ളാറ്റില്‍ മോഹനന്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെയുള്ള ചെറുപ്പക്കാര്‍, മോഹനന്‍ ചെന്നെത്തുന്ന ഗ്യാങ്ങിലുള്ള ലാല്‍, സലിം കുമാര്‍, നെടുമുടിവേണു, വിനായകന്‍ തുടങ്ങിയ എല്ലാവരും തന്നെ തങ്ങളുടെ രംഗങ്ങള്‍ ഭംഗിയായി ചെയ്തു. ശ്രുതി കൃഷ്ണന്‍ എന്ന പുതുമുഖ നടി അത്ര നന്നായി എന്നൊന്നും പറയാനില്ലെങ്കിലും വെറുപ്പിച്ചില്ല എന്നത്‌ തന്നെ വലിയ കാര്യം.

മൂന്ന്‌ നാല്‌ സീനുകളില്‍ ഉണ്ടായ നാടകീയതകള്‍ ഒഴിച്ചാല്‍ വളരെ ഭദ്രവും കെട്ടുറപ്പുള്ളതുമായ തിരക്കഥയും, സ്വാഭാവികവും രസകരവും അതിനോട്‌ ചേര്‍ന്ന്‌ പോകുന്നതുമായ സംഭാഷണങ്ങളുമായി മാര്‍ട്ടിനും ബിപിന്‍ ചന്ദ്രനും അഭിനന്ദനമര്‍ഹിക്കുന്ന ജോലി ചെയ്തിരിക്കുന്നു.

ഗാനങ്ങള്‍ കഥയുടെ ഒഴുക്കിനെയും പുരോഗതിയെയും കാണിക്കാന്‍ ഉപയോഗിക്കുക എന്നത്‌ ശരിയായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഒരു പാട്ടൊഴികെ ബാക്കിയൊന്നും അത്ര വളരെ മികച്ചതായൊന്നും പറയാനില്ല.

മമ്മൂട്ടി എന്ന നടന്‍ തണ്റ്റെ റോള്‍ വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.

'രബ്‌ നേ ബനായാ ജോഡി' എന്ന ഹിന്ദി സിനിമയുടേയും 'ഉദയനാണ്‌ താരം' എന്ന മലയാളം സിനിമയുടേയും ചില ആശങ്ങളുടെ സ്വാധീനം ഈ ചിത്രത്തില്‍ ചിലസന്ദര്‍ഭങ്ങളില്‍ തോന്നിയിരുന്നു.

കഥാ സന്ദര്‍ഭങ്ങളിലും ചെറിയ ബലക്കുറവ്‌ അനുഭവപ്പെടുന്ന ഭാഗങ്ങളുണ്ട്‌. നാട്ടില്‍ നിന്ന് അഭിനയമോഹവുമായി പുറപ്പെടുന്ന മോഹനന്‍ ഭാര്യയോടും കുട്ടിയോടും അധികം ബന്ധപ്പെടാതിരിക്കുകയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഭാര്യയുടെ തീരുമാനം ഒരല്‍പ്പം ചേര്‍ച്ചക്കുറവുള്ളതായി തോന്നി.

ഒരു സിനിമാഷൂട്ടിംഗ്‌ രംഗത്ത്‌ മാഫിയാ ശശിയേയും സഹപ്രവര്‍ത്തകരേയും 'ഗായ്‌ ഫാല്‍ത്തൂ ജാന്‍ വര്‍ ഹേ..' തുടങ്ങിയ ഹിന്ദി ഡയലൊഗുകളും കളിത്തോക്കുമായി മോഹനന്‍ വിരട്ടുന്ന രംഗം തമാശയായി കണ്ടിരിക്കാന്‍ കൊള്ളാം.

ശ്രീജിത്ത്‌ രവി കൂടെ കൊണ്ടുവരുന്ന തടിമാടന്‍മാരായ ഗുണ്ടകളെ മോഹനന്‍ നേരിടുമ്പോള്‍ അതിലെ ഏറ്റവും ഭീമാകാരനായ ആളെ ഒരൊറ്റ ഇടിക്ക്‌ ശേഷം അപ്രത്യക്ഷനാക്കിയത്‌ സംവിധായകണ്റ്റെ മിടുക്കായി കാണാം. അയാളെ ഇടിച്ച്‌ തോല്‍പ്പിക്കുക എന്നത്‌ അത്ര സ്വാഭാവികമായി നടപ്പിലാക്കാനാവുന്ന ഒന്നല്ല എന്ന് അദ്ദേഹത്തിനുണ്ടായ നല്ല വിവേകം.

കുറച്ച്‌ കൂടി സെണ്റ്റിമെണ്റ്റല്‍ വാല്യൂ കൊടുക്കാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും അത്‌ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനായിട്ടില്ല എന്നതും മറ്റൊരു ന്യൂനതയാണ്‌.

പൊതുവേ പറഞ്ഞാല്‍, പ്രേക്ഷകര്‍ക്ക്‌ അധികം കല്ലുകടികളും അസ്വാഭാവികതകളും തോന്നാതെ, കുറേ ആസ്വാദന അവസരങ്ങളും രസകരമായ സന്ദര്‍ഭങ്ങളും കൊണ്ട്‌ ഒരു വിധം ഭംഗിയായി നിര്‍മ്മിച്ച്‌ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമയാകുന്നു 'ബെസ്റ്റ്‌ ആക്ടര്‍' എന്നത്‌ നിസ്സംശയം പറയാം.

ഭാവിയിലും മാര്‍ട്ടിന്‍ പ്രക്കാട്ടിന്‌ ഇതിലും നല്ല സിനിമകള്‍ മലയാള സിനിമയ്ക്ക്‌ സംഭാവനചെയ്യാനാവട്ടെ എന്ന് ആശംസിക്കുന്നു.

Rating: 5.5 / 10

3 comments:

സൂര്യോദയം said...

പ്രേക്ഷകര്‍ക്ക്‌ അധികം കല്ലുകടികളും അസ്വാഭാവികതകളും തോന്നാതെ, കുറേ ആസ്വാദന അവസരങ്ങളും രസകരമായ സന്ദര്‍ഭങ്ങളും കൊണ്ട്‌ ഒരു വിധം ഭംഗിയായി നിര്‍മ്മിച്ച്‌ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമയാകുന്നു 'ബെസ്റ്റ്‌ ആക്ടര്‍'.

Dinesh said...

A new blogger arrived ! Read his review on 'Best Actor'

http://www.thirasheela.blogspot.com/

ചെലക്കാണ്ട് പോടാ said...

പുതിയ സംവിധായകരും പുതിയ ചിത്രങ്ങളും പുതിയ കഥകളും വരട്ടെ....