Tuesday, September 14, 2010

എല്‍സമ്മ എന്ന ആണ്‍കുട്ടി



കഥ, തിരക്കഥ, സംഭാഷണം: എം. സിന്ധുരാജ്‌

സംവിധാനം: ലാല്‍ ജോസ്‌

നിര്‍മ്മാണം: എം. രഞ്ജിത്‌

അമ്മയും മൂന്നു സഹോദരിമാരും അടങ്ങുന്ന ഒരു വീടിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ചുമലിലേറ്റി ജീവിക്കുന്ന എല്‍സമ്മ, ആ നാടിന്റെ തന്നെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന വ്യക്തിത്വമാകുന്നു. പത്രം വിതരണം ചെയ്തും, പത്ര ഏജന്റായി വാര്‍ത്തകള്‍ നല്‍കിയും നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ധീരമായി ഇടപെട്ട്‌ പ്രവര്‍ത്തിച്ചും ഈ പെണ്‍കുട്ടിയെ പുതുമുഖതാരം ആന്‍ അഗസ്ത്യന്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

എല്‍സമ്മയെ ഇഷ്ടപ്പെടുന്ന പാല്‍ക്കാരന്‍ ഉണ്ണിക്കൃഷ്ണനായി കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ നല്ല അഭിനയനിലവാരം പുലര്‍ത്തിയിരിക്കുന്നു. ഇന്ദ്രജിത്തും തന്റെ റോള്‍ തരക്കേടില്ലാതെ കൈകാര്യം ചെയ്തു.

കോമഡിക്കുവേണ്ടി സുരാജ്‌ വെഞ്ഞാര്‍മൂടിനെ ദുരുപയോഗം ചെയ്ത്‌ പ്രേക്ഷകരെ വെറുപ്പിക്കുന്ന രീതി ഈ സിനിമയിലും അവലംബിച്ചിരിക്കുന്നു. 'എന്നെ ഒന്നും ചെയ്യേണ്ട.. ഒന്ന് ഉപദേശിച്ച്‌ വിട്ടാല്‍ മതി, ഞാന്‍ നന്നായിക്കോളും' എന്നുള്ള കോമഡി ഇനി എത്ര സിനിമയില്‍ കാണണമോ ആവോ?

വളരെ ദയനീയമായിരുന്നു പൊതുവില്‍ ഈ സിനിമയില്‍ സുരാജിന്റെ ഹാസ്യരംഗങ്ങള്‍. അതുപോലെ തന്നെ ജഗതി ശ്രീകുമാറും കാര്യമായ സംഭാവനയൊന്നും ഈ ചിത്രത്തിന്റെ ഗുണത്തിനായി ചെയ്തു എന്ന് തോന്നുന്നില്ല.

വളരെ ചെറിയ ഒരു കഥ, ലൊക്കേഷനുകളുടെ സൗന്ദര്യത്താല്‍ പൊതിഞ്ഞെടുത്ത്‌ അവതരിപ്പിച്ചിരിക്കുന്നു എന്ന് മാത്രമാകുന്നു ഈ സിനിമയുടെ പ്രത്യേകത.

സെന്റിമന്റ്‌ സീനുകള്‍ പ്രേക്ഷകരില്‍ വലിയ ഒരു സ്വാധീനമൊന്നും ചെലുത്തിയില്ല. ഒരു ഒന്ന് ഒന്നര സീനുകള്‍ ഏശിയെന്ന് വേണമെങ്കില്‍ പറയാം.

ചിത്രത്തിന്റെ ആദ്യപകുതി ഇരുന്ന് നീളം വച്ച്‌ അവശതയായി. 'ഈ സിനിമയുടെ ഇന്റര്‍വെല്‍ കഴിഞ്ഞില്ലേ?' എന്ന് ഞാന്‍ കുറേ കഴിഞ്ഞപ്പോള്‍ ഭാര്യയോട്‌ അറിയാതെ ചോദിച്ചുപോയി.

'ഹോ.. ത്രില്ലടിച്ചിട്ട്‌ മതിയായി... പടം നീങ്ങുന്നേയില്ല...' എന്ന് പുറകില്‍ നിന്ന് ഒരു കമന്റ്‌ കേട്ടു.

രണ്ടാം പകുതിയിയും തീരെ വ്യത്യസ്തമായിരുന്നില്ല.

ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ ബോറടി വര്‍ദ്ധിപ്പിക്കാന്‍ നല്ല അളവില്‍ സഹായിച്ചിട്ടുണ്ട്‌.

സംവിധായകന്റെയും ഛായാഗ്രാഹകന്റെയും മികവ്‌ ഈ സിനിമയില്‍ പ്രകടമാണെങ്കിലും വളരെ ഇഴഞ്ഞ്‌ നീങ്ങി ബോറടിപ്പിച്ച്‌ മാനസികപീഠനം തരുന്ന ഈ സിനിമ വലിയ കാതലായ കഥയോ ഓര്‍ത്തുവക്കാവുന്ന സംഭവങ്ങളോ ഒന്നുമില്ലാതെ കുറേ നല്ല പ്രകൃതിഭംഗികണ്ട സംതൃപ്തി മാത്രമായി അവസാനിച്ചു.

5 comments:

സൂര്യോദയം said...

Rating: 5 / 10

കാതലായ കഥയോ ഓര്‍ത്തുവെക്കാവുന്ന കഥാ സന്ദര്‍ഭങ്ങളോ ഒന്നുമില്ലാതെ, കുറേ പ്രകൃതിഭംഗിമാത്രം സമ്മാനിച്ച ഒരു ബോറന്‍ സിനിമ.

പിള്ളാച്ചന്‍ said...

ഈ റിവ്യൂവിനോട് ഒട്ടും യോജിക്കാന്‍ കഴിയുന്നില്ല.. സമീപകാല ചിത്രങ്ങല്‍ മികച്ചതു തന്നെയാണ് എല്‍സമ്മ. ശിക്കാറിനെ വാനോളം പുകഴ്ത്തിയ താങ്കള്‍ എല്‍സമ്മയെ എന്തു കൊണ്ടാണ് ഇകഴ്ത്തിയതെന്നു മനസ്സിലാവുന്നു.

സൂര്യോദയം said...

പിള്ളാച്ചന്‍... എണ്റ്റെ മറ്റ്‌ റിവ്യൂകള്‍ വായിച്ചിട്ടുണ്ടെങ്കില്‍ താങ്കള്‍ക്ക്‌ അങ്ങനെ ഒരു തെറ്റിദ്ധാരണയും ഉണ്ടാകില്ല. പ്രേക്ഷകപക്ഷത്തുനിന്നുള്ള ഒരു റിവ്യൂ ആണ്‌ ഞാന്‍ എഴുതാന്‍ ശ്രമിക്കുന്നത്‌... അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികം മാത്രം.. എന്തുകൊണ്ട്‌ ഈ ചിത്രത്തെ ഇകഴ്ത്തിയതെന്ന് വ്യക്തമായി റിവ്യൂവില്‍ തന്നെ എഴുതിയിട്ടുണ്ട്‌... :)

ഞാന്‍ കശ്മലന്‍ said...

Ente vaka orennam..

http://njankasmalan.blogspot.com/2010/10/blog-post.html

achusnellaya said...

valippu cinema ..............