Monday, August 02, 2010

രാമ രാവണന്‍



കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ബിജു വട്ടപ്പാറ

(മൂലകഥ: മാധവിക്കുട്ടിയുടെ' മനോമി' എന്ന നോവല്‍)

നിര്‍മ്മാണം: വല്‍സമ്മ ജോസഫ്‌

തമിഴ്‌ തീവ്രവാദ ഗ്രൂപ്പിന്റെ ആസ്ഥാന കവിയായ തിരുച്ചെല്‍ വം (സുരേഷ്‌ ഗോപി) ഒരിക്കല്‍ പരിക്കേറ്റ്‌ ഒളിവില്‍ താമസിച്ചപ്പോള്‍ വെള്ളം കൊടുക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത ഒരു സിംഹള വംശജയായ പെണ്‍കിടാവുമായി (മിത്രാ കുര്യന്‍) സ്നേഹത്തിലായെങ്കിലും തന്റെ കര്‍ത്തവ്യം തുടരാനായുള്ള യാത്രയില്‍ ആ സ്നേഹം വിവാഹജീവിതത്തില്‍ തളച്ചിടാതെ മുന്നോട്ടു പോകേണ്ടിവരുന്നു.

വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒളിവില്‍ താമസിക്കാനായി വീണ്ടും ഇതേ സ്ഥലത്തെത്തുമ്പോള്‍ ആ വിരഹം അദ്ദേഹത്തെ വേട്ടയാടുന്നു. പോലീസിന്റെ അന്വേഷണങ്ങല്‍ക്കിടയിലും പണ്ടേ ഇട്ടെറിഞ്ഞുപോയ അമ്മയേയും ഇടയ്ക്ക്‌ കിട്ടിയ പ്രണയത്തേയും ഒരിക്കലെങ്കിലും സന്ധിക്കണമെന്ന മോഹവുമായി അദ്ദേഹം ഇറങ്ങിത്തിരിക്കുന്നു.

പോലീസ്‌ ഓഫീസര്‍ സൂര്യനാരായണന്‍ (ബിജു മേനോന്‍) തിരുച്ചെല്‍ വത്തെ കണ്ടെത്താനുള്ള ഉത്തരവാദിത്വമേറ്റ്‌ കഷ്ടപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മാധവിക്കുട്ടിയുടെ നോവലില്‍ കേട്ടിട്ടുള്ള തിരുച്ചെല്‍ വത്തെക്കുറിച്ച്‌ പറയുന്നു.

പിന്നീട്‌ ആ ഒരു സൂചന തിരുച്ചെല്‍ വത്തെ കണ്ടെത്തുന്നതിന്‌ സൂര്യനാരായണനെ സഹായിക്കുന്നു.


ഇങ്ങനെയൊക്കെ പോകുന്നു ഇതിന്റെ ഒരു കഥാസന്ദര്‍ഭം.

ഒട്ടും ആകാംക്ഷയോ ആസ്വാദ്യകരമായ സംഭവങ്ങളോ ഇല്ലാതെ വെറുതേ ഒരു സിനിമ. വിരഹവും ദുഖവും നിറഞ്ഞ ഒരു മുഖവും ബാര്‍ബര്‍ ഷോപ്പില്ലാത്ത നാടിന്റെ പ്രതീകമായ ഒരു തലയും വഹിച്ചുകൊണ്ട്‌ തിരുച്ചെല്‍ വം ഇങ്ങനെ നടക്കുന്നു.

'ഏഴൈ സ്വര്‍ഗ്ഗം വരുമാ..' എന്ന ഒരു ഹൃദയസ്പര്‍ശിയായ ചോദ്യത്തിന്റെ പൊരുള്‍ ഒരല്‍പം സ്വാധീനിച്ചതല്ലാതെ വേറെ ഒരു വികാരതീവ്രതയോ ഭാവതലങ്ങളോ ആരെയും സ്പര്‍ശിക്കുമെന്ന് തോന്നുന്നില്ല.

സിനിമയല്ലേ, അതിനാല്‍ ഇരിക്കട്ടെ രണ്ട്‌ പാട്ട്‌ എന്ന പേരില്‍ രണ്ട്‌ ഗാങ്ങങ്ങള്‍, അതിന്റെ കോപ്രായങ്ങളുമായി അവസാനിച്ചപ്പോള്‍ മൂന്നാമതൊരു ഗാനം ബോറടിച്ചവനെ കാറിടിപ്പിച്ചപോലെ ആയിപ്പോയി.

ഈ ചിത്രത്തിന്റെ കഥയുടെ ഒരു ഗുട്ടന്‍സ്‌ ശരിക്കും പിടി കിട്ടാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്‌.

അതായത്‌, മാധവിക്കുട്ടി എന്ന കഥാകാരി മനോമി എന്ന പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്ന കാര്യങ്ങള്‍ സത്യത്തില്‍ സംഭവിച്ചതാണെന്നുവേണം ഈ സിനിമയില്‍ നിന്നും മനസ്സിലാക്കേണ്ടത്‌. കാരണം, ആ കഥയുടെ കാര്യങ്ങള്‍ വച്ചാണ്‌ സൂര്യനാരായണന്‍ എന്ന പോലീസ്‌ ഓഫീസര്‍ എല്ലാം കണ്ടെത്തുന്നത്‌ എന്നത്‌ തന്നെ.

നിര്‍ജ്ജീവമായി ഇരുന്ന് കണ്ട്‌, ജീവച്ഛവമായി എഴുന്നേറ്റ്‌ പോരേണ്ടിവന്നപ്പോഴും ഈ സിനിമ എന്തിനായിരുന്നു എന്നു തോന്നിയതല്ലാതെ ദേഷ്യം തോന്നിയില്ല. കാരണം, ഈയൊരു നിലവാരമേ പ്രതീക്ഷിച്ചിരുന്നുള്ളൂ...

റിവ്യൂ എഴുതുന്ന കാര്യം ആലോചിച്ചപ്പോള്‍ അല്‍പം ദേഷ്യം വന്നു... കാരണം, ഇതിനൊക്കെ എന്ത്‌ റിവ്യൂ എഴുതാനാണ്‌? പിന്നെ, എന്തെങ്കിലുമാകട്ടെ എന്നു കരുതി ഇതിവിടെ കുറിക്കുന്നു..

Rating: 2.5 / 10

4 comments:

Mansoor said...

സുരേഷ്ഗോപിയുടെ പലചിത്രങ്ങളും കാണുമ്പോള്‍ തോന്നിയിരുന്നു ഈ നടന്‍ മലയാള സിനിമക്ക് ബാധ്യതയാണെന്ന്, ഇദ്ദേഹത്തെവെച്ച് ഇപ്പോഴും പണമിറക്കാന്‍ നിര്‍മ്മാതാക്കള്‍ മിനക്കെടുന്നു എന്നത് എന്നെ പലപ്പോഴും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്.

"നിര്‍ജ്ജീവമായി ഇരുന്ന് കണ്ട്‌, ജീവച്ഛവമായി എഴുന്നേറ്റ്‌ പോരേണ്ടിവന്നപ്പോഴും ഈ സിനിമ എന്തിനായിരുന്നു എന്നു തോന്നിയതല്ലാതെ ദേഷ്യം തോന്നിയില്ല. കാരണം, ഈയൊരു നിലവാരമേ പ്രതീക്ഷിച്ചിരുന്നുള്ളൂ..." പക്ഷെ എനിക്ക് പലപ്പോഴും ദേഷ്യത്തിനു പകരം ഒന്നു കൂവാന്‍ തോന്നിയിരുന്നു എങ്കിലും കൂവാറില്ല.....

വിനയന്‍ said...

സുരേഷ്ഗോപിയുമായി ഉള്ള ഒരു ഇന്റര്‍വ്യൂ,ഒരു മാഗസിനില്‍(വനിതയാണെന്ന് തോന്നുന്നു) വായിച്ചു. കോള്‍മയിര്‍ കൊണ്ട് എന്ന് തന്നെ പറയാം...ഭയങ്കരം!!!...ഒന്ന് വായിച്ചു നോക്കു...

സൂര്യോദയം said...

Mansoor... :-)

വിനയന്‍... ഞാനും കോള്‍മയിര്‍ കൊണ്ടു :-)

മോശം സംബ്ജക്റ്റ്‌ ആയതുകൊണ്ടല്ല അത്രേ സിനിമകള്‍ പരാജയപ്പെടുന്നത്‌... മറ്റ്‌ സിനിമകളുടെ സ്വാധീനവും ചില ചവിട്ടിത്താത്തലുകളുമാണത്രേ.. എല്ലാം നല്ല സബ്ജക്റ്റുകള്‍ തന്നെയാണെന്നാണ്‌ ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍

വാക്കേറുകള്‍ said...

ഹും സുരയ്യയുടെ ഒരു കഥ.... ബുദ്ധിയും ബോധവും ഉള്ളവര്‍ ഇമ്മാതിരി കഥ സിനിമയാക്കുമോ? ആ കാശ് കടലില്‍ ഇട്ടിരുന്നേല്‍ ഇതിലും ബേധം...ചുമ്മാ കാശ് കളയാന്‍ ആള്‍ക്കാര്‍ക്ക് ഓരോ പ്രാന്ത്..