Monday, July 19, 2010

അപൂര്‍വ്വ രാഗം



കഥ, തിരക്കഥ, സംഭാഷണം: G S ആനന്ദ്‌, നജീം കോയാ

സംവിധാനം: സിബി മലയില്‍

നിര്‍മ്മാണം: സിയാദ്‌ കോക്കര്‍


തുടക്കത്തില്‍ വളരെ സ്വാഭാവികമായ ഒരു കാമ്പസ്‌ പ്രണയത്തിന്റെ പ്രതീതി ജനിപ്പിച്ച്‌ അല്‍പം ബോറടിപ്പിച്ച്‌ തുടങ്ങിയ ചിത്രം, ഇന്റര്‍വെല്ലിനോടടുപ്പിച്ച്‌ പുതിയ മാനങ്ങളിലേയ്ക്ക്‌ കടക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള തലങ്ങളിലേക്ക്‌ കഥയുടെ ഗതി മാറുമ്പോള്‍ പ്രേക്ഷകര്‍ക്കും അതൊരു പുതുമയുള്ള അനുഭവമായി മാറി. തുടര്‍ന്നങ്ങോട്ട്‌ അപ്രതീക്ഷിത രംഗങ്ങളുടെയും ട്വിസ്റ്റുകളുടേയും ഒരു ശൃംഘല തന്നെയായിരുന്നു ചിത്രത്തിലുടനീളം.

പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന തരത്തില്‍ ട്വിസ്റ്റുകള്‍ കൊണ്ടുവരാനുള്ള ധൈര്യം കാണിച്ചിരിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ എടുത്തുപറയാവുന്ന പ്രത്യേകത.

വെറുമൊരു കാമ്പസ്‌ പ്രണയത്തില്‍ നിന്നൊക്കെ ഒരുപാട്‌ മാറി, സൗഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും മുകളിലായി പണത്തിന്റെ സ്വാധീനത്തിന്റെ കഥ പറയുന്നതാണ്‌ ഈ അപൂര്‍വ്വ രാഗം.

ഈ ചിത്രത്തിലെ നായികയുടെ അച്ഛന്റെ അഭിനയത്തില്‍ വല്ലാത്ത കല്ലുകടി അനുഭവപ്പെട്ടു എന്നതൊഴിച്ചാല്‍ പൊതുവേ എല്ലാവരുടേയും അഭിനയനിലവാരം മെച്ചമായിരുന്നു.

വളരെ ആകര്‍ഷണീയമാക്കാമായിരുന്ന ഗാനരംഗങ്ങള്‍ പക്ഷേ അത്ര നിലവാരം പുലര്‍ത്തിയില്ല എന്നത്‌ ഒരു ന്യൂനതയായി. പലയിടങ്ങളിലും ഉണ്ടായ ചെറിയൊരു ലാഗ്‌ ഓഴിവാക്കാമായിരുന്നു എന്നും തോന്നി.

യുവജനങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഡയലോഗുകളും കഥാഗതിയും ഒരു പക്ഷേ കുടുംബപ്രേക്ഷകര്‍ക്ക്‌ അത്ര ആകര്‍ഷണീയമാകണമെന്നില്ല.

പതിവ്‌ രീതികളിലുള്ള പ്രണയങ്ങളും കാര്യമായ വികാരങ്ങളുണര്‍ത്താത്ത കഥാസന്ദര്‍ഭങ്ങളും കണ്ടുമടുത്ത ഇന്നത്തെ മലയാള സിനിമാരംഗത്ത്‌ ഈ ചിത്രം ഒരു വ്യത്യസ്തമായ ഇടം കണ്ടെത്തിയിരിക്കുന്നു എന്ന് തോന്നി.


80% ത്തിലധികം ചെറുപ്പക്കാര്‍ മാത്രമുള്ള ഒരു തീയ്യറ്ററില്‍, ഈ ചിത്രം കഴിഞ്ഞപ്പോളുണ്ടായ കരഘോഷം, മലയാള സിനിമ സൂപ്പര്‍ മെഗാ സ്റ്റാറുകളുടെ മാസ്മമരികതകളില്‍ നിന്ന് വിട്ടുമാറി, വ്യത്യസ്തതയുള്ള വിഷയങ്ങളും കഥകളുമുള്ള, സൂപ്പര്‍ താരത്തിളക്കങ്ങള്‍ ആവശ്യമില്ലാത്ത, നല്ലൊരു സിനിമാസംസ്കാരത്തിലേക്കുള്ള പാതയിലാണെന്നതിന്റെ ശുഭസൂചനയാണെന്ന് തോന്നിപ്പോയി... അല്ലെങ്കില്‍ അങ്ങനെ ആഗ്രഹിച്ചുപോയി...

2 comments:

സൂര്യോദയം said...

Rating : 6 / 10

മലര്‍വാടി ആര്‍ട്ട്സ്‌ ക്ലബ്‌ എന്ന ചിത്രവും ഈ ചിത്രവും കണ്ടതിനുശേഷം, മലയാള സിനിമ സൂപ്പര്‍ മെഗാ സ്റ്റാറുകളുടെ മാസ്മമരികതകളില്‍ നിന്ന് വിട്ടുമാറി, വ്യത്യസ്തതയുള്ള വിഷയങ്ങളും കഥകളുമുള്ള, സൂപ്പര്‍ താരത്തിളക്കങ്ങള്‍ ആവശ്യമില്ലാത്ത, നല്ലൊരു സിനിമാസംസ്കാരത്തിലേക്കുള്ള പാതയിലാണെന്നതിന്റെ ശുഭസൂചനയാണെന്ന് തോന്നിപ്പോയി... അല്ലെങ്കില്‍ അങ്ങനെ ആഗ്രഹിച്ചുപോയി...

ചെലക്കാണ്ട് പോടാ said...

മലര്‍വാടി കണ്ടു, ഇതും ഉടന്‍ കാണണമെന്നുണ്ട്.