Sunday, August 09, 2009

ഡാഡി കൂള്‍



ഡാഡി കൂള്‍

കഥ, തിരക്കഥ, സംവിധാനം : ആഷിഖ്‌ അബു
സംഭാഷണം : ബിപിന്‍ ചന്ദ്രന്‍
നിര്‍മ്മാണം: ആല്‍ വിന്‍ ആണ്റ്റണി, ജോസ്‌ കുര്യന്‍ USA
ഛായാഗ്രഹണം: സമീര്‍ താഹിര്‍
അഭിനേതാക്കള്‍: മമ്മൂട്ടി, റിച്ച പലൌദ്‌, മാസ്റ്റര്‍ ധനഞ്ചയ്‌, ബിജു മേനോന്‍, സായി കുമാര്‍, വിജയരാഘവന്‍, സുരാജ്‌ വെഞ്ഞാര്‍മൂട്‌

ക്രൈംബ്രാഞ്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ്റ്റണി സൈമണ്‍ ആയി മമ്മൂട്ടിയും, മമ്മൂട്ടിയുടെ ഭാര്യയായി റിച്ച പലൌദ്‌ എന്ന ബോളിവുഡ്‌ നടിയും ഇവരുടെ കുസൃതിയായ മകന്‍ 'ആദി' യായി മാസ്റ്റര്‍ ധനഞ്ചയും അഭിനയിക്കുന്നു. മമ്മൂട്ടിയുടെ സുഹൃത്തും ഭാര്യാസഹോദരിയെ വിവാഹം കഴിക്കുവാന്‍ പോകുന്നതുമായ മറ്റൊരു ക്രൈംബ്രാഞ്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ബിജുമേനോന്നും നല്ലൊരു റോള്‍ കൈകാര്യം ചെയ്യുന്നു. ഡാഡിയെ സൂപ്പര്‍ ഹീറോയായി കാണുകയും അതേ കുറിച്ച്‌ വാ തോരാതെ കൂട്ടുകാരോടും മറ്റും പറഞ്ഞുകൊണ്ട്‌ നടക്കുകയും ചെയ്യുന്നു ആദി. അതേ സമയം ക്രിക്കറ്റ്‌ ഭ്രാന്തനും ഉറക്കപ്രിയനുമായി ആദിയോടൊപ്പം മാക്സിമം സമയം ചിലവഴിക്കുന്ന ഉഴപ്പനായ ഓഫീസറായി മമ്മൂട്ടിയും ഇവര്‍ക്കിടയില്‍ തണ്റ്റെ ജോലിക്കിടയിലും വീട്ടുജോലിയും ഡാഡിയുടേയും മകണ്റ്റെയും ഉത്തരവദിത്വമില്ലായ്മയും കൊണ്ട്‌ പൊറുതിമുട്ടിയ അമ്മയും.

നിരവധി കേസുകളില്‍ പ്രതിയായി സംശയിക്കപ്പെടുന്ന ഭീം ഭായി എന്ന ഒരു വമ്പനെ പിടിക്കാനുള്ള വളരെ രഹസ്യവും പ്രധാനപ്പെട്ടതുമായ ഒരു പോലീസ്‌ ഓപ്പറേഷനില്‍ പങ്കെടുക്കുമ്പോള്‍ വളരെ കൂള്‍ ആയി ഉഴപ്പുകയും മറ്റൊരു വീടിണ്റ്റെ ജനലിലൂടെ ക്രിക്കറ്റ്‌ ആസ്വദിക്കുകയും ചെയ്യുമ്പോള്‍ പ്രതി രക്ഷപ്പെടുകയും ആണ്റ്റണി സൈമണ്‍ 5 മാസത്തേയ്ക്ക്‌ സര്‍വ്വീസില്‍ നിന്ന്‌ സസ്പെണ്ട്‌ ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതിലൊന്നും യാതൊരു കൂസലുമില്ലാതെ ഉറക്കവും ടി.വി. കാണലുമായി ഡാഡിയും മകനും. വീട്ടുജോലിയുടെ തിരക്കിന്നിടയിലും ഡാഡിയുടേയും മകണ്റ്റെയും കുറ്റങ്ങളും തോന്ന്യാസങ്ങളെയും വിമര്‍ശിച്ചുകൊണ്ടിരിക്കെ, തലേ ദിവസത്തെ ഹാങ്ങ്‌ ഓവറില്‍ 'വാള്‌' വെക്കാനായി ഇവര്‍ക്കിടയിലൂടെ ടോയ്‌ ലറ്റിലേയ്ക്ക്‌ ഓടുന്ന ഡാഡിയെ കണ്ടതും അമ്മ ആകെ വിഷമിക്കുകയും താന്‍ ഇനി ഇവിടെ നില്‍ ക്കുന്നില്ലെന്നും തണ്റ്റെ വീട്ടില്‍ പോകുകയാണെന്നും പറഞ്ഞ്‌ ഒരു ബാഗുമായി ഇറങ്ങി പോകുന്നു. എന്നിട്ടും ഭാവമാറ്റമില്ലാതെ മകന്‍ ആദി. തൊട്ടപ്പുറത്തെ വാതില്‍ തുറന്ന് തണ്റ്റെ മാതാപിതാക്കള്‍ താമസിക്കുന്ന ഫ്ലാറ്റിലേയ്ക്ക്‌ അമ്മ കയറിപ്പോകുന്നതും പിന്നീടുള്ള രംഗങ്ങളില്‍ നിന്ന്‌ ഈ പിണങ്ങിപ്പോക്ക്‌ ഒരു പതിവാണെന്നും പ്രേക്ഷകനെ മനസ്സിലാക്കിത്തരുന്നു.

ഉഴപ്പനാണെങ്കിലും പണ്ട്‌ കുറേ കേസുകളൊക്കെ തെളിയിച്ചിട്ടുള്ള ഒാഫീസറാണ്‌ ആണ്റ്റണി സൈമണ്‍ എന്നത്‌ ഒന്ന് രണ്ട്‌ ഡയലോഗുകളിലൂടെ സൂചിപ്പിക്കുന്നുണ്ട്‌.

ഡാഡി ഇമേജ്‌ വീണ്ടെടുക്കാതെ താന്‍ സ്കൂളില്‍ പോകുന്നില്ലെന്ന് പ്രഖ്യാപിക്കുന്ന ആദിയും അതില്‍ വലിയ എതിര്‍പ്പൊന്നുമില്ലാത്ത ഡാഡിയും മമ്മിയില്ലാത്ത ദിവസങ്ങള്‍ അടിച്ചുപൊളിക്കാം എന്ന് പ്രഖ്യാപിച്ചതും ഹോങ്കോങ്കില്‍ പോയി പാട്ടും ഡാന്‍സും കഴിഞ്ഞ്‌ നേരെ കൊച്ചിയില്‍ വന്ന് സിനിമകണ്ടു. ആ സെക്കണ്ട്‌ ഷോ കാണാന്‍ വന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്ളെയറായ ശ്രീകാന്തിനെ വഴിയില്‍ വച്ച്‌ ചിലര്‍ തടഞ്ഞു നിര്‍ത്തിയിടത്ത്‌ ആദിയുടെ താല്‍പര്യപ്രകാരം ആണ്റ്റണി സൈമണ്‍ ഇടപെടുന്നു.

കാര്യമായി എന്തെങ്കിലും നടക്കുന്നതിനുമുന്‍പ്‌ ആദി ഫോണ്‍ ചെയ്ത്‌ അറിയിച്ചതിനെത്തുടര്‍ന്ന് അവിടെ പോലീസ്‌ ജീപ്പില്‍ എത്തുന്ന ബിജുമേനോനെ കണ്ട്‌ രക്ഷപ്പെടുന്ന ഗുണ്ടാസംഘം. ആണ്റ്റണിയുടെ ഇമേജ്‌ ബൂസ്റ്റിനുവേണ്ടി മാധ്യമസുഹ്രുത്തിനെ ഉപയോഗിച്ച്‌ ബിജുമേനോന്‍ ഇടപെട്ട്‌ ന്യൂസ്‌ ചാനലില്‍ അതൊരു ചര്‍ച്ചാവിഷയമാക്കുകയും ആണ്റ്റണിയെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ഈ അവസരം ശരിയ്ക്കും ഉപയോഗപ്പെടുത്തി ഷൈന്‍ ചെയ്യുന്ന ഡാഡിയും മകനും, വഴക്ക്‌ തീര്‍ന്ന് തിരിച്ചെത്തുന്ന ആദിയുടെ അമ്മ തുടങ്ങി കാര്യങ്ങളൊക്കെ ഭംഗിയായി നടന്നുപോകുമ്പോളാണ്‌ 'ഭീം ഭായി' യെ വിട്ടുകളഞ്ഞതിലുള്ള ആണ്റ്റണിയുടെ നടപടിയെ വീണ്ടും വീണ്ടും കളിയാക്കുന്ന സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ആണ്റ്റണി ഭീം ഭായിയെ പിടിച്ച്‌ മുന്നില്‍ കൊണ്ട്‌ ഇട്ട്‌ തരുമെന്നും ഇല്ലെങ്കില്‍ കാല്‍ വെള്ള നക്കുമെന്നും ഡയലോഗ്‌ ഇറക്കുന്ന ബിജുമേനോന്‍. അതിണ്റ്റെ ചുവടുപിടിച്ച്‌ അവര്‍ വീണ്ടും കളിയാക്കുമ്പോള്‍ ഇല്ലെങ്കില്‍ തണ്റ്റെ പാതി മീശ എടുക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്ന ആണ്റ്റണി സൈമണും.

അവിടെ നിന്ന് ഇറങ്ങിക്കഴിയുമ്പോള്‍ ആ പറഞ്ഞതിനെ യാതൊരു പ്രാധാന്യവും കൊടുക്കാതെ തണ്റ്റെ ഉഴപ്പ്‌ ജീവിതത്തിലേയ്ക്ക്‌ മടങ്ങിപ്പോകുന്ന ആണ്റ്റണിയെ മകന്‍ ആദിയെക്കൊണ്ട്‌ റെക്കമണ്റ്റ്‌ ചെയ്യിച്ച്‌ ഭീം ഭായിയെ പിടിക്കാന്‍ തയ്യറെടുപ്പിക്കുന്നതും ബിജുമേനോനാണ്‌.

വളരെ സിമ്പിളായി ഭീം ഭായിയെ പിടിച്ചത്‌ കണ്ടാല്‍ പിടിച്ചതിനുശേഷം മമ്മൂട്ടി ചോദിക്കുന്ന പോലെ പ്രേക്ഷകരെല്ലാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌.. "എന്തൊക്കെയായിരുന്നൂ, മലപ്പുറം കത്തി, അമ്പും വില്ലും... എന്നിട്ടെന്തായി.. ഇതിനായിരുന്നോ ഈ പോലീസ്‌ സന്നാഹവും പ്ളാനിങ്ങും മറ്റ്‌ മാങ്ങത്തൊലിയും കാണിച്ച്‌ കൂട്ടിയത്‌?" എന്ന്.

ആദിയുടെ തെറ്റായ ഒരു സൂചനയില്‍ നിന്ന് ഒരു കൈപ്പിഴ സംഭവിക്കുന്നതിനെത്തുടര്‍ന്ന് ആണ്റ്റണി സൈമണ്‍ അപ്സറ്റാകുകയും ആദിയുമായി അധികം സംസാരിക്കാതെ ഒരല്‍പ്പം സമയം കഴിയുന്നതും അതിനെത്തുടര്‍ന്ന് ആദിയും വല്ലാതെ വിഷമിക്കുകയും ചെയ്യുന്നതിന്നിടയില്‍ ആദിയെ കാണാതാകുന്നു. തുടര്‍ന്ന് അന്വേഷണങ്ങളും, ചുരുളഴിയുന്ന പല ഗൂഢസംഭവങ്ങളും എല്ലാം ചേര്‍ന്ന് ഒരു പരിസമാപ്തിയിലെത്തി ഡാഡിയും മകനും പാട്ടും പാടി ഡാന്‍സും ചെയ്യുന്നകണ്ട്‌ പ്രേക്ഷകര്‍ ഇറങ്ങിപ്പോകുകയും ചെയ്യുന്നതോടെ കര്‍ട്ടന്‍ വീഴുന്നു.

മകന്‍ അതിശയോക്തിയില്‍ പറയുകയാണെന്ന വീക്ഷണകോണില്‍ നോക്കിയാല്‍ മമ്മൂട്ടി വളരെ സ്റ്റൈല്‍ ആയി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു ഈ ചിത്രത്തില്‍. ചിത്രത്തിണ്റ്റെ തുടക്കത്തില്‍ തന്നെയുള്ള "ഡാഡി മൈ ഡാഡി.." എന്നുതുടങ്ങുന്ന ഗാനരംഗം കൊള്ളാമായിരുന്നു. അതില്‍ മാസ്റ്റര്‍ ധനഞ്ചയുടെ പ്രകടനവും രസിച്ചു. ഈ ചിത്രത്തിലുടനീളം ഈ ബാലതാരം നല്ല നിലവാരം പുലര്‍ത്തി.

എടുത്തുപറയാവുന്ന മറ്റൊരു വസ്തുത എന്തെന്നാല്‍ ഇതിലെ ഡയലോഗുകള്‍ രസകരമായിരുന്നു എന്നതാണ്‌.

റിച്ച പലൌദ്‌ തുടക്കത്തിലെ പ്രകടനത്തിലെ വേണ്ടത്ര മികവ്‌ പുലര്‍ത്തിയില്ലെങ്കിലും പൊതുവേ തരക്കേടില്ലാത്ത പ്രകടനമായിരുന്നു.

ബിജുമേനോന്‍, സുരാജ്‌ വെഞ്ഞാര്‍മൂട്‌ എന്നിവര്‍ അവരുടെ ഭാഗങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു.

ഗാനങ്ങളും ഗാനചിത്രീകരണരംഗങ്ങളും എണ്റ്റര്‍ടൈനിംഗ്‌ ആയിരുന്നു.

ഛായാഗ്രഹണവും മികവ്‌ പുലര്‍ത്തിയതായി തോന്നി.

ചിത്രത്തിണ്റ്റെ തിരക്കഥയിലെ പോരായ്മകള്‍ വളരെ പ്രകടമായിരുന്നു. കാര്യമായ കാതലില്ലാത്ത തിരക്കഥയില്‍ പലപ്പോഴും വിശ്വസനീയതയുടെ കുറവ്‌ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നുണ്ടായിരുന്നു. കഥയില്‍ ട്വിസ്റ്റ്‌ ഉണ്ടാക്കാനുള്ള സംവിധായകണ്റ്റെ ശ്രമം പക്ഷേ വളരെ ബാലിശമായിപ്പോയി. സിനിമയില്‍ പല ഭാഗങ്ങളിലും ലാഗ്‌ വളരെ പ്രകടമയിരുന്നു.

സിനിമയുടെ അവസാന രംഗങ്ങളായപ്പോഴെയ്ക്കും ഒരുതരം മടുപ്പ്‌ അനുഭവപ്പെട്ടുതുടങ്ങി. അവസാന രംഗത്തെ ഗാനത്തില്‍ ക്രിക്കറ്റ്‌ താരത്തെ വച്ചുള്ള ചില സീനുകളും ഡയലോഗുകളും ശരിയ്ക്കും ചിരിപ്പിച്ചു.

പിന്നിലെ സീറ്റില്‍ നിന്ന് ഒരു ചേച്ചി വിളിച്ചു പറയുന്ന കേട്ടു.. "കുറേ പാണ്ടികളെ തല്ല് കൊള്ളിക്കാന്‍ ഇറക്കിയിരിക്കാണ്‌... ഞങ്ങളുടെ 75 രൂപയാണ്‌ പോയത്‌.." എന്ന്. (പത്മ തിയ്യറ്ററില്‍ റേറ്റ്‌ 75 ആണേയ്‌) :-)

"ഇണ്റ്റര്‍വെല്‍ വരെ സിനിമയില്‍ ഉറങ്ങാനായി മമ്മൂട്ടിക്ക്‌ നല്ല കാശ്‌ തന്നെ വാങ്ങിക്കാണും അല്ലേ?" എന്ന് എണ്റ്റെ ഒരു സുഹൃത്തും ചോദിച്ചു.

ഒട്ടും സീരിയസ്‌ ആയ പ്രതീക്ഷകളും ഇല്ലാതെ ചെന്നിരുന്നാല്‍ കുറച്ച്‌ എണ്റ്റര്‍ടൈനിംഗ്‌ ആയ ഒരു ചിത്രം എന്ന് എനിയ്ക്ക്‌ തോന്നി. കാരണം സീരിയസ്‌ ആയ ഒരു കഥയോ ശക്തമായ ഒരു തിരക്കഥയോ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, ആ പ്രതീക്ഷ തെറ്റിയുമില്ല.