Friday, May 08, 2009

പാസ്സഞ്ചര്‍



പാസ്സഞ്ചര്‍

കഥ, തിരക്കഥ, സംവിധാനം : രഞ്ജിത്ത്‌ ശങ്കര്‍
നിര്‍മ്മാണം: S.C. പിള്ള
ഛായാഗ്രഹണം: പി. സുകുമാര്‍
എഡിറ്റിംഗ്‌: രഞ്ജന്‍ എബ്രഹാം

ഒരു സീസണ്‍ ടിക്കറ്റ്‌ ട്രെയിന്‍ യാത്രക്കാരനായ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ ഒരു ദിവസം അപ്രതീക്ഷിതമായി വന്നുചേരുന്ന കുറേ സംഭവബഹുലമായ കാര്യങ്ങളും അതില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളുമാണ്‌ ഈ സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സത്യനാഥന്‍ എന്ന കഥാപാത്രത്തിലൂടെ നോക്കിക്കാണുമ്പോള്‍ നമുക്ക്‌ മനസ്സിലാകുന്നത്‌.

അതേ സമയം തന്നെ, അഡ്വക്കേറ്റ്‌ നന്ദന്‍ മേനോന്‍ എന്ന ദിലീപിന്റെ ക്യാരക്റ്ററിലൂടെ നോക്കിയാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ദിവസം എങ്ങനെയൊക്കെയോ വളരെ അപകടകരവും സങ്കീര്‍ണ്ണവുമായ കുറേ മണിക്കൂറുകളിലൂടെ കടന്നുപോകുന്നതിന്റെ ഒരു ആവിഷ്കാരമായും 'പാസ്സഞ്ചര്‍' എന്ന സിനിമയെ വിലയിരുത്താം.

മമത മോഹന്‍ ദാസ്‌ അവതരിപ്പിച്ച നന്ദന്‍ മേനോന്റെ ഭാര്യയും ടി.വി.റിപ്പോര്‍ട്ടറുമായ അനുരാധ എന്ന കഥാപാത്രമാണ്‌ അപരിചിതരായ സത്യനാഥന്റെയും നന്ദന്‍ മേനോന്റെയും ജീവിതങ്ങളെ ഒരു പോലെ ബാധിച്ച സംഭവങ്ങളുടെ മൂലകാരണമായി വരുന്നത്‌ എന്നതിനാല്‍ തന്നെ ഈ കഥാപാത്രം ഈ സിനിമയുടെ മര്‍മ്മപ്രഥാനമായ സ്ഥാനമാണ്‌ വഹിക്കുന്നത്‌. തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരുപോലെ സങ്കീര്‍ണ്ണതയും അപകടങ്ങളും വരുത്തുന്ന ഒരു മേഖലയിലേയ്ക്ക്‌ ഒരു ദിവസം ചെന്നെത്തുന്നതിന്റെ ഒരു നേര്‍ക്കാഴ്ചയാണ്‌ പാസ്സഞ്ചര്‍ എന്നും പറയാം.

നന്ദന്‍ മേനോനും അനുരാധയും അവരുടെ സുഖവും ജീവിതവും സമൂഹനന്മയ്ക്കായി ബലിനല്‍കാനുള്ള മഹത്തായ തീരുമാനത്തിലേക്കെത്തുന്ന തരത്തിലേയ്ക്ക്‌ സാഹചര്യങ്ങള്‍ വന്നുഭവിക്കുന്നു എന്നതാണ്‌ പാസ്സഞ്ചര്‍ എന്ന സിനിമയുടെ ദൃഢത.

സത്യനാഥന്‍ എന്ന സാധാരണക്കാരന്‍ തന്റെ സുഖവും സന്തോഷയും മറന്ന് അപകടകരങ്ങളായ സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള മനക്കരുത്തും സന്നദ്ധതയും കാണിക്കുന്നതിലാണ്‌ ഈ സിനിമയുടെ ത്രില്‍.

ഇവര്‍ക്കിടയില്‍ അധികാര രാഷ്ട്രീയത്തിന്റെ കുടിലതയുടെ മൂര്‍ത്തീഭാവമായി ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച മന്ത്രി തോമസ്‌ ചാക്കോ വളരെ നിര്‍ണ്ണായകമായ ഒരു ഘടകമാണ്‌.

തന്റെ മുന്‍ വിധികളേയും സമ്പ്രദായങ്ങളേയും മാറ്റിവച്ച്‌ ചില അപകടകരങ്ങളായ പ്രശ്നങ്ങളെ അതിജീവിക്കാന്‍ സത്യനാഥനോടൊപ്പം നിന്ന ടാക്സി ഡ്രൈവറായി അഭിനയിച്ച ശ്രീ.നെടുമുടി വേണുവും നന്മയുടെ പ്രതീകമായി.

പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്ന കടലോരത്തെ ജനങ്ങളുടെ പ്രതിനിധിയായി തങ്കമ്മ രാജന്‍ എന്ന ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച സോനാ നായരും ജനശ്രദ്ധ പിടിച്ചുപറ്റി.

സാധാരണയായി സിനിമകളില്‍ കണ്ടുവരുന്ന തടിമിടുക്കിന്റെ വില്ലന്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വളരെ സ്വാഭാവികമായ ഒരു വില്ലനെ 'അണലിഷാജി' യിലൂടെ പ്രതിഫലിപ്പിച്ച പുതുമുഖനടന്‍ ആനന്ദ്‌ സാമിയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.


ഈ കഥാപാത്രങ്ങളെയും ജീവിതങ്ങളെയുമെല്ലാം ഒരൊറ്റദിവസത്തെ തുടര്‍ച്ചയായ സംഭവവികാസങ്ങളിലൂടെ കൂട്ടിയിണക്കി സമന്വയിപ്പിച്ച്‌ വളരെ വ്യത്യസ്തമായ ഒരു ത്രില്ലിംഗ്‌ എക്സ്പീരിയന്‍സ്‌ പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിച്ചതിന്‌ രഞ്ജിത്ത്‌ ശങ്കര്‍ വളരെയധികം അഭിനന്ദനമര്‍ഹിക്കുന്നു.

സിനിമയുടെ ആദ്യഭാഗങ്ങളില്‍ ഒരല്‍പം നാടകീയതയും ലാഗും അനുഭവപ്പെടാന്‍ തുടങ്ങിയെങ്കിലും പെട്ടെന്ന് തന്നെ കഥയ്ക്ക്‌ തീവ്രതയും സംഭവങ്ങള്‍ക്ക്‌ വേഗതയും കൈവരിച്ച്‌ ഇന്റര്‍വെല്‍ ആയപ്പോഴേയ്ക്കും പ്രേക്ഷകരുടെ മനസ്സിനെ വല്ലാതെ മഥിച്ചുതുടങ്ങിയിരുന്നു.

തുടര്‍ന്നങ്ങോട്ട്‌ ശ്വാസമടക്കിപ്പിടിച്ച്‌ കണ്ണിമചിമ്മാതെ മുഴുകിപ്പോകുന്നതരത്തിലുള്ള ഘട്ടങ്ങളിലൂടേ കടന്നുപോകുമ്പോഴും പല സന്ദര്‍ഭങ്ങളിലും നന്മയുടെ അമൃതവര്‍ഷങ്ങളായ അനുഭങ്ങളും ഒരു സാധാരണക്കാരന്റെ തന്ത്രപരവും സ്വാഭാവികവുമായ പ്രതികരണങ്ങളുടെ വിജയത്തിന്റെ അമൂല്ല്യസുഖങ്ങളും പ്രേക്ഷകര്‍ക്ക്‌ ശരിയ്ക്കും പകര്‍ന്നു കിട്ടി എന്നുതന്നെ പറയാം. ഹൃദയം ആര്‍ദ്രമാകുന്നതും കണ്ണുകള്‍ നിറയുന്നതും മനസ്സ്‌ തുടികൊട്ടുന്നതും പലരും വൈകിയാണ്‌ അറിഞ്ഞത്‌.

സത്യവും നന്മയും സമൂഹത്തില്‍ മരിച്ചിട്ടില്ലെന്നും നമുക്കോരോരുത്തര്‍ക്കും ഈ സമൂഹത്തില്‍ ഉന്മൂലമായ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുണ്ടെന്നതും ബോധ്യപ്പെടുത്തുന്നിടത്താണ്‌ ഈ സിനിമ അവസാനിക്കുന്നത്‌.

ഈ സിനിമ കണ്ട്‌ അതിനെക്കുറിച്ച്‌ വിശദമായി ആലോചിക്കുമ്പോഴും അത്‌ വീണ്ടും വീണ്ടും കാണുമ്പോഴുമാണ്‌ വളരെ ഇന്ററസ്റ്റിംഗ്‌ ആയ പല തലങ്ങളും മനസ്സിലാക്കാന്‍ സാധിക്കുക.
ഉദാഹരണങ്ങളായി പറഞ്ഞാല്‍.. കഥയുടെ തുടക്കത്തില്‍ സത്യനാഥന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തിലുള്ള ചില പ്രത്യേകതകള്‍ (റെയില്‍ നിയമങ്ങള്‍ പാലിക്കുന്നതിലും മറ്റും) കഥയുടെ അവസാന ഘട്ടങ്ങളില്‍ അദ്ദേഹത്തിനുതന്നെ ലംഘിക്കേണ്ടിവരുന്നു എന്നത്‌ ഒരു പ്രത്യേകതയാണ്‌.

സിനിമയുടെ അവസാനഭാഗത്ത്‌ വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ സത്യനാഥന്റെ ഭാര്യയുടെ കമന്റ്‌ ഈ സിനിമയില്‍ എനിയ്ക്ക്‌ ഏറ്റവും പ്രിയപ്പെട്ടതായി. കാരണം, ഈ കഥയിലുടനീളം സത്യനാഥന്‍ എന്ന കഥാപാത്രം വഹിച്ച പങ്കിനെ അറിയാതെ, അദ്ദേഹത്തിന്റെ ഭാര്യ തികച്ചും വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അതിനുള്ള മറുപടിയായി സത്യനാഥന്‍ ഒരു നിസ്സാര പുഞ്ചിരി നല്‍കുമ്പോളുണ്ടായ ഫീല്‍ വളരെ വലുതായിരുന്നു എന്ന് വേണം പറയാന്‍.

നല്ല ഒരു കഥയും, ശക്തമായ തിരക്കഥയും സത്യസന്ധമായ ചിത്രീകരണവും കൊണ്ട്‌ ഈ സിനിമയെ ഒരു അപൂര്‍വ്വ അനുഭവമാക്കി മാറ്റിയ രഞ്ജിത്തിനെയും 'പാസ്സഞ്ചര്‍' എന്ന സിനിമയുടെ ടീമിനേയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. അനാവശ്യമായ ഗാനരംഗങ്ങളും അമാനുഷികമായ സ്റ്റണ്ട്‌ രംഗങ്ങളും ഇല്ലെന്നതും ഈ സിനിമയുടെ പ്രത്യകതയാണ്‌.

മലയാള സിനിമയുടെ ഭാവി ശോഭനമാണെന്ന് തെളിയിക്കുക എന്നത്‌ കൂടി ഈ സിനിമയുടെ നിയോഗമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

11 comments:

സൂര്യോദയം said...

'പാസ്സഞ്ചര്‍' ഫിലിം റിവ്യൂ...

സൂര്യോദയം said...

My Rating: 4/5

Haree said...

:-)
വളരെ നന്നായി എഴുതിയിരിക്കുന്നു. വിശേഷിച്ചും “ഈ കഥാപാത്രങ്ങളെയും ജീവിതങ്ങളെയുമെല്ലാം ഒരൊറ്റദിവസത്തെ തുടര്‍ച്ചയായ സംഭവവികാസങ്ങളിലൂടെ...” മുതല്‍ക്ക്.

എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല, പക്ഷെ ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്ന ആരും ഇഷ്ടപ്പെടുക തന്നെ ചെയ്യുമെന്നു തോന്നുന്നു ഈ ചിത്രം.
--

ഏറനാടന്‍ said...
This comment has been removed by the author.
ഏറനാടന്‍ said...

ചക്കിനു ചുറ്റും കറങ്ങുന്ന നുകം വെച്ച കാളകള്‍ ഭരിക്കുന്ന മലയാള സിനിമാ വ്യവസായത്തിന്‌ നല്ലൊരു ഉടച്ചുവാര്‍ക്കല്‍ വരുന്ന കാലം വിദൂരമല്ല എന്ന് ഈ പാസ്സഞ്ചറിലൂടെ നവാഗതപ്രതിഭ രഞ്ചിത്ത് ശങ്കര്‍ തെളിയിച്ചുകഴിഞ്ഞു.

ബൂലോഗത്തേയും ബൂലോഗനേയും പുച്ഛത്തോടെ കണ്ടിരുന്ന ചില ബുജികളുടെ സമീപനം മാറിവരുന്ന ഈ വേളയില്‍ ബൂലോഗത്തെ പ്രതിഭകളുടെ സാന്നിധ്യവും സിനിമാരംഗത്തെ പഴയ വസന്തകാലമായ തീയേറ്റര്‍ നിറയ്ക്കുന്ന ആരവങ്ങളും ജയഭേരികളുമായി പ്രേക്ഷകരെ തിരിച്ചെത്തിക്കുവാന്‍ സഹായകരമാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ, ആശംസകളോടെ...

nandakumar said...

ഏവരും പ്രശംസിച്ചെഴുതിയ ഈ ചിത്രം കാണണമെന്നുണ്ട്. ഹരിയുടെ ‘ചിത്ര വിശേഷത്തില്‍’ ഞാനെഴുതിയ കമന്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു :

പാസ്സഞ്ചര്‍ കാണാന്‍ പറ്റിയില്ല. പക്ഷെ, സുഹൃത്തുക്കളുടേയും മാദ്ധ്യമങ്ങളില്‍ നിന്നും വായിച്ച റിപ്പോര്‍ട്ട് പ്രകാരം ചിത്രം വളരെ വ്യത്യസ്ഥമായ ഒരു ത്രില്ലര്‍ ആണെന്നാണ് അറിഞ്ഞത്.

എന്തായാലും മലയാളത്തിലെ സ്ഥിരം വാര്‍പ്പു മാതൃകകളെ/ഇമേജുകളെ പൊളിച്ചടൂക്കാനും, സ്റ്റണ്ട്-പാട്ട്-ഡാന്‍സ് ഇല്ലാതെ ഒരു ത്രില്ലര്‍ ഒരുക്കുവാനും ധൈര്യംകാണിച്ച ഈ പുതു സംവിധായകന്‍ അഭിനന്ദിക്കപ്പെടേണ്ടതാണ്.

ഇപ്പോഴും എഴുപതുകളില്‍ ഉറച്ചുപോയ സംവിധാന ശൈലിയും, മരവിച്ച തലച്ചോറും, പ്രതിഭാശൂന്യരുമായ കിളവന്‍ സംവിധായകര്‍ ഇനി വീട്ടിലിരുന്നു വിശ്രമിക്കട്ടെ., പകരം ഇന്നൊവേറ്റീവായി ചിന്തിക്കുന്ന യുവ തലമുറ മലയാള്‍ സിനിമയില്‍ ഇനിയുമുണ്ടാവട്ടെ.

Eccentric said...

ipparanja pole swasam adakkipidippich iruthunna oru thriller aayonnum thonniyilla. Pakshe sreenivasante character build up nannayi, Athodoppam jagathiyum. chithram athrayk realistic aayilla ennanu enikk thonniyath. Pinne enthaaNu kuzhappam ennu krithyamaayi ariyilla, but video quality alpam mangiyirikkunnath pole thonni...enkilum aadya samrabham enna nilayk ranjith malayaala sinimayk oru mikacha vagdanam thanne aanu

ഷാരോണ്‍ said...

ചില്ലറ പിഴവുകള്‍ ഒഴിവാക്കാമായിരുന്നില്ലേ "പാസ്സന്ജര്‍"ഇല്‍ ???

ഒരു മന്ത്രി ബുദ്ധി ശൂന്യമായി "നിന്നെ ഞാന്‍ തട്ടും.." എന്നൊക്കെ മൊബൈല് വഴി പറയുമോ??

അതും കുശാഗ്ര ബുദ്ധിയായ ഒരു മന്ത്രി??

ഏതായാലും ഇത ഒരു മാറ്റത്തിന്റെ തുടക്കമാണ്...
ഹിന്ദിയിലെ "എ വെന്നെസ്‌ഡേ" പോലെ ഉള്ള കഥാഗതി...
അതും ഒരു പുതുമുഖ സംവിധായകന്‍ (അസിസ്റ്റന്റ്‌ ആയി പോലും വര്‍ക്ക്‌ ചെയ്യാത്ത ഒരു നരുന്ത് പയ്യന്‍!!) നല്‍കുമ്പോള്‍ അത്ഭുദം...

cloth merchant said...

ഇന്നലെയാണ് ഈ ചിത്രം കാണാന്‍ പറ്റിയത്.വായനയിലൂടെയും അഭിപ്രായങ്ങളിലൂടെയും ഒരുഗ്രന്‍ ചിത്രമായിരിക്കും എന്നതായിരുന്നു പ്രതീക്ഷ.
പക്ഷെ അവെരെജിനു അല്പം മുകളില്‍ എന്നതല്ലാതെ അത്ര ഗ്രിപ്പിംഗ് ആയി ഷേപ്പ് ചെയ്യപ്പെട്ടില്ല ഈ ത്രില്ലര്‍.
തിരക്കഥ യില്‍ കാണിച്ച കയ്യടക്കവും ഹോം വര്‍ക്കും ഒരു സംവിധയകനിലേക്ക് മാറിയപ്പോള്‍ രണ്ജിതിനു എവിടെയോ കൈവിട്ടുപോയി.
സാരമില്ല ,ആത്മാര്‍ദ്ധമായ ആ സമീപനത്തെ നമ്മള്‍ അഭിനന്ദിച്ചേ പറ്റൂ.
കല്ലുകടി ഉണ്ടെങ്ങിലും കാണാവുന്ന കാണേണ്ട ഒരു ചിത്രം.പത്തില്‍ ആറര മാര്‍ക്ക്.

അപരിചിതന്‍ said...

different one..
and good...

കരീം മാഷ്‌ said...

പടം നേരത്തെ കണ്ടിരുന്നു പക്ഷെ റിവ്യൂ ഇന്നാണു സേര്‍ച്ചു ചെയ്തു കണ്ടെത്തിയത്.
എനിക്കിഷ്ടമായി ഈ പടവും റിവ്യൂവും