സംവിധാനം: ഷാഫി
നിര്‍മ്മാണം: പി.കെ. മുരളീധരന്, ശാന്ത മുരലി
അഭിനേതാക്കള്‍: പൃഥ്വീരാജ്, ജയസൂര്യ, റോമ, സംവൃതാ സുനില്‍, രമ്യ നമ്പീശന്, ലാലു അലക്സ്, സലീം കുമാര്‍, പ്രേം, ശാരി, ബിന്ദു പണിക്കര്‍, രാജ്ന് പി. ദേവ്, അനൂപ് ചന്ദ്രന്
സംഗീതം: അലക്സ് പോള്‍
വരികള്‍: വയലാര്‍ ശര്‍ത്ചന്ദ്രവര്‍മ്മ
ക്യാമറ: അഴകപ്പന്‍
കഥ/തിരക്കഥ: സച്ചി - സേതു
കലാസംവിധാനം: സാലു ജോര്‍ജ്ജ്
മായാവിക്ക് ശേഷം ഷാഫി അണിയിച്ചൊരുക്കിയിക്കുന്ന ചിത്രമാണ് ചോക്കളേറ്റ്. മുന്‍ചിത്രങ്ങളെപ്പോലെ ഈ ചിത്രവും ഒരു സമ്പൂര്‍ണ്ണ നര്‍മ്മ ചിത്രം എന്ന രീതിയില്‍ ആണ് ഷാഫി തയ്യാറാക്കിയിരിക്കുന്നത്.
കൊച്ചി നഗരത്തിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു കലാലയത്തില്‍ ആണ്‍കുട്ടികള്‍ക്കായി സംവരണമുള്ള ഒരു സീറ്റിലേയ്ക്ക് നായകന് വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രതീക്ഷിക്കാവുന്നതുപോലെ സമ്മിശ്രമായ പ്രതികരണമാണ് വിദ്യാര്‍ത്ഥികളിൽ നിന്നും രക്ഷിതാക്കളില്‍ നിന്നും ഉണ്ടാകുന്നത്. ഇവയെ നായകന് എങ്ങിനെ നേരിടുന്നു, പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കലാലയത്തില്‍ എങ്ങിനെ തനിക്ക് ഒത്തുപോകാനാകുന്നു, മറ്റ് പെണ്‍കുട്ടികള്‍ എങ്ങിനെ ഈ നായകന്റെ വരവിനെ കാണുന്നു തുടങ്ങിയ കൌതുകകരമായ അവസ്ഥകളിലൂടെ സിനിമ കടന്ന് പോകുന്നു.
ആണത്തവും, ചമ്മലും, കാര്യശേഷിയും, പൈങ്കിളിയും, തോന്യവാസവും ഒക്കെ പ്രകടിപ്പിക്കേണ്ടുന്ന ഒരു വിദ്യാര്‍ത്ഥിയായി പ്രൃഥ്വീരാജ് നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും പലപ്പോഴും കഥ ഒരു നിലവാരമില്ലാത്തതാകയാല്‍ നായകന് അല്‍പ്പം ഓവര്‍ ആയതുപോലെ തോന്നി. ആണ്‍കുട്ടികള്‍ക്കായി പ്രത്യേകം മൂത്രപ്പുര ഇല്ലാത്ത കോളേജില്‍ നായകന് അതന്വേഷിക്കുന്നതും ക്ലാസ്സില്‍ വച്ച് ഒരു പെണ്‍കുട്ടിയുടെ സാനിറ്ററി നാപ്കിന് കാണുന്നതുംപോലെയുള്ള ചില താണനിലവാരത്തിലുള്ള തമാശകള്‍ സിനിമയില്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആണത്തം ഉണ്ടെന്ന് ഒന്നിലധികം തവണ പലരും എടുത്ത് പറഞ്ഞ് വിശേഷിപ്പിച്ച നായികയുടെ പ്രകടനവും അതിനൊത്തുയര്‍ന്നില്ല എന്ന് പറയേണ്ടി വരും. അത് തെളിയിക്കാനായി നായികയ്ക്ക് പെരുമാറ്റത്തിനേക്കാള്‍ സംഭാഷണങ്ങളെ ആശ്രയിക്കേണ്ടി വന്നത് തിരക്കഥയുടെ പരാജയം തന്നെയാണ്. സഹനായകനും സഹനായികയും ആയി വരുമെന്ന് കരുതിയ ജയസൂര്യയും സംവൃതയും നായികാനായകന്മാരുടെ നിഴല്‍ മാത്രമായി ഒതുങ്ങിപ്പോയി പലപ്പോഴും. രാജന് പി ദേവും ലാലു അലക്സും ശാരിയും സലീം കുമാറും അനൂപ് ചന്ദ്രനും തങ്ങളില്‍ നിക്ഷിപ്തമായ അഭിനയം മനോഹരമാക്കി, അത് സ്ഥിരമായി ചെയ്തുപോരുന്ന കഥാപാത്രങ്ങള്‍ ആയതുകൊണ്ടുമാകാം.
തിരക്കഥ വളരെ ബാലിശമാണ് ഈ ചിത്രത്തില്‍. നായികാനായകന്മാര് ആദ്യം കാണുമ്പോള്‍ വഴക്കിടുകയും പിന്നീട് വഴക്ക് മാറി പ്രണയമാകുന്നതും, അതിനുശേഷം ചില തെറ്റിദ്ധാരണകള്‍ മൂലം വഴക്കിട്ട് പിരിയുകയും വീണ്ടും ക്ലൈമാക്സില്‍ ഒന്നുചേരുകയും ചെയ്യുന്ന സിനിമകള്‍ നാം കാണാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു. പക്ഷെ ഈ പഴയ വീഞ്ഞ് പുതിയ നര്‍മ്മക്കുപ്പിയില്‍ പൊതിഞ്ഞ് നല്കാന് ഷാഫി പരിശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകനെ പിടിച്ചിരുത്തുന്നതും ഈ നര്‍മ്മം മാത്രമാണ്. എറണാകുളത്തുള്ള ഒരേ ഒരു വനിതാകലാലയമായ സെന്റ് തെരേസാസിന്റെ അന്തരീക്ഷം അതേപടി പകര്‍ത്താന്‍ സംവിധായകനു കഴിഞ്ഞിട്ടില്ല. ഒരു യുവജനോത്സവത്തിനു ആ കലാലയം കാണിക്കുന്ന ആവേശവും വാശിയും എല്ലാം വളരെ നിസ്സാരപ്പെട്ട രീതിയില്‍ ആണ് സിനിമയില്‍ വന്നിട്ടുള്ളതും. എങ്കിലും പൊതുവേ ഒരു കലാലയാന്തരീക്ഷം നല്കുന്നതില് സിനിമ വിജയിച്ചിട്ടുണ്ട്.
തിരക്കഥയ്ക്ക് സ്വാഭാവികമായുള്ള ഒരു ഒഴുക്കുള്ളതും ആവശ്യത്തിനു നര്മ്മരംഗങ്ങള് ഉള്ളതും സിനിമയുടെ ദൂഷ്യവശങ്ങളെ മറച്ചേക്കാം. ഒരു എന്റര്‍റ്റെയിനര്‍ എന്ന നിലയ്ക്ക് ഈ സിനിമ അതുകൊണ്ട് തന്നെ ആസ്വാദ്യകരമാകുന്നു. സിനിമയിലെ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് പൈങ്കിളി നിലവാരമാണെങ്കിലും അലക്സ് പോള്‍ അതിനു ഇമ്പമാര്‍ന്ന ഈണം നല്‍കിയിട്ടുണ്ട്. ഒരു കലാലയം വര്‍ണ്ണത്തില്‍ പൊതിഞ്ഞതുപോലെ പകര്‍ത്താന്‍ അഴകപ്പനും സാധിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ക്ലാസ്സ്മേറ്റ്സ് എന്ന ചിത്രത്തോളം വരില്ലെങ്കിലും ചോക്കളേറ്റ് പ്രേക്ഷകനു നല്ലൊരു മധുരമുള്ള അനുഭവമാകുന്നു.
എന്റെ റേറ്റിങ്ങ്: 3.0/5
മറ്റ് നിരൂപണങ്ങള്‍:
* ചിത്രവിശേഷം
* മലയാളം മൂവീ റിവ്യൂസ്
* ഇന്ദുലേഖ
3 comments:
ക്ലൈമാക്സ് അല്പം ബോറായോയെന്ന് സംശയമുണ്ടെങ്കിലും ഒരു ആവരേജ് കൊമേഴ്സ്യല്‍ ചിത്രത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നില്ല ചോക്ലേറ്റ്.
വല്യ കൊഴപ്പല്യാതെ കങ്ടിരിക്കാം
കഥ ഒന്നുമില്ല കാര്യായിട്ട്
:)
ഉപാസന
തിയേറ്റരില്‍ ആദ്യാവസാനം മുഴങ്ങിയ ചിരി തന്നെയാ ഈ ചിത്രത്തിന്റെ വിജയം.
-മറ്റ് കാര്യങ്ങള്‍ .....ങാ, ആര് നോക്കുന്നു?
Post a Comment