Tuesday, November 27, 2007

പരദേശികളായ സ്വദേശികള്‍

ഇന്‍ഡ്യാ മഹാരാജ്യത്തിന് ബ്രിട്ടീഷ്കാര്‍ സ്വാതന്ത്ര്യം അനുവദിച്ച് പടിയിറങ്ങിപോയപ്പോള്‍ നമുക്ക് കിട്ടിയ ജനാധിപത്യം ഒരു ശാപമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.അത് ജനാധിപത്യം എന്ന സിദ്ധാന്തത്തിന്റെ തകരാറല്ല,മറിച്ച് ഭാരതീയര്‍ അതിനെ സ്വീകരിച്ചതിലും,പ്രായോഗികമായി നടപ്പിലാക്കിയതിലുമുള്ള പാ‍കപ്പിഴ കൊണ്ടുണ്ടായതാണ്.അമിതമായ സ്വാതന്ത്ര്യവാഞ്ചയോടെ ജനാധിപത്യത്തെ സ്വീകരിച്ച നമ്മള്‍ അതിന്റെ ഗുണ വശത്തെക്കാളേറെ ദോഷവശങ്ങളെയാണ് സ്വീകരിച്ചത്.ഇന്നും ബ്രിട്ടീഷുകാരന്‍ എഴുതിയുണ്ടാക്കിയ നിയമസംഹിതകളുടെ ബലത്തിലാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ നിലകൊള്ളുന്നത്.അത് അടിമുടി അഴിച്ച് പുതുക്കി പണിയാന്‍ നമ്മള്‍ക്ക് കഴിഞ്ഞിട്ടുമില്ല.ഭാരതീയന്‍ ഉണ്ടാക്കിവെച്ച നിയമങ്ങള്‍ക്ക് ഒരു നൂറ് പഴുതുകള്‍ ഉണ്ട് എന്ന് ഏത് നിയമം എടുത്ത് വെച്ച് നോക്കിയാലും കാണാം.ആ പഴുതുകളിലൂടെയാണ് അപരാധികള്‍ രക്ഷപ്പെടുന്നതും.ഈ പഴുതുകള്‍ നിലകൊള്ളുന്നതു കൊണ്ടും,നിയമം എഴുതിയുണ്ടാക്കുമ്പോള്‍ അത് നടപ്പിലാക്കാന്‍ ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം നാളിത് വരെ ഇല്ലാതിരുന്നത് കൊണ്ടും നമ്മുടെ നാട്ടില്‍ അഴിമതിയുണ്ടായി.സ്വജനപക്ഷപാതമുണ്ടായി.വര്‍ഗ്ഗീയത് ആവോളം തഴച്ച് വളര്‍ന്നു.ജനാധിപത്യം അതിന്റെ നിയമസംഹിതകളെ മറികടന്ന് ഒരു പോലീസ്ഭരണം(പോലീസ് സ്റ്റേറ്റ്)എന്ന നിലയിലേക്ക് പലപ്പോഴും കൂപ്പുകുത്തി.ഇപ്പോഴും അങ്ങിനെയാവുന്നു.
ഒരു ജനതയുടെ ശരിയായ വികാര വിചാരങ്ങളെ ഉള്‍ക്കൊള്ളാനും,ശരിയായ ദിശയില്‍ അതിനെ നയിക്കാനും കഴിയുന്ന ഭരണകൂട സംവിധാനങ്ങള്‍ ഇന്നും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടില്ല.ഇന്‍ഡ്യന്‍ ജനാധിപത്യം നമുക്ക് ഭൂഷണമാണോ എന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.(ജനാധിപത്യ സിദ്ധാന്തമല്ല,മറിച്ച് ഇന്‍ഡ്യന്‍ ജനാധിപത്യം എന്ന് ഞാന്‍ അടിവരയിടുന്നു).

ഇപ്രകാരം വേണ്ടും വിധം കൈകാര്യം ചെയ്യാന്‍ കഴിയാതെപോയ ഒരു വിഷയമാണ് ഇന്‍ഡ്യാ വിഭജനകാലത്ത് അബദ്ധം കൊണ്ടോ അല്ലാതെയോ പാക്കിസ്ഥാന്‍ പൌരന്മാരായവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്‍ഡ്യാ ഭരണകൂടത്തിനുണ്ടായ പാളിച്ച.ഈ പാളിച്ചകള്‍ മൂലം,ദുരിതം അനുഭവിക്കേണ്ടി വന്നവര്‍ നിരവധിയാണ്.പാക്കിസ്ഥാനില്‍ അകപ്പെട്ടുപോയവരുടെ സ്ഥിതിയും വിഭിന്നമല്ല.മാതൃഭാഷയേയും,അമ്മ,പെങ്ങള്‍മാരെയും,മക്കളേയും,ഒക്കെ പിരിഞ്ഞ് വേര്‍പെട്ട് പോയവര്‍,അവരുടെ നൊമ്പരങ്ങള്‍ ഒരു സര്‍ക്കാരും കണ്ടതായി നടിച്ചില്ല.മാത്രമല്ല അവരുടെ ദൈന്യതകള്‍ക്ക് പരിഹാരം കാണാനുള്ള ഫലപ്രദമായ ഒരു നിയമസംഹിതയും ഉണ്ടായില്ല.ഇപ്രകാരം സ്വദേശികളായിട്ടും, പരദേശികളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ നൊമ്പരങ്ങളാണ്
പി.ടി.കുഞ്ഞി മുഹമ്മദ് പരദേശി എന്ന ചിത്രത്തിലൂടെ നമ്മളോട് സംവേദിക്കുന്നത്.ചിത്രം കണ്ടിറങ്ങുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ അവരുടെ വേദനകള്‍ ഒരു കനലെന്നപോലെ കോരിയിടാന്‍ ചലചിത്രകാരന്‍ എന്ന നിലയില്‍ പി.ടിക്ക് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ ഒരു ചലചിത്രമെന്ന നിലയില്‍ ചിത്രം പരാജയമാണ് താനും.

സ്വന്തം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് കറാച്ചിയിലേക്ക് വണ്ടി കയറുന്ന മൂസയും,അതുപോലുള്ള മറ്റു ചിലരും,സ്വന്തം നാട്ടില്‍ പരദേശിയായി,പാക്കിസ്ഥാന്‍ പൌരന്മാരായി ജീവിക്കേണ്ടി വരുകയും,അവര്‍ അനുഭവിക്കുകയും ചെയ്യുന്ന പീഡനങ്ങളുടേയും കഥയാണിത്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ജോലിക്കായി കറാച്ചിയില്‍ എത്തപ്പെടുകയാണ് മൂസ.മറ്റു പലരും അങ്ങിനെ വന്ന് പെട്ടവരാണ്.ഇന്‍ഡ്യാ-പാക്ക് വിഭജനത്തോട്കൂടി ഇന്‍ഡ്യാക്കാരന്‍ എന്ന മുദ്ര അവര്‍ക്ക് നഷ്ടപ്പെടുകയാണ്.തിരിച്ച് നാട്ടിലേക്ക് വരുന്നതിന് പാക്കിസ്ഥാന്‍ പാസ്പോര്‍ട്ട് എടുക്കേണ്ടി വരുന്നു.ഇങ്ങനെ സംഭവിച്ച ഒരു അബദ്ധത്തിന്റെ പേരില്‍ പാക് പൌരനായി മൂസയും,അബ്ദു റഹിമാനുമൊക്കെ മാറുന്നു.മൂസയും അബ്ദുറഹിമാനുമൊക്കെ അങ്ങിനെമാറാന്‍ വിധിക്കപ്പെട്ടവരുടെ പ്രതീകങ്ങളാണ്.ജനിച്ച മണ്ണിന്റെ പൌരത്വത്തിനും,ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവരുടെ ത്വരയും, ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയും അവര്‍ പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും ഇരയാകുന്നു.എന്നിട്ടും, പോലിസ്സിന് കൈക്കൂലി നല്‍കിയും, നിയമയുദ്ധം നടത്തിയും,ഒളിവില്‍ താമസിച്ചും സ്വന്തം നാടില്‍ ജിവിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.ഇങ്ങനെ ജീവിക്കേണ്ടി വരുമ്പോള്‍ കുടുംബ ബന്ധങ്ങള്‍ വരെ ശിഥിലമായി പോകുന്നു.എപ്പോഴെങ്കിലും നാടുകടത്തപ്പെടുമോ എന്ന ഭയം അവരെ വല്ലാതെ വേട്ടയാടുന്നു.ഭയത്തില്‍ നിന്നുണ്ടാകുന്ന മാനസിക വിഭ്രാന്തിയിലേക്ക് അബ്ദു റഹിമാനുള്‍പ്പടെയുള്ളവര്‍ മാറുന്നു.
ഒരു നിയമവും,ഭരണകൂടവും സഹായത്തിനില്ലാതെ ഒടുവില്‍ പാക് പൌരന്മാരായി മുദ്രകുത്തപ്പെട്ടവര്‍ നാടുകടത്തപ്പെടുകയാണ്.‍
അവരുടെ വേദനകള്‍ ഫലപ്രദമായി പ്രതിഫലിപ്പിക്കാന്‍ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്.എങ്കിലും 100% ഗുണപരമല്ല കഥയുടെ ആഖ്യാന രീതിയും അവതരണവും.

ശക്തമായ ഒരു തിരക്കഥയുടെ അഭാവം ചിത്രത്തിലുടനീളം മുഴച്ച് നില്‍ക്കുന്നു.കഥാപാത്രങ്ങളേയും,കഥയേയും കൂട്ടിയിണക്കുന്നതില്‍ സംവിധായകനും,തിരക്കഥാകൃത്തും എന്ന നിലയില്‍ പി.ടി.പൂര്‍ണ്ണ പരാജയമാണ്.ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയായ ഉഷയെന്ന(പത്മപ്രിയ) കഥാപാത്രത്തിന്റെ അന്വേഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്.മൂസയും,ഭാര്യയും പറയുന്ന കഥകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.ഈ അവതരണ രീതി പലപ്പോഴും ഒരു ഡോക്യമെന്ററിയുടെ തലത്തിലെക്ക് ചിത്രത്തെ മാറ്റുന്നുണ്ട്.ഇപ്രകാരമുള്ള കഥാ കഥന രീതിയില്‍ നിന്നും വിഭിന്നമായി മറ്റൊരു രീതിയില്‍ അത് സംവദിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ ന്യൂനത പരിഹരിക്കാന്‍ കഴിയുമായിരുന്നു.ചിത്രത്തിലെ പാട്ടുകള്‍ അവസരോചിതമായ രീതിയിലാണ് സന്നിവേശിപ്പിച്ചിരിക്കുന്നത്.എന്നാല്‍ ചിത്രത്തെ പരിപൂര്‍ണ്ണമായി എടുത്തു നോക്കിയാല്‍ ചിത്രസംയോജനം ഫലപ്രദമായി ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെടും.ഡോണ്‍ മാക്സ് എന്ന ചിത്രസംയോജകന്റെ പരിചയക്കുറവ് നമുക്ക് അനുഭവപ്പെടും.കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാലഘട്ടത്തിലെ വേഷവിധാനങ്ങളോടെ നീതിപുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞില്ല.രണ്ട് കാലഘട്ടങ്ങളെ കോര്‍ത്തിണക്കി കഥ പറയുമ്പോള്‍ കഥാ പാത്രങ്ങളുടെ വേഷവിധാനത്തിലും, കാലഘട്ടത്തിലും ഉണ്ടാവേണ്ട വ്യത്യാസം സംവിധായകന്‍ ശ്രദ്ധിക്കാതെ പോയത് ഒരു വീഴ്ചയാണ്.ചിത്രത്തിന്റെ അവസാനം പാക് പൌരന്മാരായ എല്ലാവരേയും പോലീസ് പിടികൂടുന്നുണ്ട്.എന്നാല്‍ നാടുകടത്താന്‍ കൊണ്ടുപോകുന്നത് മൂസയെ മാത്രമാണ്.നാടുകടത്തപ്പെടുന്ന മൂസ മരുഭൂമിയിലൂടെ നടന്നു നീങ്ങുന്ന കാഴ്ച അസ്വാഭാവികതയാണ് സൃഷ്ടിക്കുന്നത്.നാടുകടത്തപെടുന്നതിന്റെ നടപടിക്രമങ്ങള്‍ അറിയാതെപോയതുകൊണ്ടോ, അതോ മന:പൂര്‍വ്വം അപ്രകാരമൊരു രംഗം തെരെഞ്ഞെടുത്തതോ എന്ന് വ്യക്തമല്ല.നല്ലൊരു ഛായാഗ്രാഹകന്റെ കുറവ് ഈ ചിത്രത്തിലുണ്ട്.മനോഹരമാക്കാവുന്ന പല രംഗങ്ങളും, നിര്‍ജ്ജീവങ്ങളായി നമുക്ക് അനുഭവവേദ്യമാകും.പാട്ടുകളും, സംഗീതവും നന്നായിട്ടുണ്ട്.വളര ലാളിത്യമാര്‍ന്ന അവതരണരീതികളും, വരികളും പ്രേക്ഷകന് ഇഷ്ടപ്പെടും.

വലിയകത്ത് മൂസ എന്ന കഥാപാത്രത്തിലൂടെ ഉജ്ജ്വലമായ ഒരു തിരിച്ച് വരവിന് (അമാനുഷിക കഥാപാത്രങ്ങള്‍ വിട്ട്)മോഹന്‍‌ലാല്‍ എന്ന നടന് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ പ്രായമായ വേഷങ്ങള്‍ ചെയ്യുമ്പോള്‍ സ്വരവ്യത്യാസം വരുത്തുന്നതില്‍ ലാല്‍ തികച്ചും പരാജയപ്പെട്ടു.ഉടയോനിലും,രാവണപ്രഭുവിലും ഒക്കെ ലാലിനു പറ്റിയ അതേ പ്രശ്നം.സ്വരവ്യതിയാനം എത്രമനോഹരമായാണ് ജഗതിയും, ടി.ജി.രവിയും നമുക്ക് കാണിച്ച് തരുന്നത്.ചെറിയ കഥാ പാത്രമാണെങ്കിലും പാക് പൌരന്മാരായി ജീവിക്കേണ്ടി വരുന്നതിന്റെ ധര്‍മ്മ സങ്കടങ്ങള്‍ മനോഹരമാക്കാന്‍ സിദ്ധിഖിനും, റ്റി.ജി.രവിക്കും കഴിഞ്ഞിട്ടുണ്ട്.അതുപോലെ തന്നെ ജഗതിയെന്ന അതുല്യനടന്റെ പ്രതിഭാവിലാസം നമുക്ക് ഈ സിനിമയിലും കാണാം.
പത്രക്കാരിയായി വേഷമിടുന്ന പത്മപ്രിയക്ക് വലിയ പ്രാധാന്യമുള്ള അഭിനയമൊന്നും കാഴ്ചവെക്കേണ്ടി വന്നിട്ടില്ല.മുറപ്പെണ്ണായി വേഷം (അമ്മായിയുടെ മകള്‍) ചെയ്യുന്ന ലക്ഷ്മി ഗോപാലസ്വാമിക്ക് വളരെ മനോഹരമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാമായിരുന്നിട്ട് കൂടിയും അതിന് ശ്രമിച്ചിട്ടില്ല. ഒരു കഥാപാത്രമെന്ന നിലയില്‍ കാഴ്ചക്കാരനില്‍ യാതൊരു വികാരവും, ലക്ഷ്മി നമ്മളില്‍ സൃഷ്ടിക്കുന്നില്ല. അതു തന്നെയാണ് ഭാര്യയായി അഭിനയിക്കുന്ന ശ്വേതയുടെ സ്ഥിതിയും.വളരെ നല്ല തന്റേടമുള്ള ഒരു കഥാപാത്രമായി അവര്‍ക്ക് ജീവിക്കാമായിരുന്നു.എന്നാല്‍ അത്തരമൊരു നീക്കം ശ്വേതയില്‍ നിന്ന് ഉണ്ടായില്ല.അഭിനയത്തിന്റെ ബാലപാഠം ഇനിയും പഠിച്ച് തീര്‍ന്നിട്ടില്ലാത്ത ശ്വേതയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനുമാവില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും,പ്രമേയത്തിലെ പുതുമ കൊണ്ട്, പ്രേക്ഷകന്റെ ഉള്ളുണര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

3 comments:

അനംഗാരി said...

പി.ടി.കുഞ്ഞ് മുഹമ്മദിന്റെ പരദേശിയെന്ന ചിത്രത്തെ കുറിച്ച് ഒരു നിരീക്ഷണം

SPM said...

Please visit Chakkamullu.blogspot.com




To read true reviews..........

Sureshkumar Punjhayil said...

Very Good. Best wishes..!!!