Friday, January 12, 2007

പളുങ്ക്


സംവിധാനം: ബ്ലെസ്സി
നിര്‍മ്മാണം : ഡ്രീം ടീം പ്രോഡക്ഷന്‍സ്/ ഹൌളി പൊത്തൂര്‍
അഭിനേതാക്കള്‍ : മമ്മൂട്ടി, ലക്ഷ്മി ശര്‍മ്മ, ബേബി നസ്രീന്‍, ബേബി നിവേദിത
സംഗീതം : മോഹന്‍ സിത്താര
വരികള്‍: കൈതപ്രം

കാഴ്ച, തന്മാത്ര എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ ബ്ലെസ്സി അണിയിച്ചൊരുക്കുന്ന സിനിമയാണ് പളുങ്ക്. ആദ്യ രണ്ട് സിനികളും ഗംഭീര വിജയം നേടിയതിനാല്‍ സ്വാഭാവികമായും വന്‍ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് ഈ സിനിമയില്‍ നിന്നും ഉണ്ടാകുക. മലയാളത്തിലെ കഴിവുറ്റ സംവിധായകന്‍ എന്ന പേര് ബ്ലസ്സി ഇതിനോടകം നേടിക്കഴിയുകയും ചെയ്തിരിക്കുന്നതിനാല്‍ പ്രത്യേകിച്ചും.

എന്നാല്‍ ഈ മുന്‍‌വിധികളുമായി ചെല്ലുന്നവരെ തീര്‍ത്തും നിരാശനാക്കുന്ന വിധമാണ് ഈ സിനിമയുടെ അവതരണം. കാഴ്ച, തന്മാത്ര എന്നീ സിനിമകളില്‍ വലിയൊരു ആശയവും, ചെറിയ ഒരു സന്ദേശവും ഉണ്ടായിരുന്നതും ആ സിനിമകളിലെ കഥയും സംഭാഷണവും മനസ്സില്‍ തട്ടുംവിധമായിരുന്നതുമാണ് ആ സിനിമകളുടെ വിജയരഹസ്യം എന്ന് സംവിധായകന്‍ മനസ്സിലാക്കിയില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ അത് വീണ്ടും ആവര്‍ത്തിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെടുന്നു.

ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് പറിച്ച് നടപ്പെടുന്ന ഒരു സാധാരണ കൃഷിക്കാരനായ മോനിച്ചന്റെ (മമ്മൂട്ടി) യുടെ ജീവിതത്തിലുണ്ടകുന്ന മാറ്റങ്ങളും സംഘര്‍ഷങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ ഗ്രാമജീവിതം സിനിമയില്‍ അധികം വന്നുമില്ല, നഗരജീവിതത്തിന്റെ കാപട്യങ്ങള്‍ കാര്യമായി പകര്‍ത്തിയുമില്ല എന്നതായി സ്ഥിതി. നഗരത്തില്‍ വന്ന് മോനിച്ചന്‍ ചെയ്യുന്ന കള്ളത്തരങ്ങള്‍ ഇത്ര പെട്ടെന്ന് ഗ്രാമത്തില്‍ നിന്നുവന്ന ഒരാള്‍ കാണിക്കും എന്ന് വിശ്വസിക്കണമെങ്കില്‍ ഗ്രാമത്തിലും ഇദ്ദേഹം തീരെ മോശമായിരുന്നില്ല എന്ന് വേണം കരുതാന്‍. അതിന്റെ തെളിവിനായി നായകന്‍ ഗ്രാമത്തില്‍ ഉള്ള സമയത്തുണ്ടായ ഒരു മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംവിധായകന്‍ പറയാന്‍ ശ്രമിച്ചുവെങ്കിലും അത് കാര്യമായ ഗുണം ഒന്നും കഥയ്ക്ക് നല്‍കിയില്ല. നഗരത്തില്‍ വച്ച് നായകന് ഉണ്ടാകുന്ന വളര്‍ച്ചയോ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളോ വ്യക്തമായി പറയാന്‍ സംവിധായകന് ഇഷ്ടം പോലെ സമയമുണ്ടായിട്ടും അതൊന്നും ചെയ്യാതെ സിനിമ രണ്ട് മണിക്കൂറായി ചുരുക്കിയതിനും സിനിമ ഒരു ന്യായീകരണം നല്‍കുന്നില്ല. ഒന്നും വിട്ടുപറയാതെ പറയുന്ന സിനിമയുടെ ക്ലൈമാക്സ് മനസ്സിലാക്കാനും പ്രേക്ഷകര്‍ കഷ്ടപ്പെടേണ്ടി വരും. പോരാ‍തെ നായകന്‍ വീണ്ടും ഗ്രാമത്തിലേക്ക് തിരിച്ച് പോകുമോ, നായകന്റെ പഠിപ്പ്, ചെയ്യുന്ന തൊഴില്‍, നഗരത്തില്‍ വച്ച് നേടിയ സൌഹൃദങ്ങള്‍ എന്നിവ തുടരുമോ എന്നുള്ള തരം സംശയങ്ങളും പ്രേക്ഷകര്‍ക്ക് സ്വയം ആലോച്ചിച്ച് ഉത്തരം കണ്ടെത്തേണ്ടി വരും.

സിനിമ തുടങ്ങി വരുമ്പോഴേ നമ്മള്‍ക്ക് കഥയില്‍ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കണ്ട എന്ന് മനസ്സിലാകുന്നയിടത്ത് സംവിധായകന്‍ ഒരു പരാജയമാകുന്നു. ചെറിയ ചെറിയ ഹാസ്യ മേന്‍പൊടികള്‍ ഇടയ്ക്കിടെ സൃഷ്ടിക്കപ്പെടുന്നത് ഏച്ചു കെട്ടിയതുപോലെ മുഴച്ച് നില്‍ക്കുന്നതും സിനിമയുടെ ആസ്വാദ്യത കുറയ്ക്കുന്നു. ചിലയിടങ്ങളില്‍ കഥ വല്ലാതെ പതുക്കെപ്പോകുന്നത് മലയാളം ടി.വി.സീരിയല്‍ കാണുന്നതുപോലെ തോന്നിപ്പിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ആവശ്യമില്ലാത്ത പല രംഗങ്ങളും സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും സിനിമാസ്വാദനത്തിന്റെ രസം കൊല്ലുന്നു.

മമ്മൂട്ടിയുടെ പ്രകടനവും തൃപ്തികരമല്ല. പുതുതായി ഒന്നും അദ്ദേഹം ചെയ്യുന്നുമില്ല, എടുത്തു പറയത്തക്ക അഭിനയത്തികവ് പ്രദര്‍ശിപ്പിക്കുന്നുമില്ല. നായികയായി വരുന്ന ലക്ഷ്മി ശര്‍മ്മയ്ക്ക് കാര്യമായ ഒന്നും സിനിമയ്ക്ക് നല്‍കാന്‍ കഥ അവസരം നല്‍കുന്നില്ല. തന്മാത്രയിലെ നായിക മീരയെപ്പോലെ കരയാതിരികുന്ന നേരം മുഴുവന്‍ ചിരിച്ച് കൊണ്ട് നില്‍ക്കുന്ന ഈ നായിക, കാഴ്ചയിലും പെരുമാറ്റത്തിലും മമ്മൂട്ടിയേക്കാള്‍ വളരെ ചെറുപ്പമെന്ന് തോന്നിപ്പിക്കുന്നതു കഥയെ കാര്യമായി ബാധിക്കുന്നില്ല എന്നാശ്വസിക്കാം. മമ്മൂട്ടിയുടെ മക്കളായി വന്ന ബേബി നസ്രീനും ബേബി നിവേദിതയും സാമാന്യം നന്നായി തന്നെ അഭിനയിച്ചു. ജഗതിയും നെടുമുടി വേണുവും കണ്ടും ചെയ്തും മടുത്ത രണ്ട് കഥാപാത്രങ്ങളായി വീണ്ടും ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.

ഗാനങ്ങളും ഗാനചിത്രീകരണവും തികച്ചും സാധാരണം. രണ്ടാമത് കാണാനോ കേള്‍ക്കാനോ താത്പര്യപ്പെടാതിരിക്കാന്‍ മാത്രം വിരസം. ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയത് സിനിമയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ ഒപ്പിച്ചെടുക്കാന്‍ മാത്രമാണെന്ന് തോന്നിപ്പോകുന്നു

ബ്ലെസ്സിയുടെ എല്ലാ ചിത്രങ്ങളിലേയും പോലെ ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്നിവര്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന രംഗം ഈ സിനിമയിലും പലകുറി ആവര്‍ത്തിക്കപ്പെടുന്നു. സ്വന്തം കുട്ടികളെക്കുറിച്ചുള്ള നായകന്റെ ആധിയാകുന്നു മൂന്നു ചിത്രങ്ങളുടേയും മുഖ്യപ്രമേയം (അമ്മയുടെ ആധിക്ക് മാര്‍ക്കറ്റ് വാല്യൂ മലയാലം സിനിമയില്‍ പണ്ടേ ഇല്ലല്ലോ). നായകന്‍ കരയുന്ന രംഗങ്ങളും മുന്‍സിനിമകളിലേതുപോലെ ഈ സിനിമയിലും പല തവണ കാണാനാകുന്നു. കഴിഞ്ഞ പടങ്ങള്‍പോലെ ഈ സിനിമയും വളരെ ശോകജനകമായി അവസാനിക്കുകയും ചെയ്യുന്നു. ഒരേ പോലെയുള്ള പടങ്ങള്‍ ചെയ്താല്‍ പ്രേക്ഷകര്‍ എത്ര നാള്‍ സംവിധായകന്റെ പടങ്ങളില്‍ താത്പര്യം കാണിക്കും എന്ന് അദ്ദേഹം ചിന്തിക്കുന്നത് നന്നായിരിക്കും.

സംഗ്രഹം: പുതുതായി ഒന്നും അവകാശപ്പെടാനില്ലാത്ത ചിത്രം. കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകുന്ന ഒരു ചെറുകഥ വായിക്കുന്ന സുഖത്തില്‍ ഒരുതവണ കണ്ടിരിക്കാം എന്ന് മാത്രം. തിയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ പ്രേക്ഷകന്റെ മനസ്സില്‍ ഒന്നും അവശേഷിപ്പിക്കാത്തത് കാരണം ഈ സിനിമ മുന്‍സിനികള്‍പോലെ ഒരു വിജയമാകുമോ എന്ന് കാത്തിരുന്നുതന്നെ കാണണം

എന്റെ റേറ്റിങ്ങ്: 2.5 / 5

(ഒന്നാമത്തെ ആഴ്ചയില്‍ തന്നെ ബാംഗ്ലൂര്‍ പി.വി.ആര്‍ തിയറ്ററില്‍‍ മുക്കാല്‍ പങ്കും കാലിയാ‍യ ആദ്യ മലയാള സിനിമ ഒരുപക്ഷെ ഇതായിരിക്കാം. ഇറങ്ങുന്ന എല്ലാ മലയാളം സിനിമകളും ഇവിടെ വരാറില്ല എന്നതും ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.)

മറ്റു ചില നിരൂപണങ്ങള്‍: ചിത്രവിശേഷം, വര്‍ണ്ണചിത്രം

11 comments:

Peelikkutty!!!!! said...

തന്മാത്ര പോലെ മനസ്സില്‍ തങ്ങിനില്ക്കാന്‍ പോന്ന ഒന്നുമില്ലായിരുന്നു പളുങ്കില്‍!..ചിലപ്പോള്‍, ഒരുപാട് പ്രതീക്ഷയോടെ പോയതു കൊണ്ടാവാം ഒന്നുമില്ലാന്നു തോന്നിയത്!!

മുല്ലപ്പൂ said...

ഗ്രാമത്തില്‍ നിന്നു നഗരത്തിലേക്കു മറിപാര്‍ക്കുന്ന സാധാരണക്കാരുടെ അങ്കലാപ്പുകള്‍, പ്രതിസന്ധികള്‍ ഒക്കെ, ഇതിനു മുന്‍പും ഇതിവൃത്തം ആയിട്ടുണ്ട് സിനിമയില്‍. വ്യത്യസ്തതയുള്ള സിനിമകള്‍ നല്‍കിയ സംവിധായകനാകുമ്പോള്‍ പ്രതീക്ഷ ഏറുന്നു. ചിത്രം ഒന്നു കണ്ടു നോക്കട്ടെ .:)

Obi T R said...

അമ്മയുടെ ആധിക്കും മാര്‍ക്കറ്റ് വാല്യൂ ഉണ്ടെന്നു തെളിയിച്ച പടമാണ് ആകാശദൂത്.

സ്വാര്‍ത്ഥന്‍ said...

ഗൃഹപാഠത്തിന്റെ പോരായ്മ. തിരക്കിട്ടാണോ ബ്ലെസി ഈ പണിക്ക് മുതിര്‍ന്നത് !

sandoz said...

പണ്ട്‌ മമ്മൂട്ടിക്ക്‌ പെട്ടീം കുട്ടീം.ഇന്ന് പദ്മരാജന്റെ ശിഷ്യര്‍ എന്ന് അവകാശപ്പെടുന്നവര്‍ മമ്മൂട്ടിക്ക്‌ കൊടുത്തത്‌ കുട്ടിയെ മാത്രം.ഈ സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ എന്റെ കൈയില്‍ എന്റെ സെല്‍ മാത്രമേ തടഞ്ഞോള്ളു.കസേര പറിച്ച്‌ എറിയാത്തത്‌ ആ സമയത്ത്‌ ഞാന്‍ ഒരു നല്ല മനുഷ്യനായിരുന്നു എന്നത്‌ കൊണ്ട്‌ മാത്രമാണു.[തറവാട്ടില്‍ ഒപ്പിട്ടതിനു ശേഷമാണു ഈ ചരക്ക്‌ കണ്ടതെങ്കില്‍ കോട്ട ഞാന്‍ കത്തിച്ചേനേ...ആവേശം,ആവേശം മാത്രം]

ശാലിനി said...

“മലയാളത്തിലെ കഴിവുറ്റ സംവിധായകന്‍ എന്ന പേര് ബ്ലസ്സി ഇതിനോടകം നേടിക്കഴിയുകയും ചെയ്തിരിക്കുന്നതിനാല്‍“ ബ്ലെസി അത്രയ്ക്കും കഴിവുറ്റ സംവിധായകനാണോ? ‘കാഴ്ച‘ കണ്ടില്ല, തന്മാത്ര കണ്ടു. ഇത്രയും ഘോഷിക്കപ്പെടുവാന്‍ തക്കവിധത്തില്‍ ആ സിനിമയില്‍ സംവിധായകന്റെ കഴിവു കാണിക്കുന്ന ഒന്നും കണ്ടില്ല. പത്മരാജന്റെ പേരിനൊപ്പം ബ്ലെസിയുടെ പേരു പറയണമെങ്കില്‍ ഇതുപോര. ആരോ എഴുതിയതുപോലെ (എഴുതിയ ആളുടെ പേര് ഓര്‍ക്കുന്നില്ല, ക്ഷമിക്കണം) ബ്ലെസി ഇത്ര വലിയ കഴിവുള്ള ആളാണെങ്കില്‍ സൂപ്പര്‍ സ്റ്റാറുകളെ മാറ്റിനിര്‍ത്തി ഒരു സിനിമ എടുത്തു വിജയിപ്പിക്കട്ടെ. അങ്ങനെയാണെങ്കിലല്ലേ സംവിധായകന്റെ സിനിമ എന്നു പറയാന്‍ പറ്റൂ?

പളുങ്കിന്റെ പരസ്യത്തില്‍ വന്ന രംഗങ്ങളേ കണ്ടിട്ടുള്ളൂ.

anil nair said...

ചിത്രം കണ്ടില്ല പക്ഷെ പരസ്യത്തില്‍ വന്ന രംഗങ്ങള്‍ കണ്ടു എനിക്കു തോനുന്നു മമ്മുട്ടി എന്ന അഭിനയ പ്രതിഭ ഒരിക്കല്‍ കൂടി കഴിവു തെളിയിച്ചു എന്ന്...

Manoj | മനോജ്‌ said...

സിനിമാക്കുറിപ്പു വായിച്ചു. സന്തോഷം. ബ്ലസി ഇന്നത്തെ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ ആയതിനാലായിരിക്കും ആളുകള്‍ അദ്ദേഹത്തെ പുകഴ്ത്തുന്നത്... "കാഴ്ച" കണ്ടു. തരക്കേടില്ല എന്നു തോന്നിയിരുന്നു. തമിഴിലെ “മഹാനദി” പോലൊക്കെത്തന്നെ ആവുമെന്നു കരുതി പളുങ്ക് വേണ്ടെന്നുവച്ചു...

t.k. formerly known as thomman said...

പടം കാണാനൊത്തില്ല. പക്ഷേ, വിനയ കണ്ടിട്ട് വളരെ നല്ല അഭിപ്രായം പറയുന്നുണ്ടായിരുന്നു. ഇവിടെ (സാന്‍ ഹോസെ) കഴിഞ്ഞ ആഴ്ചയാണ് ‘പളുങ്ക്’ കളിച്ചത്. ഇവിടെ നിന്നുള്ള തമ്പി ആന്റണി അതില്‍ ഒരു റോള്‍ ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അദ്ദേഹത്തോടൊപ്പം പടം കാണാന്‍ കഴിഞ്ഞ ശനിയാഴ്ച അവസരമുണ്ടായിരുന്നു.

ബ്ലസ്സിയുടെ ‘കാഴ്ച്’ വളരെ നല്ല പടമാണെന്നാണ് എന്റെ അഭിപ്രായം. ‘തന്മാത്ര’യും അത്ര മോശമൊന്നുമല്ല.

K,A.Pyar said...

ഈ സിനിമ വിജയമൊ പരാജയമൊ എന്നു കേരളത്തിലെ പ്രേക്ഷകര്‍ വിധിയെഴുതട്ടെ..ഈ സിനിമയിലെ നല്ല വശങ്ങളെ പ്രതിപാദിക്കതെ യുള്ള വെറും താഴ്ന്ന നിലവാരത്തിലുള്ള "നിരൂപണ"മായിപ്പോയി ഇതു. മമ്മൂട്ടിയുടെ അഭിനയം മികച്ചതായതുകൊണ്ടാണ്‌ , ഈ ചിത്രം "ബ്ലെസ്സിയുടെ ചിത്രം " എന്നതിനേക്കാള്‍ "മമ്മൂട്ടിചിത്രം എന്നറിയപെടുന്നതു...
ഒരു നല്ല സിനിമ.

Sreejith K. said...

സിനിമയുടെ നല്ല വശം എഴുതാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല മാര്‍ക്ക് ഫെറോ, അങ്ങിനെ എന്തെങ്കിലും ഉള്ളതായി എനിക്ക് തോന്നിയില്ലാത്തത് കൊണ്ടാണ്. ക്ലൈമാക്സ് സീനില്‍ ഒഴിച്ചാല്‍ മമ്മൂട്ടിയുടെ അഭിനയം ഏത് രംഗത്താണ് സാധാരണയിലും മികച്ച് നില്‍ക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം. മറ്റ് നായകന്മാരേക്കാള്‍ നല്ലത് എന്നൊരു മറുപടി പറയരുത്, നമ്മള്‍ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ തന്നെ മികച്ച അഭിനയവുമായി മാത്രം താരതമ്യം ചെയ്യുക. തന്റെ മികവ് പ്രകടിപ്പിക്കാന്‍ കഥ അദ്ദേഹത്തിനതിനു അവസരം നല്‍കിയില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

സംവിധായകന്റെ സിനിമ എന്ന് പറയാന്‍ മാത്രം സിനിമ നിലവാരം പുലര്‍ത്തിയില്ല എന്നതുകൊണ്ടാണ് നായകന്റെ പേരില്‍ സിനിമ അറിയപ്പെട്ടത്. മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ചപ്പോഴും തന്മാത്രയുടെ പേര് ബ്ലെസ്സിക്ക് തന്നെ കിട്ടിയില്ലേ? ആ കാലഘട്ടത്തില്‍ മറ്റ് നല്ല പടങ്ങള്‍ വരാത്തത് കൊണ്ട് ഈ സിനിമ പിടിച്ചു നിന്നു എന്നേ പറയാനൊക്കൂ.