Wednesday, August 30, 2006

കീര്‍ത്തിചക്ര


ഭാഷ: മലയാളം
സംവിധായകന്‍: മേജര്‍ രവി
നിര്‍മ്മാതാവ്: സൂപ്പര്‍ ഗുഡ് ഫിലിംസ്
അഭിനേതാക്കള്‍: മോഹന്‍ ലാല്‍ ജീവ ബിജു മേനോന്‍ ഷമ്മി തിലകന്‍ കൊച്ചിന്‍ ഹനീഫ ഗോപിക ലക്ഷ്മി ഗോപാലസ്വാമി
സംഗീതം: ജോഷ്വ ശ്രീധര്‍
വരികള്‍: ഗിരീഷ് പുത്ത‍ഞ്ചേരി

ഈ സിനിമ കണ്ട എന്റെ ഒരു സുഹൃത്ത് പറഞ്ഞ വാചകമുണ്ട്. ഈ സിനിമയില്‍ ഉതിര്‍ക്കുന്ന ഓരോ വെടിയും കൊള്ളുന്നത് പ്രേക്ഷകന്റെ നെഞ്ചിലാണെന്ന്. സിനിമയെപ്പറ്റി പറയാന്‍ എനിക്കേറ്റം അനുയോജ്യമായി തോന്നിയതും ഈ അഭിപ്രായം തന്നെ. കാരണം, സിനിമ കണ്ടിറങ്ങുമ്പോഴേക്കും ഞാന്‍ പാതി ചത്തിരുന്നു.

മലയാളം സിനിമകള്‍ മാത്രം കാണുന്ന ഒരു പ്രേക്ഷകന് ഈ സിനിമ ഒരു പുതിയ അനുഭവമാണ്. മുന്‍പൊരിക്കലും കാണാത്ത തരത്തിലുള്ള ആക്ഷന്‍ സീനുകളും ചിത്രീകരണവും കഥാതന്തുവുമൊക്കെ ഇതില്‍ കാണാം. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങളും, വണ്ടികളും പട്ടാളക്കാര്‍ ഉപയോഗിക്കുന്നത് തന്നെയാണ്. സംഭാഷണങ്ങള്‍ക്ക് മുന്‍‌തൂക്കമില്ലാതെ ആക്ഷന് പ്രാധാന്യം കിട്ടുന്നതും സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ ഒരു പുതുമ തന്നെ. ആക്ഷന്‍ രംഗങ്ങളില്‍ ക്യാമറ ഒരിടത്ത് അനക്കാതെ വച്ച് ഷൂട്ട് ചെയ്യുന്ന പതിവ് രീതിക്ക് പകരം, ക്യാമറ shake ചെയ്ത് കൊണ്ട് ചിത്രീകരിച്ചിരിക്കുന്നത്, യഥാര്‍ത്ഥ യുദ്ധഭൂമിയില്‍ നില്‍ക്കുന്ന ഒരു പ്രതീതി ജനിപ്പിക്കുന്നു.

എന്നാല്‍ ഇത് തന്നെയാണ് ഈ സിനിമയുടെ ഒരു പോരായ്മയും. ഹിന്ദി സൈനിക സിനിമകളും ഇംഗ്ലീഷ് സിനിമകളും എന്തിന്, തമിഴ് സിനിമയിലെ ആക്ഷനുകള്‍ കണ്ട് ശീലിച്ചവര്‍ക്ക് പോലും ഇത് ദഹിക്കാന്‍ പ്രയാസമാകും. അങ്ങിനെയുള്ളവര്‍ക്ക് ഇതൊരു തികഞ്ഞ അനുകരണമായേ കാണാനാകൂ. ക്യാമറ കുറച്ചധികമായി തന്നെ കുലുക്കുന്നത്, ചില രംഗങ്ങളില്‍ അരോചകമാകുന്നുണ്ട് താനും. ആദ്യമായി ഒരു മലയാളം സിനിമയില്‍ ശരിയായ ആയുധങ്ങള്‍ ഷൂട്ടിങ്ങിനായി കിട്ടിയിട്ടും ആ ആയുധങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്തിയിട്ടില്ല. സുരേഷ് ഗോപി ചിത്രങ്ങള്‍‍ കാണുന്നപോലെ ആ ആയുധങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കാതെ വിടുന്നു. കാശ്മീരില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു ഭീകരാന്തരീക്ഷം ചിത്രത്തില്‍ സൃഷ്ടിക്കാന്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന് തന്നെ പറയണം.

ബിജു മേനോന്‍ എന്ന നടന്റെ റോള്‍ തികച്ചും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നല്ല ചിത്രത്തില്‍. ഒന്നോ രണ്ടോ സീനുകള്‍ക്കപ്പുറത്ത് ബിജു പ്രത്യക്ഷപ്പെടുന്നില്ല. കൊച്ചിന്‍ ഹനീഫയും അങ്ങിനെ തന്നെ. ഷമ്മി തിലകന്റെ, ചോര കണ്ടാല്‍ പേടിയാകുന്ന ഒരു കമാന്റോയുടെ റോള്‍ കണ്ട് കരയണോ ചിരിക്കണോ എന്ന അവസ്ഥയില്‍ ആയിപ്പോകും പ്രേക്ഷകന്‍. സ്വയം ഒരു പട്ടാളക്കാരനായിരുന്നിട്ടുകൂടി തന്റെ മകളുടെ ഭര്‍ത്താവിനെ, കാശ്മീരില്‍ നിന്ന് ജീവന് അപകടമില്ലാത്ത മറ്റെവിടേക്കെങ്കിലും സ്ഥലം മാറ്റാന്‍ ശ്രമിക്കുന്ന മോഹന്‍ലാലിന്റെ അമ്മായിഅപ്പനും സിനിമയെ അപഹാസ്യമാക്കുന്നു. ഗോപികയും ലക്ഷ്മി ഗോപാലസ്വാമിയും ചിത്രത്തില്‍ പാട്ടുസീനുകള്‍ക്ക് മാത്രമായി ഉള്‍ക്കൊള്ളിച്ച പോലെയേ തോന്നിക്കുന്നുള്ളൂ. നായകന്‍, ഭാര്യ ജീപ്പില്‍ വച്ച ബോമ്പിനാല്‍ മരിക്കുമ്പോള്‍ ആ ജഡത്തില്‍ കെട്ടിപ്പിടിച്ചു കരയുന്ന സീനില്‍, ചുറ്റുംകൂടിയ ജനക്കൂട്ടത്തിന്റെ ഇടയില്‍ മൊബൈല്‍ഫോണുമായി ഒരാള്‍ നടന്ന് പോകുന്നത് കണ്ട് അയാളാണിത് ചെയ്തതെന്ന് ഊഹിക്കുകയും, അവസാന സീനില്‍ അയാളെ തിരിച്ചറിയുകയും ചെയ്യുന്നത് ശുദ്ധ ഭോഷ്കായി തോന്നിയാല്‍ അദ്ഭുതമുണ്ടോ? യുദ്ധമുന്നണിയില്‍ മുന്നില്‍ നിന്ന് തീവ്രവാദികളോട് യുദ്ധം നയിക്കുന്ന മേജറോട് ഓരോ അഞ്ച് മിനുട്ട് കൂടുമ്പോഴും എന്നെ വിളിച്ച് അപ്ഡേറ്റ് തരണം എന്ന് മെസ്സേജ് കൊടുക്കുന്ന സായികുമാറിനെ തീവ്രവാദികള്‍ കൊന്നില്ലെങ്കിലും പ്രേക്ഷകന്‍ കൊല്ലാന്‍ സാധ്യതയേറെയാണ്. പടത്തിലുടനീളം ഇസ്ലാമിനെപ്പറ്റി തീവ്രവാദികള്‍ തന്നെ പറയുന്ന വാചകങ്ങള്‍ പാ‍രമ്പര്യ മുസ്ലീം മത വിശ്വാസികളെ ചിത്രത്തില്‍ നിന്നകറ്റും എന്നതില്‍ തര്‍ക്കമുണ്ടാകാന്‍ തരമില്ല.

പടത്തില്‍ സഹിക്കാന്‍ പറ്റാത്ത മറ്റൊന്ന്, ഇന്റെര്‍വെല്ലിനു ശേഷം വരുന്ന ഒരു ബലാത്സംഗമാണ്. ഇതിപ്പോള്‍ തീരും എന്ന് വിചാരിക്കുന്ന പ്രേക്ഷകനെ അമ്പരപ്പിച്ചുകൊണ്ട് പത്ത് മിനുട്ടിലധികം നീളുന്നു ഈ കൃത്യം. നന്ദിതാ ദാസിന്റെ ചില ഹിന്ദി സിനിമകളേക്കാളും ഗഹനമായി, ഒരു ബാലാത്സംഘം എന്നാല്‍ എന്ത് എന്നതിന് ഒരു ഗൈഡായി ഉപയോഗിക്കാവുന്ന തരത്തില്‍തന്നെയാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗത്തില്‍ ബേബി സനൂഷ മുഴുവന്‍ നേരവും ദൃക്‌സാക്ഷിയായി തന്നെ ഉണ്ടെന്നുള്ളതും ഞെട്ടലോടെ മാത്രമേ കാണാന്‍ സാധിക്കൂ.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനം ആര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തില്‍ തന്നെയാണ്. കടിച്ചാല്‍ പൊട്ടാത്തതോ, നീളം കൂടുതലുള്ളതോ ആയ ഡയലോഗുകള്‍ ഒന്നും പറഞ്ഞ് നായകന്‍ ഇവിടെ കൈയ്യടി വാങ്ങാന്‍ ശ്രമിക്കുന്നില്ല. പ്രായത്തിന്റെ ഒരു ക്ഷീണവും അദ്ദേഹം ഒരിടത്തും കാണിച്ചിട്ടില്ല. വളരെ തന്മയത്വമായി ഒരു മേജറിന്റെ കാര്‍ക്കശ്യവും ഒരു സ്നേഹമുള്ള ഭര്‍ത്താവിന്റെ മൃദുലതയും അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. തന്റെ അഭിനയത്തികവുകള്‍ കാണിക്കാനായുള്ള അധികം അവസരങ്ങള്‍ സിനിമയുടെ കഥ ‍അദ്ദേഹത്തിന് നല്‍കിയില്ല എന്നത് സിനിമയുടെ ഒരു പോരായ്മയായി തോന്നാം.

പൊണ്ണത്തടിയും വച്ച് മുടി നീട്ടി വളര്‍ത്തിയ ഒരു കമന്റോയാ‍യാണ് “ജീവ” സിനിമയില്‍ ഉള്ളതെങ്കിലും ജീവയുടെ പ്രകടനം അഭിനന്ദനാര്‍ഹം തന്നെയാണ്. ജീവ സിനിമയില്‍ മുഴുനീളം തമിഴാണ് ഉപയോഗിക്കുന്നതെങ്കിലും അത് മലയാളികള്‍ക്ക് മടുക്കാന്‍ സാധ്യതയില്ല. നായകന് കുതിരകേറാനായി സ്ഫടികം ജോര്‍ജ്ജും ശ്വേതാ മേനോനും ഇടക്ക് വന്ന് പോകുന്നുണ്ട്, അതില്‍ കവിഞ്ഞ് അവര്‍ കഥയ്ക്ക് യാതൊരു രീതിയിലും സ്വാധീനിക്കുന്നില്ല.

മൊത്തതില്‍ നോക്കിയാല്‍ ആകെ തിളങ്ങുന്നത് സംഗീത സംവിധായകന്‍ ജോഷ്വാശ്രീധറാണ്. ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും വളരെ മനോഹരമാണ്. ഇപ്പോള്‍ തന്നെ അവ ഹിറ്റ് ചാര്‍ട്ടുകളില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു. പാട്ടുകളുടെ ചിത്രീകരണവും നയനാനന്ദകരം. പാട്ടുകളും, പാട്ടുകള്‍ മാത്രമുള്ള വീഡിയോ സി.ഡിയും ഒരു “must-buy” തന്നെ. മുഴുവന്‍ സിനിമയുടെ സി.ഡി വാങ്ങിയിട്ട് കാര്യമുണ്ടാകാന്‍ വഴിയില്ല. വാങ്ങുന്നവര്‍ സിനിമ ഒന്നിലധികം പ്രാവശ്യം കാണാന്‍ സാധ്യത തുലോം തുച്ഛം.

എങ്കിലും ഒരു നവാഗത സംവിധായകന്‍ എന്ന നിലയില്‍ മേജര്‍ രവി ഒരു വിജയം ആണെന്ന് തന്നെ പറയണം. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ആക്ഷനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നതെങ്കിലും, ഒരു സിനിമയില്‍ അത്യാവശ്യം വേണ്ട റൊമാന്‍സ്, സെന്റിമെന്റ്സ്, ഡയലോഗ്സ്, നായകന്റെ സൂപ്പര്‍ ഹ്യൂമന്‍ കഴിവുകള്‍ എന്നൊക്കെ വളരെ നന്നായി സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സിനിമയുടെ ലൊക്കേഷനുകള്‍ അതിഗംഭീരമെന്ന് മാത്രമല്ല, അത് നന്നായി ചിത്രീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ആദ്യ തവണ കാണുമ്പോള്‍ ബോറടിക്കാന്‍ വളരെക്കുറച്ചുമാത്രം സാധ്യത ഉള്ള ചിത്രം. അതിനാല്‍ തന്നെ ചിത്രം ഒരു ഗംഭീര വിജയമാകുമെന്നതില്‍ ഒരു സംശയവും വേണ്ട.

എന്റെ റേറ്റിങ്ങ്: 3.5/5

Tuesday, August 29, 2006

അടൂര്‍ ഗോപാലകൃഷ്ണണന്റെ സിനിമകള്‍

സമാന്തര സിനിമകളെ വളരെ പുഛത്തോടെ ..അത്‌ ബുദ്ധിജീവികളുടെ സിനിമ എന്നാക്ഷേപിച്ച്‌ പുറംകാലുകൊണ്ട്‌ തട്ടി തെറിപ്പിക്കുന്നവരാണു പലരും ..., എന്റെ അഭിപ്രായത്തില്‍ സിനിമയുടെ കാതല്‍ സമാന്തര സിനിമകളാണ്, ജീവാത്മകമായുള്ള ചിന്തകളും കാലഘട്ടത്തിന്റെ വേദനകളും ആഢംഭരമില്ലാതെ അവതരിപ്പിക്കപെടുകയും ചെയ്യുന്ന മാധ്യമ മാര്‍ഗമാണ് സമാന്തര സിനിമകള്‍, ഒരു രാജ്യത്തിന്റെ, പ്രദേശത്തിന്റെ ഗദ്ഗദങ്ങള്‍, സാംസ്ക്കാരിക തനിമ, പൈതൃ‍കത്വം, എല്ലാം സമാന്തര സിനിമകളില്‍ ദര്‍ശ്ശിക്കപ്പെടുന്നു, ജീവിതത്തിന്റെ ഒച്ചപ്പാടുകളില്‍ നിന്ന് അകന്ന് നില്‍ക്കുന്നവയാണു സമാന്തര സിനിമകള്‍.

സമാന്തര സിനിമകള്‍ പൂര്‍ണ്ണതയോടെ അവതരിപ്പിക്കാന്‍ കഴിവുള്ള മലയാളികളൂടെ അഭിമാനമാണു അടൂര്‍ ഗോപാലകൃ‍ഷ്ണന്‍, അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം പോലും പയറ്റിതെളിഞ്ഞ അഭിനേതാക്കള്‍ക്ക്‌ അസുലഭവസന്ദര്‍ഭമാണു അതില്‍ നിന്ന് തന്നെ നമുക്ക്‌ മനസ്സിലാക്കാം സമാന്തര സിനിമകളുടെ പ്രസക്തി.

കുട്ടിയായിരിക്കുമ്പോഴാണു ഞാന്‍ സ്കൂളില്‍ നിന്ന് അടൂരിന്റെ രണ്ടാമത്തെ സമാന്തര സിനിമയായ കൊടിയേറ്റം കാണാന്‍ ഭാഗ്യം ഉണ്ടാവുന്നത്‌ ... സത്യത്തില്‍ എന്താണു സിനിമ എന്ന തിരിച്ചറിവിനു മുന്‍പ്‌ കണ്ട സിനിമയാണത്‌... എന്നാല്‍ ഇന്നും അതിലെ ചില രംഗങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ട്‌, അദ്ദേഹം ആകെ ഒന്‍പത്‌ (സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍കുത്ത്‌ )സമാന്തര സിനിമകള്‍ക്കാണു സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്‌.

ഞാന്‍ കണ്ട അദ്ദേഹത്തിന്റെ സിനിമകള്‍, കൊടിയേറ്റം, വിധേയന്‍, മതിലുകള്‍, നിഴല്‍കുത്ത്‌ എന്നിവയാണു ആധികാരികതക്കപ്പുറത്ത്‌ നിന്നേ എനിക്കിതിനെ വിലയിരുത്താനാവൂ കാരണം .. അടൂര്‍‍ ഗോപാലകൃ‍ഷ്ണന്‍ എന്ന മലയുടെ മുന്‍പിലെ വെറുമൊരു എലിയാണു ഞാനെന്ന സത്യം ഉള്‍‍കൊള്ളുന്നത്‌ കൊണ്ട്‌, കൊടിയേറ്റം ഓര്‍മ്മകള്‍ക്കപ്പുറത്താണു , വിധേയന്‍.., പോള്‍ സക്കറിയ എഴുതിയ ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും എന്ന നോവലിന്റെ ചലചിത്രാവിഷ്കരണമാണു വിധേയന്‍, ഒരു നായക നടന്‍ വില്ലന്‍ കഥാപാത്രമാവുന്നു എന്നതും ഈ സിനിയിലെ പ്രത്യേകതയാണു, ശരിക്കും ചിത്രത്തിന്റെ ടൈറ്റില്‍ തന്നെ തൊമ്മി (എം.ആര്‍.ഗോപകുമാര്‍) എന്ന കഥാപത്രത്തിന്റേതാണ് , അദ്ദേഹത്തിന്റെ പട്ടേലരോടുള്ള വിധേയത്വമാണു ഇതിന്റെ പ്രമേയം , അത്‌ വളരെ തന്‍മയത്തത്തോടെ അടൂര്‍‍ നമ്മുക്ക്‌ മുന്‍പില്‍ അവതരിപ്പിച്ചു, ആയിരത്തി തൊള്ളായിരത്തി തൊണ്ണുറ്റിമൂന്നിലെ ദേശീയ അവാര്‍ഡ്‌ മമ്മുട്ടിക്ക്‌ വാങ്ങി കൊടുത്തത്‌ ഈ ചിത്രമാണു, അന്നത്തെ ഏറ്റവും നല്ല സിനിമയും, നല്ല സംവിധായകനുമുള്ള സ്റ്റേറ്റ്‌ അവാര്‍ഡും ഈ സിനിമ വാരിക്കൂട്ടി.

അടൂരിന്റെ മനോഹരമായൊരു ചിത്രമാണു നിഴല്‍കുത്ത്‌, പതിവില്‍ നിന്ന് വിപരീതമായി ഒരല്‍പ്പം നിറവും കൂടി ഇദ്ദേഹം ഈ സിനികയില്‍ ചേര്‍ത്തിട്ടുണ്ട്‌, ആയിരത്തി തൊള്ളായിരത്തി നാല്‍പ്പതുകളിലെ തിരുവിതാംകൂറിലെ അവസാനത്തെ ആരാച്ചാര്‍, അദ്ദേഹത്തിന്റെ മകന്‍ തൂക്കിക്കൊലക്കെതിരെ സമരം ചെയ്യുന്ന വ്യക്തി, ആ കാലഘട്ടത്തിന്റെ ആചാരങ്ങളും, വിശ്വാസങ്ങളും ശരിക്കും അടൂര്‍‍ നമ്മുക്ക് ‌വേണ്ടി പുനഃവതരിപ്പിച്ചു, സ്ത്രീ സ്വാതന്ത്രം, സ്ത്രീ വിദ്യാഭ്യാസം, അന്ധവിശ്വാസങ്ങള്‍, എന്നിവയെല്ലാം അദ്ദേഹം നമ്മുക്ക്‌ മുന്‍പില്‍ ലളിതമായി അവതരിപ്പിച്ചു, ഒരു നിരപരാധിയെ ക്കൊല്ലേണ്ടിവന്ന സങ്കടം പേറുന്ന കാളിയപ്പന്‍ (ഒടുവിലിനു നമുക്ക്‌ പ്രണാമം അര്‍പ്പിക്കാം) എന്തിനെതിരെ പോരാടിയോ അത്‌ സ്വയം ഏറ്റെടുക്കേണ്ടി വന്ന ഒരു യുവാവിന്റെ നിസ്സഹായവസ്ഥയും എന്ത്‌ മനോഹരമായാണു അടൂര്‍‍ നമുക്ക്‌ വേണ്ടി അവതരിപ്പിച്ചത്‌.

അടൂരിന്റെ ആറാമത്തെ ചിത്രമാണു മതിലുകള്‍, ആയിരത്തി തൊള്ളായിരത്തി നാല്‍പ്പതുകളില്‍ വിശ്വപ്രസിദ്ധ എഴുത്തുക്കാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സ്വന്തം ജയില്‍ ജീവിതാനുഭവം ചെറുനോവലില്‍ രചിക്കപ്പെട്ട മതിലുകള്‍ തന്നെയാണു അടൂര്‍‍‍ നമുക്ക്‌ വേണ്ടി മതിലുകള്‍ എന്ന ചലചിത്രം സൃ‍ഷ്ടിച്ചത്‌, കണ്ണുകള്‍ക്കുമപ്പുറത്തുള്ള, സ്വരത്താല്‍ മാത്രം ഗ്രഹിച്ച മധുരമായൊരു പ്രണയത്തിന്റെ മാധുര്യം ചോരാതെ തന്നെ നമുക്ക്‌ മുന്‍പില്‍ അവതരിപ്പിച്ചു, ബഷീര്‍ തന്നെ വളരെയധികം പ്രശംസിച്ചൊരു സിനിമ . നമുക്ക്‌ സുപരിചിതമായ ഒരു സ്ത്രീ ശബ്ദം അതൊരുപക്ഷെ ആ സിനിമയുടെ ഒരു ചെറു ന്യൂനതയായി കാണാം , പ്രേക്ഷകര്‍‍ക്ക്‌ കൂടി അപരിചിതമായൊരു ശബ്ദം കൂടി ആയിരുന്നെങ്കില്‍.

വിചാരം

Monday, August 28, 2006

തുടക്കം

നല്ല എഴുത്തുകാരുള്ള ഈ ബൂലോകത്ത് എന്ത് കൊണ്ട് പുതിയ സിനിമകള്‍ക്ക് നല്ല നിരൂപണങ്ങള്‍ ഉണ്ടാകുന്നില്ല? ഈ ബ്ലോഗ് അതിനുള്ള ശ്രമമാണ്. സിനിമകളെ പൊക്കിപ്പറഞ്ഞ് ഹിറ്റാക്കാനും, കരിവാരിത്തേച്ച് ഫ്ലോപ്പാക്കാനും ഒരു ബ്ലോഗ് മാത്രം കൈവശമുള്ള പ്രേക്ഷകര്‍ക്കുള്ള ഉപാധി.

ചില നിയമാവലികള്‍ ഇവിടെ ആവശ്യമെന്ന് തോന്നുന്നു. ഇതാ ചിലത്.

 1. ഇവിടെ എഴുതുന്ന അഭിപ്രായങ്ങള്‍ എഴുത്തുകാരന്റെ മാത്രമാണ്. എതിര്‍പ്പുണ്ടെങ്കില്‍ കമന്റിട്ട് അറിയിക്കാം, പോസ്റ്റ് ആരെയും അധിക്ഷേപിക്കാത്തിടത്തോളം ഡിലീറ്റ് ചെയ്യപ്പെടുന്നതല്ല.
 2. ഒരാള്‍ക്കിഷ്ടമായ സിനിമ മറ്റുള്ളവര്‍ക്ക് ഇഷ്ടമായില്ലെന്ന് വരാം. തിരിച്ചും. അതിനാല്‍ പോസ്റ്റുകള്‍ മുഖവിലയ്ക്കെടുക്കുന്നതിനു മുന്‍പ് രണ്ടാമതൊന്നാലോചിക്കുക.
 3. തനിക്കിഷ്ടമായില്ല എന്ന് പറയുമ്പോള്‍, അതിനു കാരണങ്ങളും വിശദമാക്കുക. പക്ഷെ ആ അഭിപ്രായങ്ങള്‍ ചിലരുടെ വികാരങ്ങളെ ഹനിക്കാന്‍ സാധ്യത ഉണ്ടെന്നതിനാല്‍ ആത്മസംയമനം പാലിക്കാന്‍ ശ്രദ്ധിക്കുക.
 4. ഒരു പോസ്റ്റില്‍ ഒരു സിനിമയെക്കുറിച്ചേ പ്രതിപാദിക്കാവൂ. ഓരോ പോസ്റ്റിന്റെ പേരും ആ പോസ്റ്റില്‍ പറയുന്ന സിനിമയുടെ പേരായിരിക്കണം.
 5. ഏത് ഭാഷയിലെ സിനിമകളേയും കുറിച്ച് വിമര്‍ശിക്കാം.
 6. ഏത് കാലഘട്ടത്തിലെ സിനിമകളേയും കുറിച്ച് വിമര്‍ശിക്കാം.
 7. സിനിമയിലെ പാട്ടുകളേയും വിമര്‍ശിക്കാം/അനുമോദിക്കാം.
 8. സിനിമയ്ക്ക് അഞ്ചില്‍ എത്ര റേറ്റിങ്ങ് കൊടുക്കുമെന്നും പറയാവുന്നതാണ്.
 9. വേറൊരാള്‍ എഴുതിയ വിമര്‍ശനത്തേക്കാള്‍ നന്നായി എഴുതാന്‍ തനിക്ക് കഴിയുമെന്ന് കണ്ടാല്‍ പുതിയ ഒരു പോസ്റ്റ് ഇടാവുന്നതാണ്. പക്ഷെ ആദ്യം എഴുതിയ ആളിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ പാടുള്ളതല്ല്ല്ല.
 10. സിനിമയിലേ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൂടി ചേര്‍ക്കാന്‍ ശ്രമിക്കുക.
 11. നിരൂപണം സിനിമയുടെ കഥ ചുരുക്കി എഴുതുന്നത് ആകരുത്.
 12. അസഭ്യമായതൊന്നും സ്വീകാര്യമല്ല.

നല്ല നിരൂപണങ്ങള്‍ ഈ ബ്ലോഗില്‍ വരുംകാലങ്ങളില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ