ഭാഷ: മലയാളം
സംവിധായകന്: മേജര്‍ രവി
നിര്‍മ്മാതാവ്: സൂപ്പര്‍ ഗുഡ് ഫിലിംസ്
അഭിനേതാക്കള്‍: മോഹന്‍ ലാല്‍ ജീവ ബിജു മേനോന് ഷമ്മി തിലകന് കൊച്ചിന് ഹനീഫ ഗോപിക ലക്ഷ്മി ഗോപാലസ്വാമി
സംഗീതം: ജോഷ്വ ശ്രീധര്‍
വരികള്‍: ഗിരീഷ് പുത്തഞ്ചേരി
ഈ സിനിമ കണ്ട എന്റെ ഒരു സുഹൃത്ത് പറഞ്ഞ വാചകമുണ്ട്. ഈ സിനിമയില്‍ ഉതിര്‍ക്കുന്ന ഓരോ വെടിയും കൊള്ളുന്നത് പ്രേക്ഷകന്റെ നെഞ്ചിലാണെന്ന്. സിനിമയെപ്പറ്റി പറയാന്‍ എനിക്കേറ്റം അനുയോജ്യമായി തോന്നിയതും ഈ അഭിപ്രായം തന്നെ. കാരണം, സിനിമ കണ്ടിറങ്ങുമ്പോഴേക്കും ഞാന്‍ പാതി ചത്തിരുന്നു.
മലയാളം സിനിമകള്‍ മാത്രം കാണുന്ന ഒരു പ്രേക്ഷകന് ഈ സിനിമ ഒരു പുതിയ അനുഭവമാണ്. മുന്‍പൊരിക്കലും കാണാത്ത തരത്തിലുള്ള ആക്ഷന്‍ സീനുകളും ചിത്രീകരണവും കഥാതന്തുവുമൊക്കെ ഇതില്‍ കാണാം. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങളും, വണ്ടികളും പട്ടാളക്കാര്‍ ഉപയോഗിക്കുന്നത് തന്നെയാണ്. സംഭാഷണങ്ങള്‍ക്ക് മുന്തൂക്കമില്ലാതെ ആക്ഷന്‍ പ്രാധാന്യം കിട്ടുന്നതും സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ അരങ്ങ് വാഴുന്ന ഈ കാലഘട്ടത്തില്‍ ഒരു പുതുമ തന്നെ. ആക്ഷന്‍ രംഗങ്ങളില്‍ ക്യാമറ ഒരിടത്ത് അനക്കാതെ വച്ച് ഷൂട്ട് ചെയ്യുന്ന പതിവ് രീതിക്ക് പകരം, ക്യാമറ shake ചെയ്ത് കൊണ്ട് ചിത്രീകരിച്ചിരിക്കുന്നത്, യഥാര്‍ത്ഥ യുദ്ധഭൂമിയില്‍ നില്ക്കുന്ന ഒരു പ്രതീതി ജനിപ്പിക്കുന്നു.
എന്നാല്‍ ഇത് തന്നെയാണ് ഈ സിനിമയുടെ ഒരു പോരായ്മയും. ഹിന്ദി സൈനിക സിനിമകളും ഇംഗ്ലീഷ് സിനിമകളും എന്തിന്, തമിഴ് സിനിമയിലെ ആക്ഷനുകള്‍ കണ്ട് ശീലിച്ചവര്‍ക്ക് പോലും ഇത് ദഹിക്കാന്‍ പ്രയാസമാകും. അങ്ങിനെയുള്ളവര്‍ക്ക് ഇതൊരു തികഞ്ഞ അനുകരണമായേ കാണാനാകൂ. ക്യാമറ കുറച്ചധികമായി തന്നെ കുലുക്കുന്നത്, ചില രംഗങ്ങളില്‍ അരോചകമാകുന്നുണ്ട് താനും. ആദ്യമായി ഒരു മലയാളം സിനിമയില്‍ ശരിയായ ആയുധങ്ങള്‍ ഷൂട്ടിങ്ങിനായി കിട്ടിയിട്ടും ആ ആയുധങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്തിയിട്ടില്ല. സുരേഷ് ഗോപി ചിത്രങ്ങള്‍ കാണുന്നപോലെ ആ ആയുധങ്ങളില്‍ നമ്മള് ശ്രദ്ധിക്കാതെ വിടുന്നു. കാശ്മീരില്‍ നമ്മള് പ്രതീക്ഷിക്കുന്ന ഒരു ഭീകരാന്തരീക്ഷം ചിത്രത്തില്‍ സൃഷ്ടിക്കാന്‍ സംവിധായകന് പരാജയപ്പെട്ടിരിക്കുന്നു എന്ന് തന്നെ പറയണം.
ബിജു മേനോന് എന്ന നടന്റെ റോള്‍ തികച്ചും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നല്ല ചിത്രത്തില്‍. ഒന്നോ രണ്ടോ സീനുകള്‍ക്കപ്പുറത്ത് ബിജു പ്രത്യക്ഷപ്പെടുന്നില്ല. കൊച്ചിന് ഹനീഫയും അങ്ങിനെ തന്നെ. ഷമ്മി തിലകന്റെ, ചോര കണ്ടാല്‍ പേടിയാകുന്ന ഒരു കമാന്റോയുടെ റോള്‍ കണ്ട് കരയണോ ചിരിക്കണോ എന്ന അവസ്ഥയില്‍ ആയിപ്പോകും പ്രേക്ഷകന്. സ്വയം ഒരു പട്ടാളക്കാരനായിരുന്നിട്ടുകൂടി തന്റെ മകളുടെ ഭര്‍ത്താവിനെ, കാശ്മീരില്‍ നിന്ന് ജീവന് അപകടമില്ലാത്ത മറ്റെവിടേക്കെങ്കിലും സ്ഥലം മാറ്റാന്‍ ശ്രമിക്കുന്ന മോഹന്‍ലാലിന്റെ അമ്മായിഅപ്പനും സിനിമയെ അപഹാസ്യമാക്കുന്നു. ഗോപികയും ലക്ഷ്മി ഗോപാലസ്വാമിയും ചിത്രത്തില്‍ പാട്ടുസീനുകള്‍ക്ക് മാത്രമായി ഉള്‍ക്കൊള്ളിച്ച പോലെയേ തോന്നിക്കുന്നുള്ളൂ. നായകന്, ഭാര്യ ജീപ്പില്‍ വച്ച ബോമ്പിനാല്‍ മരിക്കുമ്പോള്‍ ആ ജഡത്തില്‍ കെട്ടിപ്പിടിച്ചു കരയുന്ന സീനില്‍, ചുറ്റുംകൂടിയ ജനക്കൂട്ടത്തിന്റെ ഇടയില്‍ മൊബൈല്‍ഫോണുമായി ഒരാള്‍ നടന്ന് പോകുന്നത് കണ്ട് അയാളാണിത് ചെയ്തതെന്ന് ഊഹിക്കുകയും, അവസാന സീനില്‍ അയാളെ തിരിച്ചറിയുകയും ചെയ്യുന്നത് ശുദ്ധ ഭോഷ്കായി തോന്നിയാല്‍ അദ്ഭുതമുണ്ടോ? യുദ്ധമുന്നണിയില്‍ മുന്നില്‍ നിന്ന് തീവ്രവാദികളോട് യുദ്ധം നയിക്കുന്ന മേജറോട് ഓരോ അഞ്ച് മിനുട്ട് കൂടുമ്പോഴും എന്നെ വിളിച്ച് അപ്ഡേറ്റ് തരണം എന്ന് മെസ്സേജ് കൊടുക്കുന്ന സായികുമാറിനെ തീവ്രവാദികള്‍ കൊന്നില്ലെങ്കിലും പ്രേക്ഷകന് കൊല്ലാന്‍ സാധ്യതയേറെയാണ്. പടത്തിലുടനീളം ഇസ്ലാമിനെപ്പറ്റി തീവ്രവാദികള്‍ തന്നെ പറയുന്ന വാചകങ്ങള്‍ പാരമ്പര്യ മുസ്ലീം മത വിശ്വാസികളെ ചിത്രത്തില്‍ നിന്നകറ്റും എന്നതില്‍ തര്‍ക്കമുണ്ടാകാന്‍ തരമില്ല.
പടത്തില്‍ സഹിക്കാന്‍ പറ്റാത്ത മറ്റൊന്ന്, ഇന്റെര്‍വെല്ലിനു ശേഷം വരുന്ന ഒരു ബലാത്സംഗമാണ്. ഇതിപ്പോള്‍ തീരും എന്ന് വിചാരിക്കുന്ന പ്രേക്ഷകനെ അമ്പരപ്പിച്ചുകൊണ്ട് പത്ത് മിനുട്ടിലധികം നീളുന്നു ഈ കൃത്യം. നന്ദിതാ ദാസിന്റെ ചില ഹിന്ദി സിനിമകളേക്കാളും ഗഹനമായി, ഒരു ബാലാത്സംഘം എന്നാല്‍ എന്ത് എന്നതിന് ഒരു ഗൈഡായി ഉപയോഗിക്കാവുന്ന തരത്തില്‍തന്നെയാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗത്തില്‍ ബേബി സനൂഷ മുഴുവന്‍ നേരവും ദൃക്സാക്ഷിയായി തന്നെ ഉണ്ടെന്നുള്ളതും ഞെട്ടലോടെ മാത്രമേ കാണാന്‍ സാധിക്കൂ.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനം ആര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തില്‍ തന്നെയാണ്. കടിച്ചാല്‍ പൊട്ടാത്തതോ, നീളം കൂടുതലുള്ളതോ ആയ ഡയലോഗുകള്‍ ഒന്നും പറഞ്ഞ് നായകന് ഇവിടെ കൈയ്യടി വാങ്ങാന്‍ ശ്രമിക്കുന്നില്ല. പ്രായത്തിന്റെ ഒരു ക്ഷീണവും അദ്ദേഹം ഒരിടത്തും കാണിച്ചിട്ടില്ല. വളരെ തന്മയത്വമായി ഒരു മേജറിന്റെ കാര്‍ക്കശ്യവും ഒരു സ്നേഹമുള്ള ഭര്‍ത്താവിന്റെ മൃദുലതയും അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. തന്റെ അഭിനയത്തികവുകള്‍ കാണിക്കാനായുള്ള അധികം അവസരങ്ങള്‍ സിനിമയുടെ കഥ അദ്ദേഹത്തിന് നല്‍കിയില്ല എന്നത് സിനിമയുടെ ഒരു പോരായ്മയായി തോന്നാം.
പൊണ്ണത്തടിയും വച്ച് മുടി നീട്ടി വളര്‍ത്തിയ ഒരു കമന്റോയായാണ് “ജീവ” സിനിമയില്‍ ഉള്ളതെങ്കിലും ജീവയുടെ പ്രകടനം അഭിനന്ദനാര്‍ഹം തന്നെയാണ്. ജീവ സിനിമയില്‍ മുഴുനീളം തമിഴാണ് ഉപയോഗിക്കുന്നതെങ്കിലും അത് മലയാളികള്‍ക്ക് മടുക്കാന്‍ സാധ്യതയില്ല. നായകന് കുതിരകേറാനായി സ്ഫടികം ജോര്‍ജ്ജും ശ്വേതാ മേനോനും ഇടക്ക് വന്ന് പോകുന്നുണ്ട്, അതില്‍ കവിഞ്ഞ് അവര്‍ കഥയ്ക്ക് യാതൊരു രീതിയിലും സ്വാധീനിക്കുന്നില്ല.
മൊത്തതില്‍ നോക്കിയാല്‍ ആകെ തിളങ്ങുന്നത് സംഗീത സംവിധായകന് ജോഷ്വാശ്രീധറാണ്. ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും വളരെ മനോഹരമാണ്. ഇപ്പോള്‍ തന്നെ അവ ഹിറ്റ് ചാര്‍ട്ടുകളില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു. പാട്ടുകളുടെ ചിത്രീകരണവും നയനാനന്ദകരം. പാട്ടുകളും, പാട്ടുകള്‍ മാത്രമുള്ള വീഡിയോ സി.ഡിയും ഒരു “must-buy” തന്നെ. മുഴുവന്‍ സിനിമയുടെ സി.ഡി വാങ്ങിയിട്ട് കാര്യമുണ്ടാകാന്‍ വഴിയില്ല. വാങ്ങുന്നവര്‍ സിനിമ ഒന്നിലധികം പ്രാവശ്യം കാണാന്‍ സാധ്യത തുലോം തുച്ഛം.
എങ്കിലും ഒരു നവാഗത സംവിധായകന് എന്ന നിലയില്‍ മേജര്‍ രവി ഒരു വിജയം ആണെന്ന് തന്നെ പറയണം. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ആക്ഷനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നതെങ്കിലും, ഒരു സിനിമയില്‍ അത്യാവശ്യം വേണ്ട റൊമാന്‍സ്, സെന്റിമെന്റ്സ്, ഡയലോഗ്സ്, നായകന്റെ സൂപ്പര്‍ ഹ്യൂമന്‍ കഴിവുകള്‍ എന്നൊക്കെ വളരെ നന്നായി സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സിനിമയുടെ ലൊക്കേഷനുകള്‍ അതിഗംഭീരമെന്ന് മാത്രമല്ല, അത് നന്നായി ചിത്രീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ആദ്യ തവണ കാണുമ്പോള്‍ ബോറടിക്കാന്‍ വളരെക്കുറച്ചുമാത്രം സാധ്യത ഉള്ള ചിത്രം. അതിനാല്‍ തന്നെ ചിത്രം ഒരു ഗംഭീര വിജയമാകുമെന്നതില്‍ ഒരു സംശയവും വേണ്ട.
എന്റെ റേറ്റിങ്ങ്: 3.5/5
18 comments:
കീര്‍ത്തി ചക്ര ചിലപ്പോള്‍ വിജയമാവാം പരാജയമാവാം.
പക്ഷെ ഈ നിരൂപകന് നിരൂപണത്തില്‍ അല്പം പരാജയമായി.
ബിജുമേനോനേയും, ഷമ്മി തിലകനേയും, കൊച്ചിന് ഹനീഫയേയും മോഹന്‍ലാലിന്റെ അമ്മായിഅപ്പനേയും കുറിച്ചുപറഞ്ഞ നിരൂപകന് ഇതിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലിനെക്കുറിച്ച് ഒന്നു പ്രതിപാദിക്കുകപോലും ചെയ്യാത്തത്, അദ്ദേഹത്തിന്റെ അഭിനയം ഇതില്‍ മോശം ആയതുകൊണ്ടാണോ അതോ നിരൂപണം അര്‍ഹിക്കാത്ത ലെവലില്‍ ആaയതുകൊണ്ടോ?
ഇനി അതല്ല, ഈ നിരൂപകനു ആ നടനോട് അത്ര ഇഷ്ടമില്ലാത്തതുകൊണ്ടാണോ?
മുമ്പൊരിക്കല്‍ ഈ നടന്റെ ബോറന് അര്‍ദ്ധനഗ്നമേനി തീയറ്ററില്‍ പോയി മൊബൈല്‍ ക്യാം വഴി എടുത്ത് പോസ്റ്റിയ ഒരു സംഭവം പെട്ടന്നെ മെമ്മറിയില്‍ ഒന്നു ചുറ്റിപ്പോയി.
ഓ ടോ : നിരൂപണം അസലായി. ഇനിയും പ്രതീക്ഷിക്കുന്നു.
അതൊരു ഗുരുതരമായ പിഴവ് തന്നെ കുമാരേട്ടാ, ഞാന്‍ അത് ശ്രദ്ധിച്ചതേയില്ല. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. ഞാന്‍ പോസ്റ്റില്‍ ഒരു പാരഗ്രാഫ് പുതുതായി ചേര്‍ത്തിട്ടുണ്ട്.
കുമാരേട്ടന് അവസാനം പറഞ്ഞ കാര്യമെന്തെന്ന് മനസ്സിലാവാത്തവര്‍ക്കായി എന്റെ ആ പഴയ പോസ്റ്റിന്റെ ലിങ്ക് ഇതാ.
http://boologaclub.blogspot.com/2006/05/blog-post_22.html
ശ്രീജിത്തേ...ഈ ചതി വേണ്ടായിരുന്നു..:-(
എന്തെന്നെച്ചാല്‍ ഇയ്യ് കഥ മൊത്തം ഒരു മാതിരി പറഞ്ഞല്ലൊ ഇഷ്ടാ...
മോഹന്‍ലാലിന്റെ ഭാര്യ ചാവും എന്നത് പറയേണ്ടായിരുന്നു...:-(( ഇനി സിനിമ കാണാന്‍ തുടങ്ങുമ്പോഴേ അറിയാം, ഊം..ഇവളു തട്ടിപ്പോകണ കേസാണ് എന്ന്...പിന്നെ കൊന്നവനെ പിടിക്കുന്ന സസ്പെന്‍സും പോയി...
കഥ പറയാതെ നിരൂപിക്കൂ...ഇല്ലെങ്കില്‍ പടത്തിന്റെ രസം പോകും...
ഇല്ലെങ്കില്‍ ഞാന്‍ പകരം വീട്ടും!
;-)
ബൈ ദ ബൈ, നല്ല എഴുത്ത്, നിരീക്ഷണം, ആസ്വാദനം. :-)
അരവിന്ദേട്ടാ, നായകന്റെ ഭാര്യയ്ക്ക് ഒരു പാട്ടില്‍ മാത്രമേ സ്ഥനമുള്ളൂ. നായകന്റെ ഭാര്യ (നായിക എന്ന് വിളിക്കാന്‍ തോന്നുന്നില്ല, അതിനു മാത്രം ഒരു റോള്‍ ചെയ്യുന്നില്ല) കഥയില്‍ മരിക്കുന്നുണ്ട് എന്നറിയുന്നത് ആസ്വാദനം കുറയ്ക്കുമെന്ന ആരോപണം ശരിവയ്ക്കുന്നു. എഴുതുമ്പോള്‍ ഞാനത് ആലോചിച്ചില്ല.
ഇനിയുള്ള നിരൂപണങ്ങളില്‍ അത് ശ്രദ്ധിക്കാം. ഈ പോസ്റ്റ് ഇനി തിരുത്തുന്നതില്‍ അര്‍ത്ഥമില്ല. എല്ലാവരും ക്ഷമിക്കുമെന്ന് കരുതുന്നു.
മേജര്‍ രവിയോടു് ‘നായര്‍ സാബ്’ പത്തുവട്ടം കാണൂ എന്നു പറയുവാന്‍ ആര്‍ക്കെങ്കിലും തോന്നിയോ?
മേജര്‍ രവിയുടെ ആദ്യത്തെ ചിത്രം തന്നെയോ ഇതു്? ഇതിനു മുമ്പേ ലാലിന്റെ മകന് പ്രണവിനെ നായകനാക്കി ഒരു ചിത്രം എടുത്തിരുന്നെന്നു തോന്നുന്നു.
ഞാന്‍ നേരത്തെ സൂചിപ്പിച്ച മനസ്സില്‍ ഒരു എഫ്ഫക്റ്റ് ഉണ്ടാക്കുന്ന , അല്ലെങ്കില്‍ മനസ്സിനെ ദിവസങ്ങളോളം മഥിക്കുന്ന, ദിവസങ്ങളോളം തങ്ങി നില്ക്കുന്ന ഒരു സിനിമയാണിത്.
എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം. മാത്രമല്ല, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് നമ്മുടെ പട്ടാളക്കാരോടുള്ള ആദരവും സ്നേഹവും ഒരു പത്തിരട്ടിയെങ്കിലും കൂടിയിട്ടുണ്ടാവും.
നല്ല നിരൂപണം ശ്രീജിത്തേ.
പക്ഷേ നിരൂപണം ഒരു പടമാപിനിയാക്കിയാല് ചുറ്റുമെന്നാണ് തോന്നുന്നത്. വായിച്ചതുവെച്ച് മനസ്സിലാക്കിയിടത്തോളം ശ്രീജിത്തിന് പടമത്രയ്ക്കിഷ്ടപ്പെട്ടില്ല, പക്ഷേ ലാലേട്ടന് ഓക്കെ. തുളസിയ്ക്ക് പടവും ലാലേട്ടനും ഇഷ്ടപ്പെട്ടില്ല. സൂര്യോദയത്തിനും പടവും ഇഷ്ടപ്പെട്ടു, ആള്‍ക്കാരേയും ഇഷ്ടപ്പെട്ടു :)
പഴയ പടങ്ങളുടെ നിരൂപണവും ആകാമോ?
ശ്രീജിത്ത്, നന്നായി എഴുതിയിരിക്കുന്നു. കൂടുതല്‍ പേര് കാണാത്തത് കൊണ്ടാണ് അധികം അഭിപ്രായവും അഭിപ്രായവ്യത്യാസവും ഇല്ലാത്തത്. പക്ഷെ അതൊരു കാരണമാക്കി എഴുതാതിരിക്കല്ലേ. കുറച്ച് അക്ഷര പിശാചുക്കള്‍ കാണുന്നല്ലോ?
സിനിമയിലെ ഗാനങ്ങളെ കീറി മുറിക്കാനും കൂടി ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍...
ശ്രീജിത്തേ നിരൂപണം നന്നായിട്ടുണ്ട്. ഇതുവരെ സിനിമ കാണുകയെന്നാല്ലാതെ ഒരു നിരൂപണത്തിനൊരുമ്പടാത്തത് കൊണ്ട് കൂടുതല്‍ ഒന്നും പറയാന്‍ അറിയില്ല എന്നതാണു സത്യം.
ഓ.ടോ : ഇന്ന് ദുബൈയില്‍ കീര്‍ത്തിചക്ര റിലീസ്. ഇരുപത് ദിര്‍ഹം തിരിച്ച് പോക്കറ്റില്‍ തന്നെ. നന്ദി ശ്രീ.
ശ്രീജിത്തെ നല്ല നിരീക്ഷണങള്‍. ആദ്യത്തെ ഫുള്‍ ഫഡ്ജഡ് റിവ്യൂ നല്ല നിലവാരം പുലര്‍ത്തി. ഉപയോഗിച്ച ഫോര്‍മാറ്റിങും രീതിയും ഇഷ്ടപ്പെട്ടു... :)
നന്ദി ശ്രീജിത്,
പടത്തിനെ പ്പറ്റി ഏകദേശം ഒരു രൂപമായി.ഇവിടെ ഒരു മൈക്രോ ഫാമിലിക്കും സിനിമ തീയേറ്ററില്‍ കാണാന്‍ 75dhs(950Rs.) chilavunT.(20-25per head) ഇപ്പോള്‍ തിടുക്കത്തില്‍ കാണണ്ട എന്നു തോന്നുന്നു. എന്നാലും ഇവിടെ ഗള്‍ഫിലെ വീഡിയോ കാസറ്റ് റിലീസിന് കാണുവാന്‍ ശ്രമിക്കാം. സിനിമാ വ്യവസായം തകരാന്‍ പാടില്ലല്ലോ.
പഠിക്കുന്ന കാലത്ത് പടങ്ങള്‍ അതിന്റെ റിലീസ് ചെയ്യുന്ന ദിവസം തന്നെ കാണണം എന്ന നിറ്ബന്ധം എനിക്കുണ്ടായിരുന്നു. അന്നേ ദിവസം ഒരു ടിക്കറ്റിനായി പെട്ട കഷ്ടപ്പാടുകള്‍ ചില്ലറയല്ല.പ്രത്യ്യേകിച്ചു ഒരു മോഹന്‍ലാല്‍ ഫാന്‍ കൂടി ആയിരുന്നു ഞാനും.
(ഓ.ടോ) ഏതോ ഗൈഡിന്റെ കാര്യം വായിച്ചെന്ന് തോന്നുന്നു. ഇന്ററ്വെല്ലിന് ശേഷം പകുതി പൈസക്ക് പടം കാണാന്‍ സാധിക്കുമോ ആവോ? ശ്രമിച്ച് നോക്കാം :) :)
ശ്രീജീ,
നിരൂപണം നന്നായിയിരിക്കുന്നു.എങ്കിലും കഥ മുഴുവന്‍ വിവരിക്കാത്ത തരത്തില്‍ എഴുതിക്കൂടെ. സീനും കഥയും നായകന്റെ അപ്പോഴത്തെ ഭാവവും ചേര്‍ത്ത് വായിച്ചാല്‍ സംഗതി ക്ലിയറാവുമെങ്കിലും പടം കണ്ട ഫീലിങ്ങാണ് ഉണ്ടാവുന്നത്. എന്തിനാ ആ പ്രൊഡ്യൂസറുടെ കാശ് കളയുന്നത്. ഒന്ന് രണ്ടാളുകള്‍ കൂടി കണ്ട് പണം കളയട്ടേ എന്നേ.. :-)
(ഓടോ: കുളിസീനുകള് നന്നായി വിവരിച്ചാല്‍ ബ്ലോഗിന്റെ ഹിറ്റ് റേറ്റ് കൂടുമെന്ന് ഒരു അശരീരി കേട്ടു)
വിചാരമേ,
മുഴുനീള നിരൂപണം എഴുതാന്‍ സമയം കിട്ടാത്ത എന്നെപ്പോലുള്ളവര്‍ക്ക് പടങ്ങള്‍ കണ്ടതിനു ശേഷമുണ്ടായ ചിതറിയ ചിന്തകളും എഴുതാമോ? എങ്കില്‍, അംഗത്വം ബാക്കിയുണ്ടെങ്കില്‍ ഒരെണ്ണം ഇവിടെയും കൂടി കൊടുക്കണേ.
നന്ദി
നിരൂപണം ഇഷ്ടപ്പെട്ടു, ശ്രീജിത്തേ. കഥാന്ത്യമോ കഥാപാത്രങ്ങളുടെ അന്ത്യമോ വെളിപ്പെടുത്താന്‍ ഇനിയുള്ള നിരൂപകര്‍ ശ്രദ്ധ വയ്ക്കുമല്ലോ. കുറച്ചുകൂടി ഹ്രസ്വമാക്കിയാലും വിരോധമില്ല.
താങ്കളുടെ നിരൂപണം വായിച്ചതു കാരണം 20ദിര്‍ഹം കളഞ്ഞു പോയില്ല.താങ്ക്സ്
kvsmookkuthala@yahoo.com
ഏന്നാലും എന്റെ ശ്രീജിത്തെ ഇതു ഒരു കടന്ന കൈ ആയി പോയി,വെറും ഒരു മമ്മൂട്ടി ഫാനുകാര് എഴുതുന്ന രീതിയിലുള്ള നിരൂപണമായി പോയി. ഞാന്‍ ഈ ചിത്രം കണ്ടിട്ടില്ല, ഇവിടെ കുവൈറ്റില്‍ ഈ ചിത്രം വരുന്നതെ ഉള്ളൂ, വന്നാല്‍ ഒന്നര ദീനാര്‍ വീധം ചിലവഴിച്ചു ഞാനും എന്റെ കുടുംബവും ഈ ചിത്രം കാണുന്നുണ്ട്. പക്ഷെ ശ്രീജിത് എഴുതിയ അത്ര മോശം ആകാന്‍ വഴിയില്ല. അതിലെ ഒന്നു രണ്ടു ഷൂട്ടിംഗ് അനുഭവങ്ങള്‍ ഒരിക്കല്‍ ഞാന്‍ വനിതയില്‍ വായിചിരുന്നു, വളരെയധികം ത്യാഗം സഹിച്ചാണ് ആ വലിയ നടന് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് എന്നു അതിലൂടെ മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. അതിലൂടെ വാലിയ ഒരു സന്ദേശവും സംവിധായകന് പ്രേക്ഷകന് നല്കാന് ശ്രമിക്കുന്നുണ്ടു എന്നാണ് കേട്ടറിഞ്ഞത്. നല്ല സിനിമയെ അതു ആര് അഭിനയിച്ചാലും പ്രോല്‍സാഹിപ്പിക്കുക.
ശ്രീജീ,
ബാംഗ്ലൂര്‍ ലാല്‍ പങ്ക അസോസിയേഷന്റെ സെക്രട്ടറിയാണല്ലേ? ഹ ഹ ഹ
എനിക്കിഷ്ടപ്പെട്ടു.:-)
താങ്ങള് എന്ത് തന്നെ പറഞ്ഞാലും മലയാളം എന്നല്ല ദക്ഷിണേന്ത്യന്‍ സിനിമ കണ്ട ഏറ്റവും നല്ല യുദ്ധ ചിത്രം തന്നെയാണ് കീര്‍ത്തി ചക്ര. യഥാര്‍ത്ഥ ആയുധം കിട്ടിയിട്ടും അത് ഉപയോഗിച്ചില്ല എന്ന് പറഞ്ഞതിലൂടെ ലേഖഖന് എന്താനുടെത്ഷിച്ചത് എന്ന് പിടി കിട്ടുന്നില്ല. അത് ഉപയോഗിച്ചു നമ്മളെ വെടി വച്ചു കൊല്ലനമെന്നയിരുന്നോ ? ഈ ചിത്രം കണ്ടിട്ട് ഒരാള്ക്കെന്കിലും അതിര്‍ത്തിയിലും യുധക്കലത്തിലും ജീവിതം പാഴാക്കുന്ന നമ്മുടെ പട്ടാളക്കാരോട് ആദരവും സ്നേഹവും തോന്നിക്കാനും. മുന്നാഭായ് കണ്ടിട്ട് ഗാന്ധിജിയോട് നമുക്കു ഒരല്പം സ്നേഹവും ബഹുമാനവും തോന്നുന്നത് പോലെ... അതെന്കിലും ചെയ്യാന്‍ ഈ ചിത്രത്തിന് സാധിച്ചു എന്ന് കരുതി ഈ പോസ്റ്റ് തിരുത്തി എഴുതണമെന്നു ഞാന്‍ അഭ്യര്തികുന്നു.
Post a Comment