സമാന്തര സിനിമകളെ വളരെ പുഛത്തോടെ ..അത് ബുദ്ധിജീവികളുടെ സിനിമ എന്നാക്ഷേപിച്ച് പുറംകാലുകൊണ്ട് തട്ടി തെറിപ്പിക്കുന്നവരാണു പലരും ..., എന്റെ അഭിപ്രായത്തില്‍ സിനിമയുടെ കാതല്‍ സമാന്തര സിനിമകളാണ്, ജീവാത്മകമായുള്ള ചിന്തകളും കാലഘട്ടത്തിന്റെ വേദനകളും ആഢംഭരമില്ലാതെ അവതരിപ്പിക്കപെടുകയും ചെയ്യുന്ന മാധ്യമ മാര്‍ഗമാണ് സമാന്തര സിനിമകള്‍, ഒരു രാജ്യത്തിന്റെ, പ്രദേശത്തിന്റെ ഗദ്ഗദങ്ങള്‍, സാംസ്ക്കാരിക തനിമ, പൈതൃകത്വം, എല്ലാം സമാന്തര സിനിമകളില്‍ ദര്‍ശ്ശിക്കപ്പെടുന്നു, ജീവിതത്തിന്റെ ഒച്ചപ്പാടുകളില്‍ നിന്ന് അകന്ന് നില്‍ക്കുന്നവയാണു സമാന്തര സിനിമകള്‍.
സമാന്തര സിനിമകള്‍ പൂര്‍ണ്ണതയോടെ അവതരിപ്പിക്കാന്‍ കഴിവുള്ള മലയാളികളൂടെ അഭിമാനമാണു അടൂര്‍ ഗോപാലകൃഷ്ണന്, അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം പോലും പയറ്റിതെളിഞ്ഞ അഭിനേതാക്കള്‍ക്ക് അസുലഭവസന്ദര്‍ഭമാണു അതില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം സമാന്തര സിനിമകളുടെ പ്രസക്തി.
കുട്ടിയായിരിക്കുമ്പോഴാണു ഞാന്‍ സ്കൂളില്‍ നിന്ന് അടൂരിന്റെ രണ്ടാമത്തെ സമാന്തര സിനിമയായ കൊടിയേറ്റം കാണാന്‍ ഭാഗ്യം ഉണ്ടാവുന്നത് ... സത്യത്തില്‍ എന്താണു സിനിമ എന്ന തിരിച്ചറിവിനു മുന്‍പ് കണ്ട സിനിമയാണത്... എന്നാല്‍ ഇന്നും അതിലെ ചില രംഗങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ട്, അദ്ദേഹം ആകെ ഒന്‍പത് (സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്, കഥാപുരുഷന്, നിഴല്‍കുത്ത് )സമാന്തര സിനിമകള്‍ക്കാണു സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്.
ഞാന്‍ കണ്ട അദ്ദേഹത്തിന്റെ സിനിമകള്‍, കൊടിയേറ്റം, വിധേയന്, മതിലുകള്‍, നിഴല്‍കുത്ത് എന്നിവയാണു ആധികാരികതക്കപ്പുറത്ത് നിന്നേ എനിക്കിതിനെ വിലയിരുത്താനാവൂ കാരണം .. അടൂര്‍ ഗോപാലകൃഷ്ണന് എന്ന മലയുടെ മുന്പിലെ വെറുമൊരു എലിയാണു ഞാനെന്ന സത്യം ഉള്‍കൊള്ളുന്നത് കൊണ്ട്, കൊടിയേറ്റം ഓര്‍മ്മകള്‍ക്കപ്പുറത്താണു , വിധേയന്.., പോള്‍ സക്കറിയ എഴുതിയ ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും എന്ന നോവലിന്റെ ചലചിത്രാവിഷ്കരണമാണു വിധേയന്, ഒരു നായക നടന് വില്ലന്‍ കഥാപാത്രമാവുന്നു എന്നതും ഈ സിനിയിലെ പ്രത്യേകതയാണു, ശരിക്കും ചിത്രത്തിന്റെ ടൈറ്റില്‍ തന്നെ തൊമ്മി (എം.ആര്.ഗോപകുമാര്‍) എന്ന കഥാപത്രത്തിന്റേതാണ് , അദ്ദേഹത്തിന്റെ പട്ടേലരോടുള്ള വിധേയത്വമാണു ഇതിന്റെ പ്രമേയം , അത് വളരെ തന്മയത്തത്തോടെ അടൂര്‍ നമ്മുക്ക് മുന്പില് അവതരിപ്പിച്ചു, ആയിരത്തി തൊള്ളായിരത്തി തൊണ്ണുറ്റിമൂന്നിലെ ദേശീയ അവാര്‍ഡ് മമ്മുട്ടിക്ക് വാങ്ങി കൊടുത്തത് ഈ ചിത്രമാണു, അന്നത്തെ ഏറ്റവും നല്ല സിനിമയും, നല്ല സംവിധായകനുമുള്ള സ്റ്റേറ്റ് അവാര്‍ഡും ഈ സിനിമ വാരിക്കൂട്ടി.
അടൂരിന്റെ മനോഹരമായൊരു ചിത്രമാണു നിഴല്‍കുത്ത്, പതിവില്‍ നിന്ന് വിപരീതമായി ഒരല്‍പ്പം നിറവും കൂടി ഇദ്ദേഹം ഈ സിനികയില്‍ ചേര്‍ത്തിട്ടുണ്ട്, ആയിരത്തി തൊള്ളായിരത്തി നാല്‍പ്പതുകളിലെ തിരുവിതാംകൂറിലെ അവസാനത്തെ ആരാച്ചാര്‍, അദ്ദേഹത്തിന്റെ മകന് തൂക്കിക്കൊലക്കെതിരെ സമരം ചെയ്യുന്ന വ്യക്തി, ആ കാലഘട്ടത്തിന്റെ ആചാരങ്ങളും, വിശ്വാസങ്ങളും ശരിക്കും അടൂര്‍ നമ്മുക്ക് വേണ്ടി പുനഃവതരിപ്പിച്ചു, സ്ത്രീ സ്വാതന്ത്രം, സ്ത്രീ വിദ്യാഭ്യാസം, അന്ധവിശ്വാസങ്ങള്‍, എന്നിവയെല്ലാം അദ്ദേഹം നമ്മുക്ക് മുന്പില് ലളിതമായി അവതരിപ്പിച്ചു, ഒരു നിരപരാധിയെ ക്കൊല്ലേണ്ടിവന്ന സങ്കടം പേറുന്ന കാളിയപ്പന് (ഒടുവിലിനു നമുക്ക് പ്രണാമം അര്‍പ്പിക്കാം) എന്തിനെതിരെ പോരാടിയോ അത് സ്വയം ഏറ്റെടുക്കേണ്ടി വന്ന ഒരു യുവാവിന്റെ നിസ്സഹായവസ്ഥയും എന്ത് മനോഹരമായാണു അടൂര്‍ നമുക്ക് വേണ്ടി അവതരിപ്പിച്ചത്.
അടൂരിന്റെ ആറാമത്തെ ചിത്രമാണു മതിലുകള്‍, ആയിരത്തി തൊള്ളായിരത്തി നാല്‍പ്പതുകളില്‍ വിശ്വപ്രസിദ്ധ എഴുത്തുക്കാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വന്തം ജയില്‍ ജീവിതാനുഭവം ചെറുനോവലില്‍ രചിക്കപ്പെട്ട മതിലുകള്‍ തന്നെയാണു അടൂര്‍ നമുക്ക് വേണ്ടി മതിലുകള്‍ എന്ന ചലചിത്രം സൃഷ്ടിച്ചത്, കണ്ണുകള്‍ക്കുമപ്പുറത്തുള്ള, സ്വരത്താല്‍ മാത്രം ഗ്രഹിച്ച മധുരമായൊരു പ്രണയത്തിന്റെ മാധുര്യം ചോരാതെ തന്നെ നമുക്ക് മുന്പില് അവതരിപ്പിച്ചു, ബഷീര്‍ തന്നെ വളരെയധികം പ്രശംസിച്ചൊരു സിനിമ . നമുക്ക് സുപരിചിതമായ ഒരു സ്ത്രീ ശബ്ദം അതൊരുപക്ഷെ ആ സിനിമയുടെ ഒരു ചെറു ന്യൂനതയായി കാണാം , പ്രേക്ഷകര്‍ക്ക് കൂടി അപരിചിതമായൊരു ശബ്ദം കൂടി ആയിരുന്നെങ്കില്‍.
വിചാരം
18 comments:
സമാന്തര സിനിമ എന്ന വിശേഷണം തന്നെ അടൂരിനെ പോലുള്ള സംവിധായകരുടെ ചിത്രങ്ങള്‍ സിനിമയല്ലാതെ വേറെന്തോ ആണ് എന്നൊരു പ്രതീതി ജനിപ്പിക്കുന്നില്ലേ?
കഥ പറച്ചിലില്‍ തന്റേതായൊരു രീതി മെനഞ്ഞെടുത്ത അപൂര്‍വം സംവിധായകരില്‍ ഒരാളാണ് അടൂര്‍ എങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പലരും വിശേഷിപ്പിക്കുന്നതു പോലെ ലോക നിലവാരത്തിലുള്ളതാണോ എന്നതില്‍ എനിക്ക് സംശയമുണ്ട്. പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അടൂര്‍ വളരെയൊന്നും വുത്യസ്തത പുലര്‍ത്തിയിട്ടില്ല. കാലത്തിന്റെ ഒഴുക്കിനനുസരിച്ച് മറ്റ് പലരും പറഞ്ഞ കാര്യങ്ങള്‍ തന്റേതായ രീതിയില്‍ അവതരിപ്പിച്ചു എന്നേ പറയാനാവൂ. സ്വയംവരം തൊഴിലില്ലായ്മയും സ്ത്രീ സമത്വവും ഒക്കെ അവതരിപ്പിച്ചുവെങ്കിലും അത്ര ഉദാത്തമായ ഒരു സിനിമയായിരുന്നുവോ? കൊടിയേറ്റം നായക സങ്കല്‍പ്പത്തെ മാറ്റിമറിച്ചുവെങ്കില്‍ മണിമുഴക്കവും, പോക്കുവെയിലും, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും ഒക്കെ ചെയ്തത് അതു തന്നെയല്ലേ? മുഖാമുഖം ഒരു ട്രാഷ് അല്ലെങ്കില്‍ കബനീ നദി ചുവന്നപ്പോഴും, യാരോ ഒരാളും ഒക്കെ അങ്ങിനെത്തന്നെയല്ലേ? എലിപ്പത്തായത്തെപ്പറ്റി ഞാന്‍ ഒരക്ഷരം മിണ്ടില്ല. :-)
അനന്തരം, മതിലുകള്‍ എന്നീ സിനിമകളില്‍ തിളങ്ങിനിന്ന അടൂരിലെ സിനിമാകാരന് വിധേയനിലും, കഥാപുരുഷനിലും വീണ്ടും രണ്ടടി പുറകോട്ട് വെച്ചതായാണ് എനിക്കനുഭവപ്പെട്ടത്. പ്രമേയങ്ങളുടെ കാമ്പ് സിനിമാകാരന്റെ ആവിഷ്കാര പ്രതിഭക്ക് അളവുകോലാക്കരുത് എന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ, സിനിമ എന്ന ദൃശ്യ മാധ്യമത്തില്‍ സാക്ഷാല്‍ക്കാരം മാത്രമല്ല സന്ദേശവും പ്രാധാന്യം അര്‍ഹിക്കുന്നതാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍.
കണ്ണൂസ്ജിയോട് യോജിക്കുന്നു.
സമാന്തരമായി സിനിമയെടുക്കണം എന്ന് കരുതിക്കൂട്ടി സ്ക്രിപ്റ്റ് എഴുതുന്നതാണ് ഇവിടത്തെ മിക്ക സമാന്തര സിനിമാക്കാരും.
അനന്തരത്തില്‍ അടൂര്‍ തിളങ്ങി. കൊടിയേറ്റവും.
പക്ഷേ മതിലുകളും വിധേയനും!
ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന കഥ വായിച്ച ആര്‍ക്കും വിധേയന് കണ്ട് വരുമ്പോള്‍ അയ്യേ എന്ന് പറയാതിരിക്കാന്‍ പറ്റില്ല എന്ന് തോന്നുന്നു. പട്ടേലര് മാത്രമല്ല, തൊമ്മിയും സരോജക്കായും ശാന്തയും എല്ലാവരും ആ ചലചിത്രത്തില്‍ പാവക്കൂത്തുകാരന്റെ പാവകളെപോലെ ജീവനില്ലാത്തതാകുന്നു.
മതിലുകളും. അടൂരിന്റെ പരിമിതികള്‍ വ്യക്തമാക്കുന്നു ഈ രണ്ട് പടങ്ങളും(എന്റെ അഭിപ്രായത്തില്‍).
അല്ല, മലയാളിജീവിതത്തിന്റെ തനത് പരിശ്ചേദമാക്കാം സത്യന് അന്തിക്കാടിന്റെ പല സിനിമകളും. പാട്ടുണ്ട് , തമാശയുണ്ട് എന്നതിനാല്‍ ബുദ്ധിജീവികള്‍ തള്ളിക്കളഞ്ഞവ. സന്ദേശം, സസ്നേഹം മുതലായവ.
ഷാജി എന്‍ കരുണിന്റെയും ടി വി ചന്ദ്രന്റേയും സിനിമകള്‍ കൊള്ളാം. സമാന്തരമാണെങ്കിലും ക്ലീഷേ ആയിരിക്കുന്ന
“ഉണ്ടോ?....“
ടിക്ക്ടിക്ക് ടിക്ക്ടിക്ക് ടിക്ക്ടിക്ക് ടിക്ക്ടിക്ക് ടിക്ക്ടിക്ക്
“ഉണ്ടില്ല”
മോഡല്‍ ഡയലോഗുകള്‍ ഇല്ല. ഇത്തിരി റിയലിസ്റ്റിക് ആണ്.
അടൂരിന്റെ ചിത്രങ്ങളില്‍ എനിക്കും പ്രിയം അനന്തരം തന്നെ. അതു പോലെ നല്ലൊരു സിനിമ അടൂരിനു് പിന്നെ എടുക്കാനായിട്ടില്ലെന്നാണു തോന്നിയിട്ടുള്ളതു്. കണ്ണൂസ് പറഞ്ഞതുപോലെ അടൂര്‍ സിനിമയ്ക്ക് ഉപയോഗിച്ച കഥകള്‍ക്കും തകരാറുണ്ടെന്നു തോന്നുന്നു. മതിലുകളിലും ഭാസ്കരപട്ടേലരിലും കഥയോടു കൂറുപുലര്‍ത്തുവാനും അടൂരിനു കഴിഞ്ഞിട്ടില്ല (ലളിതയുടെ ശബ്ദം മതിലുകള്‍ കാണുമ്പോള്‍ എനിക്കൊരു ശല്യമായിട്ടാണു തോന്നിയതു്)
പ്രത്യേകിച്ചൊരു ‘സന്ദേശവും’ ഞാന്‍ ഒരു സാഹിത്യരൂപത്തില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. സിനിമയെന്ന ദൃശ്യസാഹിത്യത്തിലും വ്യത്യസ്തമായൊന്നും പ്രതീക്ഷിക്കേണ്ടെന്നാണു് എന്റെ കാഴ്ചപ്പാടു്. അതുകൊണ്ടു തന്നെ കണ്ണൂസിന്റെ അവസാനത്തെ വാദത്തിനു പുറംതിരിഞ്ഞു നില്ക്കുന്നു.
പെരിങ്ങോടര് പറഞ്ഞതു പോലെ അനന്തരം അടൂരിന്റെ ഏറ്റവും മികച്ചതു തന്നെയാണ്. പിന്നെ സിനിമക്ക് സാമൂഹിക പ്രതിബദ്ധത വേണമെന്നതൊക്കെ ശുദ്ധ ഭോഷ്കാണ്. പിന്നെ വിധേയനില്‍ സക്കറിയയുടെ ഭാസ്കരപട്ടേലരുടെ ഒരു നിഴല്‍ മാത്രമേ കാണാനായുള്ളു.
നല്ല ലേഖനം വിചാരമേ...
സിനിമാ വിചാരങ്ങള്‍ക്കു വേണ്ടി ഇത്തരമൊരു വേദി ഒരുക്കിയ ഈ ഗ്രൂപ്പിലെ എല്ലാവരോടും അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ..
കണ്ണൂസിനോട് ഒരു പരിധി വരെ യോജിക്കുന്നു..കല്പറ്റ നാരായണന് പണ്ടൊരിക്കല്‍ എഴുതിയിരുന്നു, അടൂരിന്റെ ഷോട്ടുകള്‍ രാഹുല്‍ ദ്രാവിഡിന്റെ ബാറ്റിങ്ങ് ഷോട്ടുകള്‍ പോലെയാണെന്ന്..സാങ്കേതികമായി കിറുകൃത്യം പക്ഷേ കാഴ്ച്കയെ വൈദ്യുതീകരിക്കുന്ന പ്രതിഭാസ്പറ്ശത്തിന്റെ അഭാവം കൊണ്ട് വിരസം..
പഥേര്‍ പാഞ്ചാലിയുടെ ഹാങ്ങോവറില്‍ നിന്നു അടൂര്‍ ഏറെയൊന്നും അടര്‍ന്നു പോന്നിട്ടുള്ളതായി എനിക്കു തോന്നുന്നില്ല...
ഇതൊക്കെയാവുമ്പോഴും അടൂറിന്റെ ചലച്ചിത്ര ജീവിതത്തിന്റെ പ്രസക്തിയെ നമുക്കൊരിക്കലും സംശയിക്കാനവില്ല..സിനിമ എന്ന മാധ്യമത്തെ ബുദ്ധിയെ ഏതെങ്കിലും രീതിയില്‍ അഭിസംബോധന ചെയ്യുന്ന ഒന്നായി കൈകാര്യം ചെയ്തിട്ടുള്ള ഏറെ ചലച്ചിത്രകാരന്മാരൊന്നും നമുക്കില്ലല്ലോ..?
സിനിമ എന്ന മാധ്യമത്തെ(വല്ലപ്പോഴുമെങ്കിലും) ഗൌരവത്തോടെ ഉള്ക്കൊള്ളേണ്ടുന്നതിന്റെ ആവശ്യത്തെ പറ്റി അടൂര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്..ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: “സിനിമ വ്യവസായമാണെങ്കില്‍ അതിനെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിധിയില്‍ കൊണ്ടു വരണം. “
അടൂരിന്റെ ഇഴയുന്ന ചിത്രങ്ങളോട് എനിക്ക് തീരെ മതിപ്പില്ല. അടൂരിനും മേലെയാണ് ടി.വി ചന്ദ്രന് ഞാന്‍ നല്കുന്ന സ്ഥാനം. അടൂരിന്റെ സിനിമകള്‍ പേറുന്ന സ്വാര്‍ഥമായ ഒരു കച്ചവടമുഖം ടി. വി ചന്ദ്രന്റെ സിനിമകള്‍ പേറുന്നില്ലെന്ന് തോന്നുന്നു.
മാറ്റങ്ങളെ ഉള്‍ക്കൊണ്ട സംവിധായകനല്ല അടൂര്‍. നാലു കെട്ടും കുളവും കരിപുരണ്ട പാത്രങ്ങളും ഒന്നുമില്ലെങ്കില്‍ അടൂര്‍ സിനിമയുമില്ല. വ്യക്തമായ കച്ചവട താല്‍പ്പര്യത്തോടെ വിദേശ മാര്‍ക്കറ്റ് ലക്ഷ്യമിട്ടു തന്നെയാണ് അടൂര്‍ ചിത്രം ഒരുക്കുന്നത്. പഴയ ചില ബിംബങ്ങളെയും ജീവിത അവസ്ഥയെയും കലാരൂപങ്ങളെയും ഉള്‍പ്പെടെയുള്ളവയെ ഇതിനായി തന്റെ സിനിമകളില്‍ സമര്‍ഥമായി അടൂര്‍ പ്രയോഗിച്ചിട്ടുണ്ട്.
ഏതൊരു സാഹിത്യ രൂപവും അത് കേവലം ഒരു ഫോട്ടോ തന്നെയായാലും അറിഞ്ഞോ അറിയാതെയോ ഒരു വിചാരം നമ്മില്‍ എത്തിക്കുന്നുണ്ട്. അതു തന്നെയാണ് അതിന്റെ സന്ദേശവും എന്നാണ് എന്റെ തോന്നല്‍. ഈ വിചാരം വ്യത്യസ്ത രീതിയില്‍ നമ്മില്‍ പ്രതിഫലിക്കും. അടൂര്‍ ചിത്രം എന്റെ ഊര്‍ജം മുഴുവന്‍ വലിച്ചെടുക്കുകയും ഒരു നിര്‍വികാരതയുടെ തടവറയിലാക്കി എന്നെ തീയേറ്ററിനു പുറത്താക്കുകയുമാണ് ചെയ്തിട്ടുള്ളത്.
ആനക്കൂടന്‍ പറഞ്ഞ വരികള്‍: അടൂര്‍ ചിത്രം എന്റെ ഊര്‍ജം മുഴുവന്‍ വലിച്ചെടുക്കുകയും ഒരു നിര്‍വികാരതയുടെ തടവറയിലാക്കി എന്നെ തീയേറ്ററിനു പുറത്താക്കുകയുമാണ് ചെയ്തിട്ടുള്ളത് വളരെ പ്രസക്തമായൊന്നാണു്. ഇതിനെ സന്ദേശവുമായി തെറ്റിദ്ധരിക്കേണ്ടെന്നു തോന്നുന്നു.
ഓഫ്:
സന്ദേശം തേടിയാണു് പത്തു വരിയുള്ള കവിത വായിക്കുന്നതെങ്കില്‍ അതിനേക്കാള്‍ നല്ലതു് ഒരുവരിയുള്ള ഗീതാസാരമോ, ദൈവവചനമോ വായിക്കുകയാണു്. സമയം പാഴാക്കണ്ടല്ലോ! സന്ദേശം നല്‍കുക, സമൂഹത്തെ പ്രതിനിധീകരിക്കുക, സാമൂഹിക പരിവര്ത്തകനാവുക എന്നിവയെല്ലാം സാഹിത്യത്തിനും സാഹിത്യകാരനും നല്‍കിയിരിക്കുന്ന അധികഭാരങ്ങളാണു്; ഇതെല്ലാം ഉള്‍പ്പെടുന്ന സാഹിത്യം, സാഹിത്യമല്ലെന്നു പറയുവാന്‍ ഞാനാളല്ല. അനുഷ്ഠാനം കലയായും, കല സാഹിത്യമായും വളര്‍ന്നതില്‍ സന്ദേശവാഹകനെന്ന റോള്‍ എടുത്തഭിനയിച്ചല്ല, ആ റോളിനെ മനപ്പൂര്‍വ്വം അവഗണിച്ചുകൊണ്ടാണു്. സൂതഗീഥികള് പോലെയും മുനിവാക്യങ്ങള്‍ പോലെയും സാഹിത്യം പല കോലവും കെട്ടുന്നുണ്ടെന്നു വേറൊരു കാര്യം.
സന്ദേശമെന്ന കയ്പ്പുള്ള മരുന്നിനെ തേനില്‍ ചാലിച്ചു കൊടുക്കുന്നതാണു സാഹിത്യമെന്നു കരുതിയാല്‍ ഏക സാഹിത്യം സാരോപദേശകഥകളാവും.
അരവിന്ദനേക്കാള്‍ ഭേദം ആണ് എന്ന കാരണത്താല്‍ അടൂരിനെ ഇഷ്ടപ്പെട്ട ഒരു കാലം... അത്തരമൊരു കമ്പാരിസണ്‍ പ്രസക്തമല്ലെന്ന് ഇപ്പോള്‍ തോന്നുന്നത് കൊണ്ട്, ഞാനുമിതിനോട് യോജിക്കുന്നു.
പറയാനുള്ള കാര്യം നേരേ ചൊവ്വേ പറയുക എന്നൊരു ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ ആരുടെ സിനിമയായാലും (പോസ്റ്റായാലും) തള്ളിക്കളയേണ്ടി വരും.
കാണുന്നവന് മനസ്സിലാകുന്ന ഭാഷയില്‍ സിനിമയെടുക്കുന്നില്ല എന്നതും പോരാഞ്ഞിട്ട് കുറ്റം മുഴുവന്‍ കൊമേഴ്സ്യല്‍ സിനിമയ്ക്കും.
പ്രതീകാത്മകമായ അവതരണം നല്ല സുന്ദരമായി നിര്‍വഹിക്കുന്ന രംഗങ്ങള്‍ എത്രയോ ‘കൊമേഴ്സ്യല്‍’ സിനിമകളില്‍ ഇന്ന് കാണാം. പ്രതീകാത്മകത എന്ന ട്രേഡ് സീക്രട്ടിന്റെ കുത്തക കൈവിട്ടുപോയതോടു കൂടി പഴയമാതിരിയുള്ള ഫോര്‍മുല-ആര്‍ട് ഫിലിമുകള്‍ ഉണ്ടാകുന്നില്ല. നല്ല കാര്യം.
പറയാനുള്ളത് നേരെ പറയാതെ വളച്ചുകെട്ടി പറഞ്ഞ് പ്രേക്ഷകരെ വലക്കേണ്ട കാര്യമുണ്ടോ? നല്ല കഥയും തിരക്കഥയുമാണെങ്കില്‍ അത് ഗ്രഹിച്ച സംവിധായകനുണ്ടെങ്കില്‍ ഒരു സിനിമ ജനത്തിന് ഇഷ്ടപ്പെടും വിധത്തിലായിരിക്കും എന്നെനിക്ക് തോന്നുന്നു.
ഒരു മെസ്സേജ് നല്ലതാണ്. ആരുടെ സിനിമയായാലും അത് കുറച്ചു ദിവസം മനസ്സില്‍ തണ്ടി നില്‍ക്കണം... അതിന്റെ എഫ്ഫക്റ്റ് കുറച്ച് ദിവസം അനുഭവിക്കണം... അത്തരം സിനിമകളാണ് ഒരു സാദാരണ പ്രേക്ഷകന്, സിനിമാപ്രേമി എന്ന നിലയില്‍ എന്റെ ലിസ്റ്റിലുള്ള നല്ല സിനിമകള്‍.
ചിന്തകളുടെ വൈവിദ്ധ്യമാണു അഭിപ്രായങ്ങള്‍, ഇവിടെ കണ്ണൂസ്, അരവിന്ദ്, പെരിങ്ങോടന്, കുട്ടന് മേനോന്, ലാപുട, തുളസി, ആനക്കൂടന്‍, ദിവാ സ്വപ്നം... എന്നിവരെല്ലാം വ്യത്യസ്ഥത നിറഞ്ഞ അഭിപ്രായങ്ങളും യോജിപ്പും രേഖപ്പെടുത്തിയതായി കണ്ടു , ഇതേ പോലെ തന്നെയാണു അടൂറും, അരവിന്ദനും, ഷാജി(കരൂണ്‍)യും, ടി.വി. ചന്ദ്രനുമെല്ലാം അവരുടെ സര്‍ഗാത്മകമായുള്ള കഴിവുകളൂം വീക്ഷണങ്ങള്ക്കുമനുസരിച്ച് അവരുടെ ചിത്രങ്ങള്‍ക്ക് വ്യത്യസ്ഥ മാനങ്ങള്‍ ഉണ്ടാകുന്നു , അടൂറ് അരവിന്ദനേക്കാള്‍ കഴിവുള്ള ആളാണന്നൊ, അരവിന്ദന് ടി.വി. ചന്ദ്രനേക്കാള്‍ മികവുളൊരാളാണന്നോ , കച്ചവട സിനിമാ സംവിധായകര്‍ സമാന്തര സിനിമാ സംവിധായകരേക്കാള്‍ മോശമാണന്നോ . എന്നുള്ള യാതൊരു തെറ്റായ അഭിപ്രായവും എനിക്കില്ല , ഒരു വ്യ്ക്തിയുടെ ചിന്തകള്‍ക്കും കാഴ്ചപാടുകള്ക്കുമനുസരിച്ചായിരിക്കും അവരുടെ സ്ര്ഷ്ടികള് അത് ഏത് കലാരൂപമായാലും , ഒരു മരത്തില്‍ നിന്നു എല്ലാപഴവും ഒരേ ഗുണമുള്ളതാവണമെന്നില്ല , അങ്ങനെ ആഗ്രഹിക്കുംബോഴാണു(ഒരേ ഗുണമുള്ളവ) നമ്മുക്ക് നൈരാശ്യം ഉണ്ടാവുക ആ നൈരാശ്യത്തില്‍ നിന്ന് അവഗണന ഉണ്ടാകുന്നു, പിന്നെ അവഗണിക്കപെടുന്ന വ്യക്തിയുടെ നല്ല സ്ര്ഷ്ടികള് നമ്മുക്ക് നഷ്ടപ്പെടുന്നു
എല്ലാ കലാ സ്ര്ഷ്ടികളൂം സന്ദേശം ഉണ്ടായിരിക്കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല അങ്ങനെയെങ്കില്‍ പെരിങ്ങോടന് പറയുന്നത് പോലെ ആത്മീയ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ മതിയല്ലോ , തുളസിയെ ഞാന്‍ തള്ളി പറയുന്നില്ല ഏതൊരു സ്ര്ഷ്ടിയിലും ചില മൂല്യങ്ങള്‍ ഒളിഞ്ഞ് കിടപ്പുണ്ട് അത് വ്യക്തമാവുംബോഴാണു കലാ സ്ര്ഷ്ടിക്ക് കലാ മൂല്യം വര്‍ദ്ധിക്കുന്നത് , മൊണാലിസക്കു എത്ര ഭാവങ്ങള്‍ ഉണ്ടന്നു അതു സ്ര്ഷ്ടിച്ച ലിയോനാര്‍ഡോ ഡാ വിന്‍സിക്ക് പോലും അറിയില്ലായിരിക്കാം, ഒ ചന്തുമേനോണ്റ്റെ ഇന്ദുലേഖയില്‍ എന്ത് സന്ദേശമാണുള്ളത് ?, അതില്‍ ഒരു കാലഘട്ടത്തിണ്റ്റെ സംസ്ക്കാരമാണു അടങ്ങിയിരിക്കുന്നത്, ഇന്ദുലേഖ ഇല്ലെങ്കില്‍ നമ്മുക്ക് നൂറുവര്‍ഷം മുന്‍പുള്ള നമ്മുടെ കേരളീയ സംസ്ക്കാരം എങ്ങനെ നില നിന്നിരുന്നുവെന്ന് ചരിത്രക്കാരന്മാര് മുറിക്കുള്ളിലിരുന്ന് ചിന്തിച്ചും ഫോസിലുകള്‍ തപ്പി പിടിച്ച് മഷിയിട്ട് നോക്കി പറയുന്നത് അതേ പോലെ വിഴുങ്ങാനെ നമ്മുക്ക് വിധി ഉണ്ടാകൂ.
സമാന്തര സിനിമകള്‍ ഇഴയുന്നവയാണന്ന് പൊതുവേ അഭിപ്രായമുണ്ട് .. നമ്മുടെ ജീവിതം എങ്ങനെയാണു? യഥാര്‍ത്ഥ ജീവിതത്തിണ്റ്റെ പ്രതിഛായയാണു സമാന്തര സിനിമകള്‍, കച്ചവട സിനിമകള്‍ പോലെ എല്ലാ സിനിമകളും ആയാല്‍ പിന്നെ സമാന്തര സിനിമ എന്ന സങ്കല്‍പ്പത്തിനെന്ത് പ്രസക്തി, സിനിമാസ്വാദനമെന്ന് വെച്ചാല്‍ ഒരു കൂട്ടം ബുജികള്‍ താടിയും ചൊറിഞ്ഞിരിന്ന് മനസ്സിലാകാത്ത കുറെ പദങ്ങള്‍ ഉപയോഗിച്ച് അഭിപ്രായം പറയുന്നതല്ല എന്നാണു എണ്റ്റേയും കാഴ്ചപാട് , അരവിന്ദ് പറഞ്ഞത് എനിക്ക് മനസ്സിലായില്ല ... ഏത് രീതിയിലുള്ള വീടായിരിക്കണം ഉണ്ടാക്കേണ്ടത് എന്ന് മുന്‍ക്കൂട്ടി നിശ്ചയിക്കാനാണല്ലോ രൂപരേഖ വരക്കുന്നത്, സമാന്തര സിനിമ മനസ്സില്‍ കണ്ട് കൊണ്ട് തന്നെയാണു സംവിധായകന് ഒരു കഥ കണ്ടെത്തുന്നതും, തിരകഥ എഴുതുന്നതും സിനിമ എടുക്കുന്നതും.
സമാന്തര സിനിമകളെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചില സത്യങ്ങളെ നമ്മള് ഉള്കൊണ്ടേ തീരൂ.. കേവലം അറുനൂറുകിലോമീറ്റര്‍ നീളവും നൂറ്റന്പത് കിലോമീറ്റര്‍ വീതിയുമുള്ള ഇട്ടാ വട്ട കേരളത്തിണ്റ്റെ ശബ്ദവും ചിത്രവും ലോകോത്തര സിനിമകളില്‍ സ്ഥാനം നേടിയിട്ടുണ്ടെങ്കില്‍ എല്ലാ സമാന്തര സിനിമാകാരനും തണ്റ്റേതായ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
എണ്റ്റെ ലേഖനത്തിനു അഭിപ്രായങ്ങള്‍ എഴുതിയ, എഴുതുന്ന എഴുതാന്‍ പോകുന്നവര്‍ക്കും .... നന്ദി .. വീണ്ടും വരിക കമണ്റ്റുക....
സന്ദേശം എന്നു പറയുമ്പോള്‍ " ഗീതാ സന്ദേശം പോലെ ഒന്ന്" അല്ലെങ്കില്‍ "സാമൂഹ്യ പ്രതിബദ്ധത്" എന്നൊക്കെ തെറ്റിദ്ധരിക്കേണ്ടതില്ല. ആനക്കൂടന്‍ പറഞ്ഞതാണ് കാര്യം. ഓരോ കലാസൃഷ്ടിക്കും അനുവാചകന്റെ ഉള്ളില്‍ അവശേഷിപ്പിക്കാന്‍ കഴിയുന്ന ഒരു മുദ്ര ഉണ്ടാവണം എന്നേ ഞാന്‍ അര്‍ത്ഥമാക്കിയുള്ളൂ. പെരിങ്ങ്സേ, സാഹിത്യം, ചിത്രകല, നിശ്ചല ചിത്രം എന്നിവയില്‍ നിന്നൊക്കെ ചലച്ചിത്രത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകമുണ്ട്. (എന്റെ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നതും ചലച്ചിത്രത്തെക്കുറിച്ച് മാത്രമായിരുന്നു.) അതിന്റെ സംവേദന ശേഷി ബഹുതലം ആണ് എന്നത്. ബുദ്ധി കൊണ്ടും, ദൃശ്യങ്ങള്‍ കൊണ്ടും കാഴ്ച്ചയുടെ വ്യത്യസ്ത തലങ്ങള്‍ സിനിമയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയും. അതു കൊണ്ട് തന്നെയാണ് കാമ്പില്ലെങ്കിലും സുന്ദരമായ ഭാഷയുള്ള ഒരു കഥയെ നല്ല കഥ എന്ന് നമ്മള് പറയുമ്പോള്‍ മനോഹരമായ ദൃശ്യങ്ങള്‍ മാത്രം നിറഞ്ഞ ഒരു ചലച്ചിത്രത്തെ നല്ല ചിത്രം എന്ന് പറയാത്തത്. കഥാകാരനേയും, ഛായാഗ്രാഹകനേയും നന്നായി ഉപയോഗിക്കാന്‍ നല്ല ഒരു സംവിധായകന് കഴിഞ്ഞേക്കും. പക്ഷേ, ഉദാത്തം എന്ന് പറയാവുന്ന ഒരു സിനിമ ഉണ്ടാവുന്നത് സംവിധായകനില്‍ ഈ രണ്ടു ഘടകങ്ങളേയും സമന്വയിപ്പിക്കുന്ന ഒരു സിനിമാകാരന് ഉണ്ടാവുമ്പോഴാണ്. (അടൂരിന്റെ ചിത്രങ്ങളില്‍ സംവിധാനം എന്നല്ല "സാക്ഷാത്കാരം" അടൂര്‍ ഗോപാലകൃഷ്ണന് എന്നാണ് എഴുതിക്കാണിക്കുക)
ഒരളവു വരെ ഇത് സാഹിത്യത്തിലും ബാധകമാണ്. എത്ര നല്ല ഭാഷയില്‍ എഴുതിയാലും, കാലഹരണപ്പെട്ട ഒരു വിഷയം പ്രതിപാദ്യമായുള്ള സൃഷ്ടി ഉദാത്തം എന്ന് വിളിക്കപ്പെടാനാവില്ല. ഉദാഹരണത്തിന് ഇന്ന് എം.ടി. മരുമക്കത്തായത്തേയും നാലുകെട്ടിനേയും പറ്റി എഴുതിയാലും ആരും തിരിഞ്ഞു നോക്കുമെന്ന് തോന്നുന്നില്ല. വേറൊരു ഉദാഹരണം തരികയാണെങ്കില്‍ പെരിങ്ങോടന്റെ സ്പര്‍ശവും ഇബ്രുവിന്റെ അരിഗോണികളേയും നോക്കുക. രണ്ടും തികഞ്ഞ കലാസൃഷ്ടികളാണ്. രണ്ടിലും കഥയുടെ ക്രാഫ്റ്റ് ഭംഗിയായി നിലനിര്‍ത്തിയിരിക്കുന്നു. പക്ഷേ, പെരിങ്ങോടന് പ്രതിപാദിക്കുന്ന സ്പര്‍ശം എന്ന അനുഭവം കാലാനുവര്‍ത്തിയായ ഒന്നാണ്. ഇബ്രുവാവട്ടെ നിഴല്‍ പ്രവാചകരേയും, അരിഗോണികള്‍ എന്ന ഗോത്രത്തേയും സൂക്ഷ്മമായി പടുത്തുയര്‍ത്തി, പകുതി വഴിയില്‍ ഉപേക്ഷിക്കുന്നു. കഥ പറഞ്ഞത് കൊണ്ട് താന്‍ വായനക്കാര്‍ക്ക് എന്താണ് പകര്‍ന്ന് കൊടുക്കുന്നത് എന്ന് വരുന്ന ഭാഗങ്ങളില്‍ ഇബ്രു വ്യക്തമാക്കാത്തിടത്തോളം കാലം ഈ സൃഷ്ടിയില്‍ "സന്ദേശ"ങളൊന്നുമില്ല. (രണ്ട് പേരും എന്നോട് ക്ഷമിക്കുക. പറയേണ്ടത് എങ്ങനെ എഴുതി ഫലിപ്പിക്കണം എന്നറിയാത്തതു കൊണ്ട് ഈ കഥകളെ കൂട്ട് പിടിച്ചെന്നേ ഉള്ളൂ).
ചരിത്രപരമായ പല കാരണങ്ങള്‍ കൊണ്ടും പല സിനിമകളും, സാഹിത്യ സൃഷ്ടികളും അനശ്വരം, ക്ലാസ്സിക്ക് എന്നൊക്കെയുള്ള വിശേഷണങ്ങള്‍ നേടിയിട്ടുണ്ടാവും. പക്ഷേ, അതിന്റെ യഥാര്‍ത്ഥ മൂല്യം നിര്‍ണ്ണയിക്കേണ്ടത്, നമ്മുടെ ചിന്താധാരയില്‍, വീക്ഷണത്തില്‍ അവക്ക് ഗുണപരമായ സ്വാധീനം ചെലുത്താനാവുന്നുണ്ടോ എന്ന് നോക്കിയിട്ടാണ്. (ഭഗവദ്ഗീത എന്നെ സ്വാധീനിച്ചതിലേറെ ഗുരുസാഗരം സ്വാധീനിച്ചിട്ടുണ്ട്. അതു കൊണ്ടാണ് സന്ദേശം എന്നത് സാരോപദേശ കഥകളില്‍ ഒതുക്കി നിര്‍ത്താവുന്ന കാര്യമല്ല എന്നും അത് ഓരോ സൃഷ്ടിയിലും ഞാന്‍ തേടുന്നതാണെന്ന് എന്നും പറയുന്നത്.)
അടൂരിന്റെ സിനിമകള്‍ ഒരു “ ബുദ്ധിപരമായ സ്വയം ഭോഗം” പോലെ എന്ന് പലരും പറയാരുണ്ട്. ഒരു കലാ സ്രുഷ്ടിയുടെ ഉള്ളടക്കം / സന്ദേശം / സാമൂഹ്യ പ്രതിബദ്ധത എന്നും വിവാദ വിഷയമായിരുന്നു. കല കലയ്ക്കു വേണ്ടിയോ, ജീവിതത്തിന്നു വേണ്ടിയോ എന്നതു പഴയൊരു തര്‍ക്കമാണ്. കലയില്‍ സന്ദേശം തിരയുന്നതിനു പകരം ഗീതോപദേശമോ, ദൈവ വചനമോ വായിക്കാന്‍ പറയുന്നത് ശരിയല്ല. കാരണം ഒരു സന്ദേശം / പ്രത്യയശാസ്ത്രം ഇല്ലാത്ത കല ഇല്ല എന്നതു തന്നെ. വ്യക്തിപരമായത് എന്നും രാഷ്ട്രീയമാണ്. ( personal is political )
കണ്ണൂസേ, സന്ദേശം എന്ന വാക്കാവണം എന്നെ തെറ്റിദ്ധരിപ്പിച്ചതു്. എന്നെ സംബന്ധിച്ചിടത്തോളം കലയും, സാഹിത്യവും, സിനിമയുമെല്ലാം catalysts (ഉല്പ്രേരകം) ആണു്. ഇവ കാണുന്നതിനും/വായിക്കുന്നതിനും മുമ്പേയുള്ള ആസ്വാദകന്റെ മാനസികവും, സാമൂഹികവും, ബൌദ്ധികവുമായ അവസ്ഥകളില്‍ അവ വരുത്തുന്ന പരിവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകളാണു കലയുടെ മാനദണ്ഡവും. മേല്പറഞ്ഞ വരികളില്‍ നിന്നും, ആസ്വാദകന് ഇപ്രകാരം രാസപ്രവര്‍ത്തനം നടത്തുന്നതു കലയോടാണെന്നു തെറ്റിദ്ധരിക്കേണ്ടതില്ല. കലയെന്ന ഉല്‍പ്രേരകത്തിന്റെ സാന്നിദ്ധ്യത്തില്‍ അയാള്‍ രാസപ്രവര്‍ത്തനം നടത്തുന്നതു സമൂഹത്തിനോടും തന്നോടു തന്നെയുമാകും. പ്രത്യയശാസ്ത്രങ്ങളുടേയും, സന്ദേശങ്ങളുടേയും അഭാവത്തിലും കലയ്ക്കു നിലനില്ക്കുവാന് കഴിയും എന്നതാണു് ഈ വരികളുടെ സാംഗത്യവും. കലയുടെ മൂല്യത്തെ കുറിച്ചു സംവദിക്കവേ, സന്ദേശം എന്ന ഒറ്റവാക്കുകൊണ്ടു ഈ പ്രക്രിയയെ വിവരിക്കാന്‍ കഴിയില്ലെന്നു തോന്നുന്നു.
ഇന്നു ലോകത്തുള്ള ജനങ്ങളില്‍ മഹാ ഭൂരിപക്ഷം പേരും അവരുടെ ഒഴിവു സമയങ്ങളെ ഉല്ലാസ്പ്രദമാക്കാന് ഉപയോഗിക്കുന്ന ഉരു ഉപാധി എന്നതിലുപരി സിനിമാ ഒരു വ്യവസായം കൂടിയാണ്. അനേകം ലക്ഷം ജനങ്ങള്‍ അവരുടെ പോക്ക്റ്റില്‍ നിന്നും നല്കുന്ന ചില്ലികാശുകള്‍ പലതുള്ളി പെരുവെള്ളം എന്ന പോലെ അതു ലക്ഷങ്ങളും കോടികളുമായി ഈ വ്യവസായികളുടെ കീശയിലെത്തുന്നു. അതു കൊണ്ടു അനേകം ലക്ഷം ജനങ്ങള്‍ ജീവിച്ചു പോകുന്നു. ഒരു പാടു പേര് സമൂഹത്തില്‍ ഒത്തിരി പേരുടെ പ്രശസ്തിക്കും പ്രശംസക്കും പാത്രമാകുന്നു. അങ്ങിനെ ഇതൊരു ഭൂലോക പ്രതിഭാസമായിത്തീരുന്നു. എല്ലാത്തിലുമുപരി ഇതൊരു കലാ പ്രവര്‍ത്തനം കൂടിയാണ്. ഒരു സിനിമയിലെ ഒരു ചാന്‍സെങ്കിലും തരപ്പെട്ടാലോ എന്നോര്‍ത്തു ഒത്തിരി പേര് തങ്ങളുടെ ജീവിതം കലാപ്രവര്‍ത്തന മേഖല്കളിലേക്ക് തിരിച്ചു വിടുന്നു. പിന്നെയും കുറെ പേര് നിരൂപണം എന്നും മറ്റും പറഞ്ഞു അങ്ങിനെയും ജീവിക്കുന്നു. ചുരിക്കിപറഞ്ഞാല്‍ ഒരോ മനുഷ്യനും ഈ പ്രതിഭാസത്തില്‍ പങ്കാളികളാണ്. ഇനി സിനിമയെ വിലയിരുത്തുന്ന വിഷയം, അതു ഓരോരുത്തരുടെ അഭിരുചിക്കാനുസരിച്ചായിരിക്കും. ഈ അഭിരുചിതന്നെ അവനവന്റെ സംസ്കാരത്തിനും വളരുന്ന ചുറ്റുപാടുകള്ക്കുമനുസരിച്ചു വ്യത്യസ്തമായിരിക്കും.ചില ആളുകള്‍ക്കു സമാന്തര സിനിമയായിരിക്കും, മറ്റു ചിലര്‍ക്ക് കച്ചവട സിനിമായിരിക്കും, ഇനിയും ചിലര്‍ക്കു അസ്ലീല സിനിമകളായിരിക്കും. ഇവിടെയാണ് സിനിമയിടെ പ്രശസ്തി നിര്ണ്ണയിക്കുന്നപ്പെടുന്നത്. സിനിമയിലെ കഥയും കഥാ പാത്രങ്ങളും ജനങ്ങളെ സ്വാദീനിക്കുന്നതും.
എന്തൊക്കെ പറഞ്ഞാലും ഒരു മലയാളിയ്ക്ക് മറുനാട്ടുകാരനോട് ഇത് എന്റെ നാട്ടിലെ സിനിമയാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുമെങ്കില്‍ അത് അടൂരിന്റെയും, ചന്ദ്രന്റെയും അരവിന്ദന്റെയും ഒക്കെ സിനിമകള്‍ തന്നെയാണ്. അടൂരിന്റെ സിനിമകളില്‍ നാലുകെട്ട് വേണോ എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന്റേതല്ലേ...melodramaകള്‍ എടുത്തു എന്നുപറഞ്ഞ് ഹിച്ച്കോക്ക്ക്കിനെയും samurai actionഎടുത്തതിന് കുറസോവയെയും തള്ളിപറയുന്ന പോലെയാണ് ഇത്. Rashomonന്റെ സന്ദേശം എന്തായിരുന്നു? ആര്‍ക്കറിയാം...പിന്നെ അടൂരിനെയും അരവിന്ദനെയും ഒക്കെ പരിഹസിയ്ക്കുക സിനിമാ കച്ചവടക്കാരുടെ ഒരു പതിവാണിന്ന്. മാതൃഭൂമി ഓണപ്പതിപ്പില്‍ ലോഹിതദാസിന്റെ അഭിമുഖം വായിച്ചില്ലേ...നമ്മുടെ തലച്ചോറില്‍ മുതല വളരുന്നതിനെക്കുറിച്ചെഴുതിയതാരായിരുന്നു..?
മലയാളത്തിലെ ഏറ്റവും നല്ല ഒരേ ഒരു ചിത്രം കൊടിയേറ്റം
വ്യവസ്ഥിതിയുടെ ഉൽപ്പന്നമായ സമൂഹത്തിൽ സ്വയം കുടുങ്ങിയ ഒരു വ്യക്തിയാണ് എലിപ്പത്തായം എന്ന ചിത്രത്തിലെ കേന്ദ്രം. മാറുന്ന കാലഘട്ടത്തോട് എതിരിടാനാവാത്ത മനസ്സിൻ്റെ സംഘർഷം അടൂരിൻ്റെ ചിത്രങ്ങളിൽ ദൃശ്യമാണ്.
Post a Comment