Tuesday, December 24, 2013

ഒരു ഇന്ത്യന്‍ പ്രണയകഥ


കഥ, തിരക്കഥ, സംഭാഷണം: ഡോ: ഇക്ബാല്‍ കുറ്റിപ്പുറം
സംവിധാനം: സത്യന്‍ അന്തിക്കാട്‌

രാഷ്ട്രീയത്തില്‍ പിടിച്ച്‌ നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരണ്റ്റെ തന്ത്രപ്പാടുകളും ഒടുവില്‍ ഇടക്കാല തിരഞ്ഞെടുപ്പിന്‌ സീറ്റ്‌ ലഭിക്കാതെ വരുന്ന സന്ദര്‍ഭങ്ങളുമെല്ലാം വിവരിച്ച്‌ ആദ്യപകുതി ഭേദപ്പെട്ട ആസ്വാദനനിലവാരം പുലര്‍ത്തി.

കാനഡയില്‍ നിന്ന് നാട്ടിലെത്തുന്ന ഒരു യുവതിയെ സഹായിക്കാന്‍ നില്‍ക്കേണ്ടിവരുന്ന അവസ്ഥയില്‍ നിന്ന് കഥ വേറൊരു വഴിയിലേയ്ക്ക്‌ കടക്കുന്നു.

നാട്ടില്‍ തന്നെ ചെറുപ്പത്തിലേ അനാഥാലയത്തിലാക്കിയ തണ്റ്റെ അച്ഛനേയും അമ്മയേയും കണ്ടെത്തി അവര്‍ അറിയാതെ അവരെ ഒരു നോക്ക്‌ കണ്ട്‌ തിരിച്ചുപോകുകയാണത്രേ ഈ യുവതിയുടെ ആഗ്രഹം.

ഈ എഴുതിയത്‌ വലിയൊരു സസ്പെന്‍സ്‌ ആയി തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക. ഈ ഒരു ഭാഗം വളരെ പുതുമയുള്ളതാണല്ലോ!

ഇനി കൂടുതലൊന്നും പറയാതെ തന്നെ ഈ സിനിമയുടെ ഒരു സെറ്റപ്പ്‌ ഊഹിച്ചെടുക്കാവുന്നതല്ലേയുള്ളൂ....

ഫഹസ്‌ ഫാസിലിണ്റ്റെ മികച്ച പ്രകടനവും അമലപോളിണ്റ്റെ ദൃശ്യമികവും ഈ ചിത്രത്തെ വല്ലാത്ത വരള്‍ച്ചയില്‍ നിന്ന് രക്ഷിച്ചിട്ടുണ്ട്‌.

അവിടവിടെ ചില ഡയലോഗുകളും സന്ദര്‍ഭങ്ങളും രസകരമായിരുന്നു.

പൊതുവേ പറഞ്ഞാല്‍ 'സന്ദേശ'ത്തിണ്റ്റെ വഴിക്ക്‌ പോയി 'സന്ദേഹം' ആയി മാറി ഈ ചിത്രം.

Rating : 4.5 / 10

Friday, December 20, 2013

ദൃശ്യം


രചന, സംവിധാനം: ജീത്തു ജോസഫ്‌
നിര്‍മ്മാണം: ആണ്റ്റണി പെരുമ്പാവൂര്‍

കേബില്‍ ടി വി ബിസിനസ്സും നിരന്തരം സിനിമാകാണലുമായി ജീവിക്കുന്ന ജോര്‍ജുകുട്ടിയും അയാളുടെ ഭാര്യയും രണ്ട്‌ പെണ്‍ മക്കളുമടങ്ങുന്ന കുടുംബവും ഇദ്ദേഹം ബന്ധപ്പെടുന്ന ചുറ്റുപാടുകളും സാവധാനം വിവരിച്ചുകൊണ്ട്‌ ഈ സിനിമയുടെ ആദ്യപകുതിയുടെ അധികവും കടന്നുപോകുന്നു.

ആദ്യപകുതി കഴിയുന്നതോടെ കഥാഗതി ഒരു നിര്‍ണ്ണായക സംഭവത്തിണ്റ്റെ തീവ്രതയില്‍ എത്തി നില്‍ക്കുകയും തുടര്‍ന്നങ്ങോട്ട്‌ പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങളും പ്രതിരോധങ്ങളും സംഭവങ്ങളുമായി പുരോഗമിക്കുകയും ചെയ്യുന്നു.

നാലാം ക്ളാസ്സ്‌ വിദ്യാഭ്യാസം മാത്രമുള്ള ജോര്‍ജുകുട്ടി, തണ്റ്റെ അനുഭവത്തില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും സ്വായത്തമാക്കിയ കാര്യങ്ങളാല്‍ തണ്റ്റെ കുടുംബത്തെ ബാധിച്ച ഒരു വലിയ അപകടത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ ഗംഭീരമാണ്‌.

പക്ഷേ, സാധാരണ സിനിമകളില്‍ കാണുന്നപോലെ നിഷ്‌ പ്രയാസം പരാജയപ്പെടുകയും ബുദ്ധിഹീനമായി പെരുമാറുകയും ചെയ്യുന്ന ഒരു പോലീസിനെയല്ല നാമിവിടെ കാണുന്നത്‌. 

പോലീസ്‌ കോണ്‍സ്റ്റബില്‍ മുതല്‍ എല്ലാവരും വളരെ ബുദ്ധിപരമായിതന്നെ ജോര്‍ജുകുട്ടിയുടെ നീക്കങ്ങളെ കാണുകയും ജോര്‍ജുകുട്ടി തീര്‍ക്കുന്ന പ്രതിരോധങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ അത്ഭുതാവഹമാണ്‌.

ജോര്‍ജുകുട്ടിയേക്കാല്‍ ഒരു പടി മുകളില്‍ ചിന്തിക്കുന്ന ഉന്നത പോലീസ്‌ ഉദ്യോഗസ്ഥയും അവരെപ്പോലും അമ്പരപ്പിക്കുന്ന നീക്കങ്ങളുമായി ജോര്‍ജുകുട്ടിയും പ്രേക്ഷകരെ ഞെട്ടിക്കുന്നു. 

ഒടുവില്‍, ജോര്‍ജുകുട്ടിക്ക്‌ മാത്രം അറിയുന്ന ഒരു നിര്‍ണ്ണായക രഹസ്യം കൂടി പ്രേക്ഷകര്‍ക്ക്‌ ദൃശ്യമാകുന്നതോടെ ഈ ചിത്രം പ്രേക്ഷകമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിയുന്നു.

മോഹന്‍ലാലിണ്റ്റെ അഭിനയമികവിണ്റ്റെ മേന്‍മ പലയിടങ്ങളിലും നമുക്ക്‌ കണ്ടറിയാനാകുന്നു.

കലാഭവന്‍ ഷാജോണിണ്റ്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലാകുന്നു അദ്ദേഹം ചെയ്ത പോലീസ്‌ കോണ്‍സ്റ്റബിള്‍.

ആശാ ശരത്‌ പോലീസ്‌ ഉദ്യോഗസ്ഥയുടെ റോളില്‍ മികവ്‌ പുലര്‍ത്തിയപ്പോള്‍ സിദ്ദിഖ്‌ തണ്റ്റെ സ്ഥിരം മികവ്‌ നിലനിര്‍ത്തി.

സുജിത്‌ വാസുദേവിണ്റ്റെ ക്യാമറാമികവും ഈ ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുന്നതില്‍ വളരെ സഹായിച്ചിരിക്കുന്നു.

വളരെ മികച്ചതും ബുദ്ധിപരവുമായ ഒരു രചന നിര്‍വ്വഹിച്ചതിനും അത്‌ സംവിധായകണ്റ്റെ റോളില്‍ നിന്ന് ഭംഗിയായി പ്രേക്ഷകരിലേക്കെത്തിച്ചതിനും ജീത്തുജോസഫ്‌ വളരെ അഭിനന്ദനമര്‍ഹിക്കുന്നു.

കഴിഞ്ഞ രണ്ട്‌ മൂന്ന് ചിത്രങ്ങളുടെ മികവില്‍ ഇദ്ദേഹത്തിണ്റ്റെ സ്ഥാനം മലായാളസിനിമയില്‍ വളരെ ഉന്നതിയിലായിക്കഴിഞ്ഞിരിക്കുന്നു.

Rating : 8.5 / 10

Friday, December 06, 2013

എസ്കേപ്‌ ഫ്രം ഉഗാണ്ടാ (Escape From Uganda)


കഥ, സംവിധാനം : രാജേഷ്‌ നായര്‍
തിരക്കഥ: സന്ദീപ്‌ റോബിന്‍സണ്‍, ദീപക്‌ പ്രഭാകരന്‍, നിതിന്‍ ഭദ്രന്‍

പ്രേമിച്ച്‌ വിവാഹം കഴിച്ച ശിഖ സാമുവലും ജയകൃഷ്ണനും വീട്ടുകാരുടെ ശല്ല്യം ഇല്ലാതിരിക്കാന്‍ എത്തിച്ചേര്‍ന്ന സ്ഥലമാണ്‌ ഉഗാണ്ട.
അവിടെ ജോലി ചെയ്ത്‌ ജീവിതം പുരോഗമിക്കുമ്പോള്‍ ശിഖ കൊലപാതകക്കേസില്‍ ജയിലിലാകുന്നു.
അവരെ സഹായിക്കാന്‍ ഒരു മലയാളി അഡ്വക്കേറ്റ്‌ ഉണ്ടാകുന്നു എന്നത്‌ ആശ്വാസകരമെങ്കിലും ഇദ്ദേഹവും കൊല്ലപ്പെടുന്നു. തുടര്‍ന്ന് തണ്റ്റെ ഭാര്യയെ നിയമപരമായി രക്ഷിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കുന്ന ജയകൃഷ്ണന്‍ ആണ്റ്റണിയുടെ സഹായം തേടുന്നു.

ഈ ആണ്റ്റണി എന്ന് പറഞ്ഞാല്‍ ഒരു ഭയങ്കര സംഭവമാണത്രേ.. ഇദ്ദേഹമാണ്‌ ഈ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഒരേ ഒരു ജീവി! (ജയിലില്‍ നിന്ന് രക്ഷപ്പെട്ടാല്‍ പിന്നെ ആരെയും പേടികേണ്ട എന്നതാണെന്ന് തോന്നുന്നു ആ രാജ്യത്തെ കീഴ്‌ വഴക്കം).

അങ്ങനെ ആണ്റ്റണിയുടെ നേതൃത്വത്തില്‍ ശിഖയെ ജയിലില്‍ നിന്ന് രക്ഷിച്ച്‌ ഉഗാണ്ട വിട്ടുപോരുന്നതാണ്‌ കഥ.

ഈ സിനിമ കാണുമ്പോള്‍ കുറേ സംശയങ്ങള്‍ തോന്നുക സ്വാഭാവികം.

1. ഉഗാണ്ട എന്ന സുന്ദരവും ശാന്തവുമായ ഒരു സ്ഥലം ഒളിച്ചോടുന്നവര്‍ക്കായി ലഭ്യമാണെന്ന് മാലോകര്‍ അറിയാതെപോയതെന്ത്‌?

2. റീമാ കല്ലിങ്കല്‍ ൨൨ ഫീമെയില്‍ കോട്ടയം എന്ന ജയിലില്‍ നിന്ന് നേരെ ഇവിടെ എത്തിയതാണോ?

3. ഉഗാണ്ടയില്‍ ഒരിക്കല്‍ ജയില്‍ ചാടിയാല്‍ പിന്നെ തൊടാന്‍ പറ്റില്ല എന്ന നിയമമുണ്ടോ?

4. വിമാനത്തില്‍ കയറിപ്പറ്റിയാല്‍ നേരെ രാജ്യം വിട്ട്‌ എവിടേലും പോയി രക്ഷപ്പെടാമോ?

മേല്‍പ്പറഞ്ഞ ചോദ്യങ്ങളൊക്കെ ഉണ്ടെങ്കിലും അവസാനം ഒരു വിമാനത്തെ ഒാടിച്ചിട്ട്‌ പിടിക്കുന്ന റീമ കല്ലിങ്കലിണ്റ്റെ ആ ഒാട്ടം... ഹോ..... വെടിയുണ്ട തോറ്റുപോകും!

അഭിനയമൊന്നും പൊതുവേ വലിയ ഗുണനിലവാരം പുലര്‍ത്തിയില്ല എന്ന് തോന്നി.

ഉദ്വേഗജനകമായ നിമിഷങ്ങള്‍ ഈ ചിത്രം കാര്യമായൊന്നും സമ്മാനിക്കുന്നില്ല.

ഉഗാണ്ടയിലെ ജയില്‍ ചാടുന്നു എന്നതൊഴിച്ച്‌ കഥയില്‍ വേറെ ഒരു പ്രത്യേകതയുമില്ല.

ഈ കാരണങ്ങളാലൊക്കെത്തന്നെയാകും ആളുകള്‍ 'എസ്കേപ്‌ ഫ്രം ഉഗാണ്ട' എന്ന ചിത്രത്തിണ്റ്റെ ഏരിയയില്‍ നിന്ന് 'എസ്കേപ്‌' ആകുന്നതും.

Rating: 3 / 10