Sunday, November 24, 2013

വിശുദ്ധന്‍


കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: വൈശാഖ്‌
നിര്‍മ്മാണം: ആണ്റ്റോ ജോസഫ്‌

 ഒരു പള്ളിവികാരിയായി എത്തുന്ന സണ്ണിച്ചന്‍ ആ പ്രദേശത്തെ കന്യാസ്ത്രീ മഠത്തിണ്റ്റെ മേല്‍നോട്ടത്തിലുള്ള സ്നേഹാലയത്തെ സംബദ്ധിച്ച ചില കാര്യങ്ങള്‍ അവിടത്തെ ഒരു കന്യാസ്ത്രീയില്‍ നിന്ന് മനസ്സിലാക്കുകയും ആ കാര്യങ്ങളില്‍ സ്ഥലത്തെ പ്രധാന മുതലാളിയായ വക്കച്ചണ്റ്റെയും മകണ്റ്റെയും ഇടപെടലുകള്‍ തിരിച്ചറിയുകയും ചെയ്യുന്നിടത്തുനിന്നാണ്‌ ഈ കഥ വികാസം പ്രാപിക്കുന്നത്‌.

പിന്നീട്‌ പതിവ്‌ കഥാരീതികളനുസരിച്ചുള്ള ഗൂഢാലോചനകളും കളികളുമൊക്കെത്തന്നെയാണെങ്കിലും കന്യാസ്ത്രീയും അച്ഛനും പട്ടവും പദവിയുമില്ലാതെ ആ നാട്ടില്‍ തന്നെ ഒന്നിച്ച്‌ ജീവിക്കേണ്ടി വരുന്നു എന്നത്‌ ഒരു പുതുമയോ പ്രത്യേകതയോ ആയി പറയാം.

പക്ഷേ, വീണ്ടും കഥ പണ്ടുകാലത്തെ സ്ഥിരം സംഗതികളായ തെളിവ്‌ നശിപ്പിക്കലും കൊലപാതകവും പ്രതികാരവുമൊക്കെത്തന്നെയായി ചുറ്റിത്തിരിയുന്നത്‌ കാണുന്നത്‌ വല്ലാത്ത ഒരു ദയനീയാവസ്ഥയാണ്‌.

ചിത്രത്തിണ്റ്റെ ആദ്യപകുതിയോളം കാര്യമായ പ്രശ്നങ്ങളില്ലാതെ ഒരു പ്രതീക്ഷ തരുന്നുണ്ടെങ്കിലും തുടര്‍ന്നങ്ങോട്ട്‌ കണ്ട്‌ മടുത്ത സ്ഥിരം സംവിധാങ്ങളൊക്കെത്തന്നെയായതിനാല്‍ ഒട്ടും തന്നെ താല്‍പര്യജനകമാകുന്നില്ല എന്നതാണ്‌ സത്യം.

സാമ്പത്തികബാധ്യതയാല്‍ ബാംഗ്ളൂരില്‍ പഠിക്കാന്‍ പോയ പെണ്‍കുട്ടി ശരീരം വിറ്റ്‌ ഫീസിന്‌ കാശുണ്ടാക്കുന്നതും അതറിയാത്ത നിസ്സഹായനായ പിതാവ്‌ പിന്നീട്‌ അത്‌ തിരിച്ചറിയുന്നതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും അതിണ്റ്റെ പിന്നാലെ പിതാവും കെട്ടിത്തൂങ്ങുകയും ഒക്കെ സംഭവിക്കുന്നു എന്ന് പറഞ്ഞാല്‍ തന്നെ പുതുമകളുടെ ഘോഷയാത്രതന്നെ ഉണ്ടാകും എന്ന് ഊഹിക്കാമല്ലോ...

'ഫീല്‍ ദ ഡിഫറന്‍സ്‌' എന്നൊക്കെ പോസ്റ്ററില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്‌ ഗംഭീരമായിരിക്കുന്നു. (ആരോ പറഞ്ഞപോലെ രാത്രി ഷൂട്ടിംഗ്‌ നടത്താന്‍ ബുദ്ധിമുട്ടായതിനാല്‍ പകല്‍ ഷൂട്ട്‌ ചെയ്ത്‌ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിണ്റ്റെ അടിയില്‍ 'രാത്രി സമയം' എന്ന് എഴുതിക്കാണിച്ചാല്‍ മതിയോ ആവോ!)

ചില രംഗങ്ങള്‍ ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌ ചെവി പൊട്ടിക്കും വിധം ഉച്ചത്തില്‍ ഉപയോഗിച്ചാല്‍ ശരിക്കും ഫീല്‍ കിട്ടും എന്ന് സംവിധായകന്‌ ഒരു തെറ്റിദ്ധാരണയുണ്ടെന്ന് പലപ്പോഴും തോന്നി.

എത്രയൊക്കെ സൌണ്ട്‌ എഫ്ഫക്റ്റ്‌ ഉണ്ടാക്കിയിട്ടും ആ രംഗങ്ങള്‍ക്കൊന്നും ഒരു ഫീലും കിട്ടാഞ്ഞത്‌ അതൊക്കെ കുറേ കണ്ട്‌ മടുത്തതതുകൊണ്ടാണ്‌ മിസ്റ്റര്‍ ഡയറക്റ്ററ്‍.. അല്ലാതെ, പ്രേക്ഷകര്‍ക്ക്‌ ഹൃദയമില്ലാത്തതുകൊണ്ടല്ല...

പുട്ടിന്‌ തേങ്ങ പോലെ ഇടയ്ക്കിടയ്ക്ക്‌ ബൈബിള്‍ വചനങ്ങള്‍ വാരി വിതറുന്നുണ്ട്‌.

കുഞ്ചാക്കോ ബോബന്‍ ഒരു പക്വതയുള്ള നടണ്റ്റെ ലക്ഷണങ്ങള്‍ പലപ്പോഴും കാണിക്കുന്നുണ്ട്‌.

മിയ വളരെ ആകര്‍ഷണീയമായിരിക്കുന്നു.

കഥാപാത്രങ്ങളുടെ പുതുമകൊണ്ട്‌ പലവട്ടം കണ്ട്‌ മടുത്ത കഥാസന്ദര്‍ഭങ്ങളെ ആകര്‍ഷണീയമാക്കാം എന്നൊരു വ്യാമോഹം ഈ ചിത്രത്തിലുണ്ട്‌.

സിനിമയുടെ രണ്ടാം പകുതി പുരോഗമിക്കുമ്പോള്‍ തീയ്യറ്റര്‍ വിടാനുള്ള പ്രേക്ഷകണ്റ്റെ വ്യഗ്രതയും ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നത്‌ ഈ ചിത്രത്തിണ്റ്റെ ഒരു പ്രത്യേകതയാണ്‌.

 Rating : 4 / 10 

Wednesday, November 20, 2013

തിര


രചന: രാകേഷ്‌ മാന്തൊടി
സംവിധാനം: വിനീത്‌ ശ്രീനിവാസന്‍

ഇടയ്ക്ക്‌ ചില നിമിഷങ്ങളിലൊഴിച്ച്‌ ബാക്കി മുഴുവന്‍ സമയവും പ്രേക്ഷകരെ ഒട്ടും ശ്രദ്ധ പതറാതെ കസേരയില്‍ പിടിച്ചിരുത്താന്‍ കഴിയുന്ന ഒരു ചിത്രമാണ്‌ 'തിര'.

ഡോ. രോഹിണിയെ അവതരിപ്പിച്ച ശോഭനയുടെ അത്യുഗ്രന്‍ പ്രകടനമാണ്‌ ഈ ചിത്രത്തിണ്റ്റെ മര്‍മ്മം.
ഈ ചിത്രത്തിണ്റ്റെ സാമൂഹികപ്രസക്തമായ ഉള്ളടക്കത്തെ മികച്ചരീതിയില്‍ പ്രതിഫലിപ്പിക്കാന്‍ ശോഭനയുടെ അഭിനയത്തികവ്‌ പ്രധാന കാരാണമാണ്‌.

ധ്യാന്‍ ശ്രീനിവാസന്‍ എന്ന തുടക്കക്കാരന്‍ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചിരിക്കുന്നു. 

തിരക്കഥയിലെ പല പാകപ്പിഴകളേയും അവഗണിക്കാവുന്ന തരത്തില്‍ ഈ ചിത്രത്തിണ്റ്റെ സാങ്കേതികമേന്‍മയും അഭിനയമികവും കൂടുതല്‍ തെളിഞ്ഞ്‌ നിന്നു.

പ്രേക്ഷകരില്‍ ഒരു അസ്വസ്ഥത സൃഷ്ടിക്കുവാന്‍ ഈ ചിത്രത്തിണ്റ്റെ പ്രമേയത്തിന്‌ സാധിച്ചിട്ടുണ്ട്‌. 

ഒട്ടും പരിചിതമല്ലാത്ത ഒരിടത്ത്‌ നഷ്ടപ്പെട്ടവരെ തേടിയുള്ള നവീണ്റ്റെ (ധ്യാന്‍ ശ്രീനിവാസന്‍) അലച്ചിലും പെട്ടെന്നുള്ള കണ്ടെത്തലുകലും അതിശയോക്തിപരമാണ്‌.

പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ, ചടുലമായരീതിയില്‍ സാമൂഹികപ്രസക്തമായ വിഷയത്തെ കൈകാര്യം ചെയ്തിരിക്കുകയും ശോഭന എന്ന നടിയുടെ അസാമാന്യ അഭിനയപാടവവും ഒത്തുചേര്‍ന്നപ്പോള്‍ ഇത്‌ പ്രേക്ഷകമനസ്സുകളെ സ്വാധീനിക്കുന്ന ഒരു മികച്ച ചിത്രമായിത്തീര്‍ന്നിരിക്കുന്നു.

Rating : 7 / 10

Sunday, November 17, 2013

ഗീതാഞ്ജലി


തിരക്കഥ: അഭിലാഷ്‌ നായര്‍
സംഭാഷണം: ഡെന്നിസ്‌ ജോസഫ്‌
സംവിധാനം: പ്രിയദര്‍ശന്‍

'മണിച്ചിത്രത്താഴ്‌' എന്ന സിനിമയുമായി ഈ ചിത്രത്തിന്‌ ബന്ധമില്ല എന്ന്‌ പ്രിയദര്‍ശന്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും മണിച്ചിത്രത്താഴിലെ പല കഥാപാത്രങ്ങളും സാഹചര്യങ്ങളും കുറച്ചൊന്ന്‌ ഭേദഗതിവരുത്തി ഈ ചിത്രത്തിലും അനുകരിച്ചിട്ടുണ്ട്‌. പക്ഷേ, ഗുണമേന്‍മയുടെ കാര്യമാണ്‌ പ്രിയദര്‍ശന്‍ ഉദ്ദേശിച്ചിരിക്കുന്നതെങ്കില്‍ വളരെ ശരിയാണ്‌... ഒരിക്കലും താരതമ്യം ചെയ്യാവുന്ന ഒരു രൂപത്തിലേ അല്ല ഈ സിനിമ.

തുടക്കം മുതല്‍ തന്നെ ഒരു പ്രേതസാന്നിദ്ധ്യം പ്രേക്ഷകരില്‍ എത്തിക്കുന്നതിനാല്‍ ഇടയ്ക്കിടയ്ക്ക്‌ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഈ ചിത്രത്തിന്‌ സാധിക്കുന്നുണ്ട്‌. (പെട്ടെന്ന്‌ പിന്നില്‍ നിന്ന്‌ ഓരിയിട്ടാലോ, ഒരു പ്രേതരൂപം പെട്ടെന്ന്‌ കാണിച്ചാലോ പേടിക്കാത്തവര്‍ ചുരുക്കമാണല്ലോ). പക്ഷേ, അതെല്ലാം ഒരു പെണ്‍കുട്ടിയുടെ മാനസികനിലയുടെ പ്രതിഫലനങ്ങളാണെന്ന്‌ എല്ലാവര്‍ക്കും അറിയാമല്ലോ..

സസ്പെന്‍സ്‌ ഒക്കെ നിലനിര്‍ത്തി ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലിലേയ്ക്കെത്തിക്കാനൊക്കെ ഈ ചിത്രത്തിന്‌ കഴിഞ്ഞിട്ടുണ്ടെങ്കിലും അതിനൊക്കെ അവലംബിച്ച സംഗതികള്‍ പലതും അതിക്രമമായിപ്പോയി. ചില ഉദാഹരണങ്ങള്‍...

1. സ്വന്തം അമ്മയെ തണ്റ്റെ നിലനില്‍പ്പിനുവേണ്ടി കൊല്ലാനോ കൊലയ്ക്ക്‌ കൊടുക്കാനോ ഒരു പെണ്‍കുട്ടിക്ക്‌ തോന്നുക എന്നത്‌ ഒരല്‍പ്പം കഠിനമായി. എത്രയൊക്കെ ക്രിമിനല്‍ ബുദ്ധി ഉണ്ടെന്ന്‌ പറഞ്ഞാലും....

2. കല്ല്യാണദിവസം ചെക്കന്‍ വീട്ടില്‍ ആട്ടവും പാട്ടുമായി തകര്‍ക്കുമ്പോള്‍ മണവാട്ടി ഒരു പ്രേതബംഗ്ളാവില്‍ ഒറ്റയ്ക്കിരുന്ന്‌ അണിഞ്ഞൊരുങ്ങുന്നു.... പാവം... (പുറത്ത്‌ നല്ല ഇടിവെട്ടും മഴയും... വേണമല്ലോ... )

3. ആര്‍ക്കുവേണേലും ആരുമറിയാതെ കല്ലറ പണിത്‌ കുഴിച്ചിടാന്‍ സംവിധാനമുള്ള സിമിത്തേരികള്‍ ഉള്ള സ്ഥലം ഏതാണോ എന്തോ...

4. ഇരട്ടസഹോദരിമാരുടെ കൂടെ പ്രേമിച്ചുകൊണ്ട്‌ നടക്കുന്ന ചെറുപ്പക്കാരന്‍... സഹോദരിമാരുടെ ആ സഹകരണം കണ്ടപ്പോള്‍ കൌതുകം തോന്നിപ്പോയി... (അതില്‍ ഒരാളെയേ പ്രേമിക്കുന്നുള്ളൂ എന്നതാണ്‌ സംഭവമെങ്കിലും രണ്ടുപേരും അത്‌ ആസ്വദിക്കുന്നു, സഹകരിക്കുന്നു, ആര്‍മ്മാദിക്കുന്നു)
5. ക്രിസ്ത്യന്‍ പുരോഹിത തിരുമേനിയുടെ വൈഭവം!

മേല്‍പ്പറഞ്ഞ സംഗതികള്‍ കൂടാതെ ഹരിശ്രീ അശോകണ്റ്റെ മന്ത്രവാദി കഥാപാത്രവും അനുബന്ധസംഗതികളും ഹാസ്യത്തിനുവേണ്ടി കെട്ടിയൊരുക്കി വികൃതമാക്കിയിരിക്കുന്നു എന്ന്‌ പറയാതെ വയ്യ.

ക്ളൈമാക്സിനോടടുക്കുമ്പോഴുള്ള ഒരു പാട്ടും നൃത്തരംഗവും കണ്ടിരിക്കാന്‍ ഭീകരമയ ക്ഷമ തന്നെ വേണം.

നിഷാന്‍ എന്ന നടന്‍ ദയനീയമായ പ്രകടനം അഭിനയത്തില്‍ കാഴ്ച വെച്ചിരിക്കുന്നു.
മോഹന്‍ ലാലിന്‌ ഡോ. സണ്ണി എന്ന കഥാപാത്രത്തിലൂടെ വലിയ പ്രത്യേകതകളൊന്നും കാണിക്കുവാനുണ്ടായില്ല.

പക്ഷേ, പുതുമുഖ നായിക കീര്‍ത്തി സുരേഷ അഭിനന്ദനമര്‍ഹിക്കുന്നവിധം മികച്ച പ്രകടനം നടത്തി.

ഇന്നസെണ്റ്റ്‌ എത്തുന്നതോടെ ഭേദപ്പെട്ട ഹാസ്യരംഗങ്ങളും ഡയലോഗുകളും ഉണ്ടായി എന്നത്‌ ആശ്വാസകരം.

ഇരട്ടസഹോദരികളായ ആ കുട്ടികളുടെ ബാല്യകാലവും തുടര്‍ന്ന് അവര്‍ക്കുണ്ടായ ദുര്യോഗവും പ്രേക്ഷകമനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ട്‌ അവശേഷിക്കുന്നു എന്നത്‌ മാത്രമാണ്‌ ഈ ഈ ചിത്രത്തിണ്റ്റെ പ്രധാന ക്രെഡിറ്റ്‌.

ഇടയ്ക്കിടെ ഭയപ്പെടുത്തുന്ന പ്രേതരൂപങ്ങളുള്ളതിനാല്‍ കുട്ടികളുള്ള കുടുംബങ്ങളൊന്നും ആ വഴി പോകുമെന്നും തോന്നുന്നില്ല.

Rating : 5 / 10

Sunday, November 10, 2013

ഫിലിപ്സ്‌ ആണ്റ്റ്‌ ദി മങ്കി പെന്‍ ( Philips and the Money Pen)


കഥ: ഷാനില്‍ മുഹമ്മദ്‌
രചന: റോജിന്‍ ഫിലിപ്‌
സംവിധാനം: റോജിന്‍ ഫിലിപ്‌, ഷാനില്‍ മുഹമ്മദ്‌
നിര്‍മ്മാണം: സാന്ദ്ര തോമസ്‌, വിജയ്‌ ബാബു

അഞ്ചാം ക്ളാസ്സില്‍ പഠിക്കുന്ന റയാന്‍ ഫിലിപ്‌ എന്ന കുട്ടിയും അവണ്റ്റെ സുഹൃത്തുക്കളും തങ്ങളുടെ വികൃതികളുടെയും ഉഴപ്പിണ്റ്റെയും സ്കൂള്‍ ജീവിതം തുടരുമ്പോള്‍ യാദൃശികമായി റയാണ്റ്റെ കയ്യില്‍ കിട്ടിയ മങ്കി പെന്‍ അവണ്റ്റെ ജീവിതത്തെ മാറ്റി മറിക്കുന്നു.

പഠനകാര്യത്തിലും മറ്റും കൃത്യമായ ഒരു ശ്രദ്ധയില്ലാത്ത മാതാപിതാക്കളുണ്ടെങ്കില്‍ കുട്ടികള്‍ എന്തൊക്കെ തരത്തില്‍ അപകടകാരികളും പ്രശ്നക്കാരുമായിത്തീരാം എന്ന് സൂചനതരുന്നതോടൊപ്പം അദ്ധ്യാപകരുടെ പഠനരീതികളൂം സമീപനങ്ങളും അവരെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നതും പ്രധാനമാകുന്നു.

മങ്കി പെന്‍ എന്ന ഒരു അതിശയകരമായ വിശ്വാസത്തിലൂടെ ഈ കുട്ടി എങ്ങനെ ഒരു സ്കൂളിനും സമൂഹത്തിനും മികച്ച സംഭാവനകളും ചിന്താരീതികളും സമ്മാനിക്കുന്നു എന്നതാണ്‌ പ്രധാന വിസ്മയം.
മാതാപിതാക്കളുടെ ശ്രദ്ധയും അദ്ധ്യാപകരുടെ തിരുത്തപ്പെട്ട സമീപനങ്ങളും ഈ വിസ്മയത്തിണ്റ്റെ പിന്‍ ബലമാകുന്നു എന്നതാണ്‌ മറ്റൊരു സവിശേഷത.

അവിശ്വസനീയകരമായ സംഭവങ്ങളുടെ കാര്യമായ സങ്കീര്‍ണ്ണതകളില്ലാതെ തന്നെ രസകരവും വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായ ഒരു സിനിമ സാദ്ധ്യമായിരിക്കുന്നു എന്നതാകുന്നു ഈ ചിത്രത്തിണ്റ്റെ പ്രധാന ആകര്‍ഷണം.

കുട്ടികളെ വളരെയധികം മൂല്ല്യങ്ങള്‍ ഒാര്‍മ്മിപ്പിക്കാനും പഠിപ്പിക്കാനും ഈ ചിത്രത്തിന്‌ ഒരു പരിധിവരെ സാധിക്കുന്നു എന്നത്‌ നല്ല കാര്യം.

റയാന്‍ ഫിലിപ്പിനെ അവതരിപ്പിച്ച മിടുക്കന്‍ (മാസ്റ്റര്‍ സനൂപ്‌) മിന്നുന്ന പ്രകടനത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടി. കൂടെയുള്ള കൊച്ചുമിടുക്കന്‍മാരും മികവ്‌ പുലര്‍ത്തി.

മുകേഷ്‌, ജയസുര്യ, രമ്യാ നമ്പീശന്‍, വിജയ്‌ ബാബു തുടങ്ങിയ മുതിര്‍ന്ന നിരയും അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

ദൈവപരിവേഷത്തിലുള്ള ഇന്നസെണ്റ്റിണ്റ്റെ കഥാപാത്രം മാത്രം ഒരല്‍പ്പം അതിഭാവനാപരമായിപ്പോയെന്ന് തോന്നി.

ചിത്രത്തിണ്റ്റെ മ്യൂസിക്‌, ബാക്ക്‌ ഗ്രൌണ്ട്‌ സ്കോറ്‍ എന്നിവയും ഛായാഗ്രഹണവും മികച്ച്‌ നിന്നു. 

ക്ളൈമാക്സില്‍ എത്തുമ്പോള്‍ മങ്കി പെന്നിണ്റ്റെ മാന്ത്രികതയുടെ ചുരുളഴിയുന്നതോടെ ചിത്രം പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്നു.

ഈ ചിത്രത്തിണ്റ്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും അഭിനയിച്ചവരും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

 Rating : 6.5 / 10