Tuesday, September 03, 2013

കുഞ്ഞനന്തണ്റ്റെ കട


രചന, സംവിധാനം: സലിം അഹമ്മദ്‌

ഒരു ഗ്രാമപ്രദേശവും അവിടെയുള്ള കുറച്ച്‌ ചെറുകിട കച്ചവടക്കാരും അവരുടെ ജീവിതവും വികസനത്തിണ്റ്റെ ഭാഗമായി വരുന്ന ഒരു റോഡ്‌ കാരണം ചഞ്ചലപ്പെടുകയും തുടര്‍ന്ന് ഒരു വികസനോന്‍മുഖമായ പരിസമാപ്തിയിലെത്തുന്നതുമാണ്‌ കഥാതന്തു.

കുഞ്ഞനന്തണ്റ്റെ ജീവിതവും കുഞ്ഞനതണ്റ്റെ കടയും ഈ സാഹചര്യത്തിലെ പ്രധാനപ്പെട്ട ശ്രദ്ധാകേന്ദ്രങ്ങളാണ്‌.

കുറച്ചൊക്കെ ഇഴച്ചിലുണ്ടെങ്കിലും കഥ നടക്കുന്ന പരിസരവും, അവിടത്തെ കഥാപാത്രങ്ങളും ആ കാലാവസ്ഥപോലും പ്രേക്ഷകര്‍ക്ക്‌ നല്ല തോതില്‍ അനുഭവിച്ചറിയാനാകുന്നു എന്നതിലാണ്‌ ഈ സിനിമ പ്രസക്തമാകുന്നത്‌.

വികസനമെന്ന പേരില്‍ ഒരു വിഭാഗത്തിന്‌ സംഭവിക്കുന്ന വേദനകളും അതേ സമയം തന്നെ വികസനത്തിണ്റ്റെ ആവശ്യകതയേയും ഒരേ പോലെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.

പല ഘട്ടങ്ങളിലും മനപ്പൂര്‍വ്വമായ ഒരു 'അവാര്‍ഡ്‌ സിനിമാ' ലക്ഷണങ്ങളായ ഇഴച്ചിലും വേദന നിറഞ്ഞ 'വീണവായന'യും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ കുറച്ച്‌ അസ്വാരസ്യമുണ്ടാക്കി.
ഒടുവില്‍ കഥ അവസാനിപ്പിക്കുമ്പോള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ ഒരു കടയിട്ട്‌ കുഞ്ഞനന്തനെ കാണിക്കുന്നതല്ലാതെ അവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക്‌ പരിഹാരമുണ്ടായതിണ്റ്റെ കാരണസൂചകങ്ങള്‍ ഒന്നും നല്‍കാതെ എളുപ്പവഴിയില്‍ പരിസമാപ്തിയിലെത്തിച്ചു. 

അഭിനേതാക്കളെല്ലാവരും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ഛായാഗ്രഹണം, എഡിറ്റിംഗ്‌, കല, ബാക്ക്‌ ഗ്രൌണ്ട്‌ മ്യൂസിക്‌, ഗാനം തുടങ്ങിയ എല്ലാ മേഖലകളിലേയും മേന്‍മ ഈ ചിത്രത്തിണ്റ്റെ മാറ്റ്‌ കൂട്ടുവാന്‍ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌.

 മമ്മൂട്ടി തണ്റ്റെ മികച്ച അഭിനയം പുറത്തെടുത്തിരിക്കുന്നു.

നൈല ഉഷ എന്ന പുതുമുഖ നടി നല്ല പ്രകടനത്തിലൂടെ ഒരു പരിചയസമ്പന്നയായ അഭിനേത്രിയാണെന്ന പ്രതീതി ഉണ്ടാക്കുന്നു.

 പൊതുവേ പറഞ്ഞാല്‍, കുറച്ചൊക്കെ 'അവാര്‍ഡ്‌' സൂചകങ്ങളുടെ അലോസരങ്ങളുണ്ടെങ്കിലും മികച്ച ഒരു അനുഭവം സമ്മാനിക്കുന്നു ഈ കുഞ്ഞനന്തണ്റ്റെ കട.

കുഞ്ഞനന്തനെപ്പോലെത്തന്നെ പ്രേക്ഷകര്‍ക്കും ആ കടയോടും പ്രദേശത്തോടും ഒരു അടുപ്പം തോന്നിപ്പോകുന്നു എന്നതാണ്‌ ഈ ചിത്രത്തിണ്റ്റെ വിജയം.

Rating : 6.5 / 10