Thursday, January 24, 2013

റോമന്‍സ്‌ (Romans)


രചന : വൈ. വി. രജേഷ്‌
സംവിധാനം: ബോബന്‍ സാമുവല്‍

കുറ്റവാളികളായ രണ്ടുപേര്‍ (ബിജുമേനോനും കുഞ്ചാക്കോ ബോബനും) ട്രെയിനില്‍ പോലീസിനോടൊപ്പം യാത്രചെയ്യുമ്പോള്‍ രക്ഷപ്പെട്ട്‌ എത്തുന്നത്‌ പൂമാല എന്ന ഗ്രാമത്തിലാണ്‌. ഈ ഗ്രാമം മൊത്തം വിഡ്ഢികളാണ്‌ എന്ന് നമ്മള്‍ അങ്ങ്‌ സമ്മതിക്കണം... അത്‌ പല പ്രാവശ്യം ഈ രണ്ട്‌ കള്ളന്‍മാരെക്കൊണ്ട്‌ പറയിപ്പിക്കും സംവിധായകന്‍. അതു കേട്ട്‌ നമ്മള്‍ വിശ്വസിച്ചേക്കണം.

ഇനി അവര്‍ ആ ഗ്രാമത്തില്‍ പള്ളീലച്ഛന്‍മാരായി അവതരിക്കും. അവിടെ അവര്‍ വിളയാടും. അതൊക്കെ കണ്ട്‌ ആസ്വദിക്കണം. അതിന്നിടയില്‍ കുറേ ദുരൂഹുതകളും ഭയപ്പാടുകളും ഉണ്ടാക്കിക്കൊണ്ടുവരും. അതിലൊക്കെ എന്തൊക്കെയോ ഗംഭീരതകളുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം.

ഒടുവില്‍ എല്ലാം ബുദ്ധിപരമായി കണ്ടെത്തി പ്രശ്നം തീര്‍ത്ത്‌ കള്ളന്‍മാര്‍ നാട്ടില്‍ നിന്ന് പതുക്കെ മുങ്ങും. അപ്പോഴേയ്ക്കും ഇവരെ അന്വേഷിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ എത്തും. (പോക്കറ്റടിയും ചെറുകിട മോഷണവും അന്താരാഷ്ട്രാ കുറ്റകൃത്യങ്ങള്‍ ആയതുകൊണ്ട്‌ വലിയ അന്വേക്ഷണം നടത്തിയാണ്‌ ഇവരെ കണ്ടെത്തുന്നത്‌). പക്ഷെ, അപ്പോഴേയ്ക്കും ഇവര്‍ ഈ ഗ്രാമത്തില്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഓര്‍ത്ത്‌ ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍ 'നിങ്ങള്‍ക്ക്‌ ഉടനെ പുറത്തിറങ്ങാം' എന്ന് പറഞ്ഞ്‌ നമ്മള്‍ പ്രേക്ഷകരെ സമാധാനിപ്പിക്കും.

അപ്പോഴേയ്ക്കും ആ ഗ്രാമവാസികള്‍ ഇവരെ പുണ്യാളന്‍മാരായി പ്രഖ്യാപിച്ച്‌ അവര്‍ക്ക്‌ പ്രതിമ പണിയും. അവസാനം ഒരു മ്യൂസിക്‌ ബാന്‍ഡ്‌ ഇളകിയാടി സിനിമ അവസാനിപ്പിക്കും.

(കഥ മുഴുവന്‍ പറഞ്ഞുപോയി.. ക്ഷമിക്കുക).

 ഈ കഥയില്‍ ഈ രണ്ട്‌ കള്ളന്‍മാരെയും വിശ്വാസം ഇല്ലാത്ത ഒരു ഉപദേശി ഉണ്ടായിരുന്നു. അവസാനമാകുമ്പോഴേയ്ക്കും ഇയാളെ സിനിമയില്‍ കാണാനില്ല. കണ്ടിട്ട്‌ അത്യാവശ്യം ഉണ്ടായതുകൊണ്ടല്ല.. എന്നാലും ഒരു മര്യാദ വേണ്ടേ...

അതുപോലെ കുഞ്ചാക്കോ ബോബണ്റ്റെ കുടുംബ പശ്ചാത്തലമൊക്കെ പറഞ്ഞ്‌ സെണ്റ്റിയാക്കിയിട്ട്‌ പിന്നീട്‌ എന്ത്‌ സംഭവിച്ചു എന്ന് ആറ്‍ക്കും ഒരു പിടിയുമില്ല. 'എനിക്കാരുമില്ല' എന്ന് പറയുന്ന കേട്ടു. എവിടെ പോയോ എന്തോ?

ബിജുമേനോന്‍ ആണേല്‍ പിന്നെ ആകാശത്തുനിന്ന് പൊട്ടിവീണ്‌ നേരെ കള്ളനായിത്തീര്‍ന്നതുകൊണ്ട്‌ ആരേയും അന്വേഷിക്കാനില്ല.

ഈ അച്ഛന്‍മാരെ ഈ ഗ്രാമത്തിലേയ്ക്ക്‌ പറഞ്ഞുവിട്ടു എന്ന് പറയപ്പെടുന്ന ഗബ്രിയേലച്ഛന്‍ ഇവിടെ എത്തുന്നു. ഇവരെ കണ്ടിട്ട്‌ ഈ അച്ഛനും കള്ളത്തരത്തിന്‌ കൂട്ടുനില്‍ക്കുന്നു. ഈ അച്ഛന്‍ വല്ല ഇണ്റ്റര്‍നാഷണല്‍ കുറ്റവാളിയാണോ എന്ന് നമുക്ക്‌ സംശയം തോന്നാം. പക്ഷേ, പാവം... ബിഷപ്‌ ആവാന്‍ വേണ്ടിയാണത്രേ ഈ കള്ളത്തരത്തിന്‌ കൂട്ട്‌ നിന്നത്‌.

പല തവണ കണ്ട്‌ മടുത്ത കുറേ കോമഡി സംഭവങ്ങള്‍ ഉണ്ട്‌ ഈ സിനിമയില്‍.

പക്ഷേ, ഉള്ള് തുറന്ന് ചിരിക്കാവുന്ന കുറച്ച്‌ നല്ല മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ട്‌.

ബിജുമേനോന്‍ എന്ന നടണ്റ്റെ വളരെ മികച്ച ഹാസ്യാഭിനയവും നല്ല കുറച്ച്‌ ഡയലോഗുകളും ഈ ചിത്രത്തെ ഒരല്‍പ്പം ഭേദപ്പെടുത്തുന്നുണ്ട്‌. കുഞ്ചാക്കോ ബോബനും തണ്റ്റെ റോള്‍ ഭംഗിയാക്കി എന്ന് തന്നെ പറയാം.

പക്ഷേ, ഒരല്‍പ്പം സാമാന്യബുദ്ധിക്ക്‌ നിരക്കുന്ന കഥയും സംഭവങ്ങളും കൂടി ഉണ്ടായിരുന്നെങ്കില്‍ ഇതൊരു മികച്ച ചിത്രമായേനെ. ഇപ്പോള്‍ ഇത്‌ ഒരു മണ്ടന്‍ സിനിമ എന്ന് മാത്രമേ പറയാന്‍ കഴിയൂ.

ഒരു ഗ്രാമത്തെ മുഴുവന്‍ മണ്ടന്‍മാരായി ഒരു കഥ ഉണ്ടാക്കിയപ്പോള്‍ ഈ സിനിമ കാണുന്നവരും ആ ഗ്രാമത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കും എന്ന വിശ്വാസം ഇതിണ്റ്റെ സംവിധായകനും കഥാകൃത്തിനും ഉണ്ടായിരുന്നിരിക്കണം. കുറേ ഹാസ്യം വിതറി ഒരു പുകമറ സൃഷ്ടിച്ചാല്‍ പ്രേക്ഷകരെ എളുപ്പം ആ മാനസികാവസ്ഥയില്‍ എത്തിക്കാം എന്ന സൂത്രം അവര്‍ മനസ്സിലാക്കി. അത്‌ ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു എന്ന് വേണം ഈ സിനിമയുടെ സ്വീകാര്യത ചൂണ്ടിക്കാണിക്കുന്നത്‌.

Rating : 4 / 10

Sunday, January 13, 2013

അന്നയും റസൂലും (Annayum Rasoolum)


കഥ, തിരക്കഥ, സംഭാഷണം : രാജീവ്‌ രവി, സന്തോഷ്‌ എച്ചിക്കാനം, ജി. സേതുനാഥ്‌

സംവിധാനം: രാജീവ്‌ രവി

കൊച്ചിയുടെ ഉള്‍ പ്രദേശങ്ങളിലെ തനിമയില്‍ വളരെ സ്വാഭാവികതയോടെയും സത്യസന്ധതയോടെയും അവതരിപ്പിക്കപ്പെട്ട കുറേ കഥാപാത്രങ്ങളിലൂടെയാണ്‌ ഈ ചിത്രം പ്രേക്ഷകരോട്‌ സംവദിക്കുന്നത്‌.

ചെറുതും വലുതും വേഷഭേദമന്യേ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച്‌ അവരുടെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി.

ഫഹസ്‌ ഫാസില്‍ (റസൂല്‍), സണ്ണി വെയ്‌ ന്‍ (റസൂലിണ്റ്റെ സുഹൃത്ത്‌), ആന്‍ഡ്രിയ ജെറമിയ (അന്ന) തുടങ്ങിയ പ്രധാന കഥാപാത്രങ്ങളും റസൂലിണ്റ്റെ ഇക്കയായി വരുന്ന ആഷിക്‌ അബു, ഉപ്പയായി അഭിനയിച്ച രഞ്ജിത്‌ തുടങ്ങിയവരും ഈ ചിത്രത്തില്‍ തിളങ്ങി നിന്നു.

ചിത്രത്തിലെ ഗാനങ്ങളും സ്വാഭാവികതയോടെ ചേര്‍ന്ന്‌ നില്‍ക്കുന്നു.

ഇതൊക്കെയാണെങ്കിലും ഈ സിനിമയുടെ 'കഥ' എന്താണ്‌ എന്ന്‌ ചോദിച്ചാല്‍ ഒരു വരിയില്‍ തീരും. എന്നാല്‍ ആ കഥയില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടോ എന്ന്‌ പരിശോധിച്ചാല്‍ ഒന്നുമില്ലതാനും.

ഈ കഥ പറയുന്നതിന്‌ അവലംബിച്ച രീതി, കഥാപാത്രങ്ങളെ ഉപയോഗിച്ച ശൈലി എന്നിവയൊക്കെ കുറച്ച്‌ പ്രത്യേകതയുള്ളവയാണ്‌ എന്ന്‌ പറയാം.

സിനിമയില്‍ ഉടനീളം കാര്യങ്ങള്‍ 'മെല്ലെപ്പോക്ക്‌' സമ്പ്രദായമായതിനാല്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയും 'ഒന്നു വേഗം ആകട്ടെടാ..' എന്ന് വിളിച്ച്‌ പറയിപ്പിക്കാന്‍ ശേഷിയുള്ളവയുമാണ്‌ എന്നത്‌ തന്നെ ഒരു പ്രത്യേകതയാണ്‌.

ഒരു പെണ്‍ കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ പരമാവധി കാണുവാനായി പിന്നാലെ നടക്കുന്ന സംഗതികളൊക്കെ സത്യസന്ധം. പക്ഷേ, ആ പെണ്‍ കുട്ടിയെ മനുഷ്യരെ കണ്ടിട്ടില്ലാത്തപോലെ തുറിച്ച്‌ കുറേ നേരം നോക്കി നില്‍ക്കുമ്പോള്‍ നമുക്കും ഒരല്‍പം അത്ഭുതവും വിഷമവും തോന്നാം. ഇനി, ആ നോട്ടത്തിലൂടെ ഒരായിരം കാര്യങ്ങള്‍ സംവദിച്ചു എന്നൊക്കെ പറയുകയാണേല്‍ അത്‌ ഒരോരുത്തര്‍ക്ക്‌ അവരവരുടെ ഇഷ്ടത്തിന്‌ ഡയലോഗുകളായും വികാരപ്രകടനങ്ങളായും സൃഷ്ടിച്ചെടുക്കാനാവുന്നതാണ്‌.

അന്നയുടെ കുടുംബത്തെക്കുറിച്ച്‌ കാര്യമായ ഒരു വ്യക്തത നല്‍കാതെ ഒരു ആശയക്കുഴപ്പം പ്രേക്ഷകമനസ്സില്‍ സൃഷ്ടിച്ച്‌ വെച്ചത്‌ എന്തിനാണെന്ന്‌ മനസ്സിലായില്ല. അതൊക്കെ ഊഹിച്ച്‌ സ്വന്തം ഇഷ്ടത്തിന്‌ പൂരിപ്പിക്കാന്‍ ബുദ്ധിയുള്ള പ്രേക്ഷകരാണ്‌ എന്ന്‌ സ്ഥാപിച്ച്‌ പ്രേക്ഷകരെ ബഹുമാനിച്ചതാകാം.

അങ്ങനെ കുറേ ഭാഗങ്ങള്‍ പ്രേക്ഷകരുടെ മനോധര്‍മ്മം പോലെ പൂരിപ്പിച്ച്‌ ആസ്വദിക്കാനാണെങ്കില്‍ സിനിമ ഓരോരുത്തരുടെ കപ്പാസിറ്റി അനുസരിച്ച്‌ ഗംഭീരമായിരിക്കും.

സണ്ണി വേയ്‌ ന്‍ സുഹൃത്തായ റസൂലിനെ രക്ഷിക്കാന്‍ നടത്തുന്ന ഇടപെടലല്ലാതെ വേറൊന്നും പ്രേക്ഷക മനസ്സിനെ കാര്യമായി സ്വാധീനിക്കുന്നതായി അനുഭവപ്പെട്ടില്ല.

സിനിമയുടെ അവസാന രംഗങ്ങളും (വെള്ളത്തിലുള്ള ഊളിയിട്ടുകളിയും ഊരുതെണ്ടലും) അത്രയ്ക്കങ്ങ്‌ തൃപ്തികരമല്ല.

Rating : 5.5 / 10

Wednesday, January 09, 2013

ബാവൂട്ടിയുടെ നാമത്തില്‍


രചന, നിര്‍മ്മാണം: രഞ്ജിത്‌
സംവിധാനം: ജി. എസ്‌. വിജയന്‍

ഒരു വലിയ ബിസിനസ്സ്‌ കാരണ്റ്റെ നാട്ടിന്‍ പുറത്തുകാരി ഭാര്യയും കുട്ടികളും, ഇദ്ദേഹത്തിണ്റ്റെ ഡ്രൈവറും കാര്യസ്ഥനും സഹായിയുമായ ബാവൂട്ടിയും ഉള്‍പ്പെടുന്ന ഒരു ചെറിയ ചട്ടക്കൂടിലേയ്ക്ക്‌ വേറൊരാള്‍ കടന്ന് വരുകയും അത്‌ ചെറിയ അലോസരമുണ്ടാക്കുകയും ചെയ്യുന്നു. ഒടുവില്‍ ബാവൂട്ടി അത്‌ പരിഹരിക്കുന്നു. ഇതാണ്‌ കഥ.

നല്ലൊരു കഥയോ കഥാസന്ദര്‍ഭങ്ങളോ ഇല്ലാതെ ചില പ്രാദേശിക സംസാര രീതികളുടേയും ചെറിയ ചെറിയ നര്‍മ്മ സംഭാഷണങ്ങളിലൂടെയും മാത്രമായി ഒരു സിനിമ സൃഷ്ടിച്ചെടുത്തിരിക്കുന്നു. 

കാവ്യാ മാധവന്‍ അവതരിപ്പിച്ച വീട്ടമ്മ വളരെ ആകര്‍ഷണീയവും സ്വാഭാവികവുമായി തോന്നി. 

ബാവൂട്ടിയുടെ ചില പെരുമാറ്റങ്ങളും സംസാരവും ആസ്വാദ്യകരം. അതുപോലെ തന്നെ ഒാരോ കഥാപാത്രങ്ങളും നമുക്ക്‌ ഒരു ചെറുപുഞ്ചിരിയെങ്കിലും സമ്മാനിക്കും.

വിനീത്‌ അവതരിപ്പിക്കുന്ന കഥാപാത്രമാണ്‌ കഥയില്‍ ഒരു വഴിത്തിരിവുണ്ടാക്കുന്നതെങ്കിലും ആ കഥാപാത്രത്തിണ്റ്റെ അസ്ഥിത്വം വളരെ ദുര്‍ബലമാണ്‌. ഒരിക്കല്‍ ഗംഭീരതയില്‍ നിന്നിരുന്ന പ്രണയം ഒരു പ്രശ്നവും കൂടാതെ വിട്ടിട്ട്‌ പോകുകയും പിന്നീട്‌ തിരിച്ചെത്തി ദുരുപയോഗം ചെയുന്നുണ്ടെങ്കിലും വീണ്ടും ഇയാള്‍ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തുന്നതെന്തെന്ന് ഒരു പിടിയും കിട്ടില്ല.

ബാവൂട്ടിയുടെ നന്‍മ കാണിക്കാനായി ഒടുവില്‍ കുറേ കാശ്‌ കൊടുക്കലും കൂടിയായപ്പോള്‍ പൂര്‍ത്തിയായി.

 വാത്സല്യം എന്ന സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിണ്റ്റെ ഒരു ചെറിയ നിഴല്‍ മാത്രമാകുന്നു ബാവൂട്ടി. സംസാര രീതിയില്‍ ചെറിയൊരു മാറ്റവും പ്രവര്‍ത്തിയില്‍ കുറച്ചുകൂടി തണ്റ്റേടവും... അത്രയെ വ്യത്യസമുള്ളു..

ഹോം വീഡിയോ ഷൂട്ടിങ്ങെന്നൊക്കെ പറഞ്ഞ്‌ ശരിക്ക്‌ ബോറടിപ്പിക്കുന്ന കുറേ സീനുകളുമുണ്ട്‌ ഈ ചിത്രത്തില്‍.

പൊതുവേ പറഞ്ഞാല്‍ വലിയ കാമ്പൊന്നുമില്ലെങ്കിലും കുറച്ച്‌ രസകരമായ സംഭവങ്ങളും സംഭാഷണങ്ങളുമായി മാനസിക പീഠനങ്ങളില്ലാതെ കണ്ടിരിക്കാം.

Rating: 5 /10