Wednesday, December 26, 2012

ഡാ തടിയാ


കഥ, തിരക്കഥ, സംഭാഷണം: ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍, അഭിലാഷ്‌ എസ്‌ കുമാര്‍
സംവിധാനം : ആഷിക്‌ അബു
നിര്‍മ്മാണം : ആണ്റ്റോ ജോസഫ്‌

തടിയനായ കേന്ദ്ര കഥാപാത്രത്തിണ്റ്റെ ബാല്യം മുതലുള്ള ചില സംഗതികളൊക്കെ അദ്ദേഹത്തിണ്റ്റെ കസിന്‍ സഹോദരനായ ശ്രീനാഥ്‌ ഭാസിയിയെക്കൊണ്ട്‌ വിവരിച്ച്‌ വര്‍ണ്ണിച്ച്‌ കഥ ഒന്ന് പൊക്കിയെടുക്കുമ്പോഴേയ്ക്ക്‌ ഒരു വിധം സമയം ആകും. പ്രീക്ഷകര്‍ക്ക്‌ തരക്കേടില്ലാതെ ബോറടിക്കുമെങ്കിലും ശ്രിനാഥ്‌ ഭാസിയുടെ കെട്ടും മട്ടും ഡയലോഗുകളും ആ ബോറടിയുടെ തീവ്രത ഒരു വിധം നന്നായി ലഘൂകരിക്കും.

 തുടര്‍ന്നങ്ങോട്ട്‌ ആന്‍ അഗസ്റ്റിണ്റ്റെ ഇടപെടലുകളും ആയുര്‍വ്വേദം ഉപയോഗിച്ചുള്ള ചില ഗിമ്മിക്കുകളും തടിയണ്റ്റെ അതിജീവനങ്ങളുമൊക്കെയായി കഥ വലിയ ഉപദ്രവമില്ലാതെ അവസാനിക്കും.

പൊതുവേ പറഞ്ഞാല്‍ അല്‍പസ്വല്‍പം ബോറടിയൊക്കെയുണ്ടെങ്കിലും നിരുപദ്രവകാരിയായ ഒരു ചിത്രം....

ചില രസകരമായ സന്ദര്‍ഭങ്ങളും ഫോറ്‍ട്ട്‌ കൊച്ചി സ്ളാങ്ങിലുള്ള ഉഗ്രന്‍ ചില ഡയലോഗുകളും ഈ ചിത്രത്തെ ഒരു ഭേദപ്പെട്ട അവസ്ഥയിലെത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്‌.

ആയുര്‍വ്വേദ ആചാര്യനായി ഉപയോഗിക്കാന്‍ ഒരു നാടകനടനെ കെട്ടിയിട്ട്‌ ഒളിവില്‍ പാര്‍പ്പിച്ചു എന്നൊക്കെയുള്ള ബുദ്ധി കുറച്ച്‌ ഒാവറായിപ്പോയി.

ചിത്രത്തിലെ ഗാനങ്ങളും മറ്റും രസകരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ശേഖര്‍ മേനോനും ശ്രീനാഥ്‌ ഭാസിയും മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു.

നിവിന്‍ പോളി തണ്റ്റെ റോള്‍ നന്നായി കൈകാര്യം ചെയ്തു.

ആന്‍ അഗസ്തിനെ സഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്‌.

ശ്രീനാഥ്‌ ഭാസിയുടെ ചില രസികന്‍ ഡയലോഗുകള്‍ ചിത്രം കഴിഞ്ഞാലും കുറച്ച്‌ നാള്‍ ആയുസ്സോടെ ഒാര്‍മ്മയില്‍ നില്‍ക്കുമായിരിക്കും.

Rating : 5.5 /10

കര്‍മ്മയോദ്ധാ


 രചന, സംവിധാനം : മേജര്‍ രവി

'സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ മൊബൈല്‍ ഫോണ്‍ നിയന്ത്രണമില്ലാതെ കൊടുക്കരുത്‌',
'നിങ്ങളുടെ ജോലിത്തിരക്കുകള്‍ക്കിടയില്‍ പ്രായപൂര്‍ത്തിയായി വരുന്ന കുട്ടികളെ വേണ്ടത്ര ശ്രദ്ധിച്ചുവളര്‍ത്താന്‍ ശ്രദ്ധിക്കണം' എന്നീ രണ്ട്‌ ഉപദേശങ്ങള്‍ എഴുതിക്കാണിച്ച്‌ അവസാനിപ്പിച്ചിരുന്നെങ്കില്‍ ഈ സിനിമ ഇത്ര ദുസ്സഹമാവുമായിരുന്നില്ല.

'ബ്രൂട്ടല്‍ എന്‍ കൌണ്ടര്‍ സ്പെഷലിസ്റ്റ്‌' ആയി മാഡ്‌ മാഡി (മാധവന്‍) യെക്കൊണ്ട്‌ എന്തൊക്കെയോ ചെയ്യിക്കാന്‍ മേജര്‍ രവി ശ്രമിച്ചപ്പോള്‍ സിനിമ കാണാനിരിക്കുന്നവരെ വട്ടാക്കണം എന്നൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നിരിക്കണം.

ഇനി ഒരിക്കലും ഈ മേജറുടെ പടം കാണില്ലെന്ന് ശപഥം ബാക്കിയുള്ളവരെക്കൂടി  എടുപ്പിക്കാന്‍  അദ്ദേഹത്തിന്‌ പുഷ്പം പോലെ സാധിച്ചിരിക്കുന്നു.

ഈ ചിത്രത്തിലെ സെണ്റ്റി'മെണ്റ്റല്‍' സീനുകളിലെല്ലാം തീയ്യറ്ററില്‍ ചിരി പടര്‍ന്നത്‌ ഒരു കൌതുകമായി. മേജര്‍ രവിക്ക്‌ അഭിമാനിക്കാം.

ഒരു സ്ത്രീയെ ഒാഫീസിലെ മേലധികാരി കൂടുതല്‍ സമയം ജോലി ചെയ്യിക്കുകയും ആ സ്ത്രീയോടുള്ള തണ്റ്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പാവം ഈ സ്തീ ഗതിയില്ലാതെ ഈ ജോലി ചെയ്യുകയാണെന്ന ഒരു അനുകമ്പ തോന്നും. പിന്നീട്‌ അത്‌ മാഡ്‌ മാഡിയുടെ ഭാര്യയായിരുന്നു എന്ന സത്യം മനസ്സിലാക്കുന്ന പ്രേക്ഷകന്‍ പിന്നെന്ത്‌ പറയാന്‍?

ഭ്രാന്തന്‍ സ്വഭാവമുള്ള വില്ലനും ഈ ചിത്രത്തിന്‌ പെര്‍ഫക്റ്റ്‌...

മാഡ്‌ മാഡി കാരണം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നഷ്ടപ്പെട്ടുപോയ ഒരു 'പ്രധാന' അവയവത്തിണ്റ്റെ വേദന പ്രതികാരമായി കൊണ്ട്‌ നടന്ന് മാഡിയുടെ മകള്‍ക്ക്‌ പതിമൂന്ന് വയസ്സാവാന്‍ കാത്തിരുന്ന ആ പ്രതികാരദാഹം വളരെ പ്രത്യേകതയുള്ള കഥാതന്തു തന്നെ... നമിച്ചു മേജര്‍.... നമിച്ചു...

കൂടുതലൊന്നും പറയാനില്ല.

Rating : 2 / 10 

Tuesday, December 18, 2012

ചാപ്റ്റേര്‍സ്‌ (Chapters)

 രചന, സംവിധാനം: സുനില്‍ ഇബ്രാഹിം

നാല്‌ ചാപ്റ്ററുകളിലായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ സിനിമയുടെ ആദ്യത്തെ ചാപ്റ്റര്‍ ദയനീയമായിരുന്നു. ആ ചാപ്റ്റര്‍ തികച്ചും ബാലിശവും വളരെയധികം ബോറടിപ്പിക്കുന്നതുമായിരുന്നു.

ഒരു പണിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ്‌ നടക്കുന്ന മകനോട്‌, പെങ്ങളുടെ കല്ല്യാണത്തിന്‌ വേണ്ടുന്ന പണം ഉണ്ടാക്കിക്കൊണ്ടുവരാന്‍ പറയേണ്ടി വരുന്ന ഒരു അച്ഛണ്റ്റെ ഗതികേട്‌... അതും അതിലും ദയനീയമായ അവസ്ഥയില്‍ തേരാപാരാ നടക്കുന്ന സുഹൃത്തുക്കളുടെ സഹായം ചോദിക്കാനുള്ള ഒരു ഉപദേശവും... എന്നിട്ടോ... നാഗമാണിക്യം ഉണ്ടാക്കാനുള്ള ഒരു പ്ളാനും.... സഹിക്കില്ല....

ഇതാണ്‌ തുടക്കത്തിലെ ഗതിയെങ്കിലും തുടര്‍ന്നുള്ള ചാപ്റ്റേര്‍സിലൂടെ നാല്‌ കഥകളേയും ബന്ധിപ്പിക്കുന്നതില്‍ കാണിച്ചിരിക്കുന്ന മിടുക്ക്‌ എടുത്ത്‌ പറയേണ്ടത്‌ തന്നെയാണ്‌.

ആദ്യ ചാപ്റ്ററിലെ 'പെങ്ങള്‍' ഏതെന്ന് പ്രക്ഷകന്‍ തിരിച്ചറിയുന്നതുള്‍പ്പെടെ ചാപ്റ്ററുകളിലൂടെയുള്ള കഥാപാത്രങ്ങളുടെ സഞ്ചാരത്തിണ്റ്റെ തിരിച്ചറിയുന്നതിണ്റ്റെ ഒരു സുഖവും അവസാന സീനില്‍ കൊണ്ടെത്തിച്ചേരുമ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്ന ചിന്തയും ഈ ചിത്രത്തെ ഒരു പ്രത്യേകതയുള്ളതാണെന്ന് പറയാന്‍ തക്കതാക്കുന്നു.

ഭൂരിഭാഗവും യുവതാരങ്ങളെ ഉള്‍പ്പെടുത്തി മോശമല്ലാത്ത ഒരു ചിത്രം ഉണ്ടാക്കാന്‍ സുനില്‍ ഇഹ്രാഹിമിന്‌ സാധിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

Rating : 4.5 / 10

ചേട്ടായീസ്‌

കഥ, തിരക്കഥ, സംഭാഷണം: സച്ചി
സംവിധാനം : ഷാജൂണ്‍ കാര്യാല്‍

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അഞ്ച്‌ സുഹൃത്തുക്കളും അവര്‍ക്കിടയിലെ സൌഹൃദവും ആ സൌഹൃദത്തിണ്റ്റെ ആഘോഷങ്ങളും അതുകൊണ്ടുണ്ടാകുന്ന കൊച്ച്‌ കൊച്ച്‌ പ്രശ്നങ്ങളും ചേര്‍ന്നതാണ്‌ ഈ ചിത്രം.

കഥ എന്ന് പറയാന്‍ ഒന്നും തന്നെ ഇല്ലെങ്കിലും ഈ അഞ്ച്‌ പേരുടെ ആഘോഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വളരെ ലളിതമായി ആസ്വദിക്കാവുന്ന കുറേ സംഗതികള്‍ പ്രേക്ഷകര്‍ക്ക്‌ ലഭിക്കുന്നു.

സീരിയസ്‌ എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ പോലും ഹാസ്യത്തിണ്റ്റെ സാന്നിദ്ധ്യം കൊണ്ട്‌ ഈ ചിത്രം വളരെ ലളിതമായി പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കത്തക്കതാകുന്നു.

പുതുമുഖ നായിക ഒരു തുടക്കക്കാരിയുടെ പ്രശ്നങ്ങളില്ലാതെ ഭംഗിയായി തണ്റ്റെ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

വലിയ ഉപദ്രവമില്ലാതെ കുറച്ച്‌ രസകരമായി കാര്യമായ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം.

Rating : 5 / 10 

101 വെഡ്ഡിങ്ങ്സ്‌

കഥ, തിരക്കഥ, സംഭാഷണം : ഷാഫി, കലവൂര്‍ രവികുമാര്‍
സംവിധാനം: ഷാഫി

വളരെ ബാലിശവും ബോറനുമായ ഒരു കഥാപശ്ചാത്തലവും അതിന്‍ ഹാസ്യം സൃഷ്ടിക്കാന്‍ മെനക്കെട്ട്‌ നടത്തുന്ന ശ്രമങ്ങളും കൊണ്ട്‌ ഈ ചിത്രം പ്രക്ഷകനെ ഒരു വിധം വെറുപ്പിക്കാന്‍ പാകത്തിന്‌ ഉപകാരപ്പെട്ടിരിക്കുന്നു.

വളരെ കുറച്ച്‌ സന്ദര്‍ഭങ്ങളില്‍ അല്‍പം കോമഡി ഉണ്ടെന്നൊക്കെ തോന്നുമെങ്കിലും പൊതുവേ ഇതൊരു ബോറന്‍ ചിത്രമെന്ന് തന്നെ പറയാം.

സെണ്റ്റിമെണ്റ്റ്സ്‌ കാര്യങ്ങളിലൊക്കെ എത്തുമ്പോള്‍ കാര്യങ്ങള്‍ വളരെ ദയനീയാവസ്ഥയില്‍ എത്തിച്ചേരുന്നതും കാണാം.

വെറുപ്പിക്കാനല്ലാതെ ഗാനങ്ങളൊന്നും ഈ ചിത്രത്തിന്‌ ഗുണം ചെയ്തിട്ടില്ലെന്ന് തന്നെ പറയാം.

ജയസൂര്യ ഒഴികെ മറ്റുള്ളവരെല്ലാം കാര്യമായ അഭിനയപാടവം (ഉണ്ടെങ്കിലും ഇല്ലെങ്കിലും) ഒന്നും പുറത്തെടുക്കേണ്ടി വന്നില്ല എന്നതാണ്‌ സത്യം.

Rating : 3.5  / 10

മൈ ബോസ്‌ (My Boss)

രചന, സംവിധാനം: ജിത്തു ജോസഫ്‌

നല്ലൊരു കഥാ പശ്ചാത്തലം ഉള്ളതിനാല്‍ അതിനെ ശരിയ്ക്കും ഉപയോഗപ്പെടുത്തി വേണ്ടത്ര ഹാസ്യാത്മകമായി ഒരുവിധം പൂര്‍ണ്ണതയില്‍ ഈ ചിത്രം കൊണ്ടുചെന്നെത്തിക്കാന്‍ ജിത്തു ജോസഫിന്‌ സാധിച്ചിരിക്കുന്നു.

കൃത്യമായ കോപ്പിയടിയാണെങ്കിലും പ്രേക്ഷകരെ ആസ്വദിപ്പിക്കാനാകുന്നു എന്നത്‌ തന്നെയാണ്‌ ഈ ചിത്രത്തിണ്റ്റെ വിജയരഹസ്യം.

ബോസ്സ്‌ ആയും തുടര്‍ന്ന് ഭാര്യയായുള്ള അഭിനയസന്ദര്‍ഭങ്ങളിലും മമത മോഹന്‍ ദാസിണ്റ്റെ പ്രകടനം ഗംഭീരമായിരുന്നതുകൊണ്ടും ഈ സന്ദര്‍ഭത്തിനനുസരിച്ച്‌ ദിലീപ്‌ എന്ന നടണ്റ്റെ ഹാസ്യാത്മകമായ ഇടപെടലുകളും ഈ ചിത്രം രസകരമാക്കാന്‍ സാധിച്ചിരിക്കുന്നു.

നായകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നതിണ്റ്റെ കാരണം എന്തോ ഗംഭീരസംഭവമാണെന്നൊക്കെ തോന്നിപ്പിക്കുമെങ്കിലും അതിണ്റ്റെ സത്യാവസ്ഥ അറിയുമ്പോള്‍ പ്രേക്ഷകര്‍ ഇളിഭ്യരാകും... 'അച്ഛന്‍ ഒന്ന് സൂക്ഷിച്ചു നോക്കി, അമ്മ ചിരിച്ചില്ല' തുടങ്ങിയ എന്തോ നിസ്സാര സംഭവം.

സിനിമകളില്‍ കണ്ടുമടുത്ത പല കഥാപാത്രങ്ങളും സംഭവങ്ങളും ഉണ്ടെങ്കിലും പൊതുവേ ഒരു ആസ്വാദനസുഖം നിലനിര്‍ത്താന്‍ സാധിച്ചിരിക്കുന്നു എന്നതുകൊണ്ട്‌ തന്നെ ഈ ചിത്രം പ്രേക്ഷകമനസ്സ്‌ കയ്യടക്കി എന്ന് തന്നെ പറയാം.

Rating : 5.5 / 10