Monday, August 13, 2012

സിംഹാസനം

രചന, സംവിധാനം: ഷാജി കൈലാസ്


ഷാജി കൈലാസ് സംവിധാനം ചെയ്ത പഴയ പടങ്ങളുടെ പ്രധാന ഭാഗങ്ങൾ എടുത്ത് തുന്നിച്ചേർത്ത് പുതിയ സിനിമ എന്ന് പേരുമിട്ട് ഇറക്കിയിരിക്കുന്ന ചിത്രമാണ്‌ സിംഹാസനം.

നാട്ടിലെ പ്രമാണിയായ ഒരാൾ, ചുറ്റും വാല്ല്യക്കാർ, ആശ്രിതർ, നാട്ടുകാർ, അമ്പലം, ഉൽസവം.

ആ നാട്ടിൽ തന്നെ വേറെയും ശത്രു തറവാട്ടുകാർ ഉണ്ടാകുമല്ലോ... പക്ഷേ, ഉഷാർ പോരാ...

അച്ഛൻ പ്രമാണി കേരളത്തിലെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെ വരെ രാഷ്ട്രീയക്കാരെയും പ്രമാണിമാരെയും നിയന്ത്രിക്കാൻ കഴിയുന്നത്ര ഗംഭീരൻ. മകൻ ബാംഗ്ലൂരിൽ പഠിക്കുന്നു. പക്ഷേ, അച്ഛന്റെ മകനായതിനാൽ ചെറിയ ചെറിയ ഇടപെടലിലൂടെ സാവധാനം അച്ഛനെ സംരക്ഷിക്കാനും അച്ഛനുശേഷം സിംഹാസനം ഏറ്റെടുക്കാനും സാഹചര്യങ്ങൾ കൊണ്ടെത്തിക്കുന്നു എന്ന തരത്തിലാണ്‌ കഥ എന്നുപറയുന്ന സാധനത്തിന്റെ പോക്ക്.

ഷാജികൈലാസ് എഴുതിവെച്ചിട്ടുള്ള പല ഡയലോഗുകളും ചരിത്രരേഖകളിൽ സ്ഥാനം പിടിക്കാൻ പോന്നവയാണ്‌. പക്ഷേ, തലയ്ക്ക് വെളിവുള്ളവർ ആരും അത് ശ്രദ്ധിക്കാത്തതിനാൽ കുഴപ്പമുണ്ടാകാനിടയില്ല.

ഉദാഹരണം: ഹിംസയെ ഹിംസകൊണ്ട് നേരിടുന്നതാണ്‌ അഹിംസ.

ഇത് സാമ്പിൾ... ഇതുപോലെ ഇഷ്ടം പോലെയുണ്ട്.

ഷാജി കൈലാസിന്‌ തന്റെ പഴഞ്ചൻ വിശ്വാസങ്ങളും രീതികളും ആഖ്യാനത്തിൽ കൊണ്ടുവരുന്നതിൽ വല്ലാത്ത ഒരു അപകർഷതാബോധം ഉണ്ട് എന്നത് വളരെ വ്യക്തം. അത് മൂടിവെക്കാനായി ഇദ്ദേഹം പല ഡയലോഗുകളും തള്ളിക്കയറ്റി ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ‘പുതിയ തലമുറയുടെ ഈ കാലത്ത്, ’ശാസ്ത്രം വളർന്ന് ഈ കാലഘട്ടത്തിൽ‘, ഇങ്ങനെയൊക്കെയുള്ള ആചാരങ്ങളും രീതികളും വേണോ എന്നൊക്കെ പാവം പ്രിഥ്യിരാജിനെക്കൊണ്ട് ചോദിപ്പിച്ച് ചിലരെക്കൊണ്ടൊക്കെ ഉത്തരം പറയിപ്പിച്ച് സംതൃപ്തി അടയുന്നുണ്ട്.

ആദ്യത്തെ ഗാനരംഗത്തിലുൾപ്പെടെയുള്ള പ്രിഥ്യിരാജിന്റെ തുടക്കത്തെ കുറേ സമയത്തെ അഭിനയം ദയനീയമായിരുന്നു. പക്ഷേ, തുടർന്നങ്ങോട്ട് ഒരു വിധം മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്. സംഘട്ടനങ്ങളും മികവ് പുലർത്തി. സായികുമാർ, സിദ്ദിഖ് തുടങ്ങിയ മറ്റെല്ലാവരും പതിവിൻ പടി അവരുടെ ജോലി ചെയ്തു.

രണ്ട് നായികമാരെക്കൊണ്ട് പ്രേമിപ്പിക്കലും അതിന്റെ കൊമ്പ്ലിക്കേഷനും എല്ലം മഹാ ബോർ എന്നല്ലാതെ ഒന്നും പറയാനില്ല.


Rating: 2 / 10